
കുറച്ചുദിവസമായി രാജ്യം വലിയ അനിശ്ചിതാവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ഡൽഹിയിൽ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിൽ പാകിസ്ഥാന് ബന്ധമുണ്ടെന്ന സംശയം ശക്തിപ്പെടുന്നു. ആദ്യ ദിവസങ്ങളിൽ ഇത് സംബന്ധിച്ച് സൂചനയുണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞദിവസം കേന്ദ്ര മന്ത്രിസഭായോഗത്തിൽ ഭീകരാക്രമണമാണെന്ന് സ്ഥിരീകരിച്ചു. ചെങ്കോട്ട പോലെ നിയന്ത്രണാതീതമായ തിരക്കുള്ള സ്ഥലത്ത് സ്ഫോടനത്തിനുപയോഗിച്ച കാർ മൂന്നുമണിക്കൂറോളം കിടന്നു. സുരക്ഷ കർശനമാക്കേണ്ടതിന്റെ ആവശ്യകതയാണിത് സൂചിപ്പിക്കുന്നത്.
ഇന്ത്യയുടെ പുതിയ സിദ്ധാന്തമനുസരിച്ച് പാകിസ്ഥാൻ ഏതെങ്കിലും തരത്തിൽ ഭീകരവാദത്തിൽ ഏർപ്പെടുകയാണെങ്കിൽ ഓപ്പറേഷൻ സിന്ദൂർ സ്വാഭാവികമായി പ്രവർത്തിച്ചുതുടങ്ങും. അതായത് പാകിസ്ഥാന്റെ പങ്ക് വ്യക്തമായാൽ ഇന്ത്യ യുദ്ധത്തിന് ഇറങ്ങേണ്ടിവരും. കേന്ദ്രം പാകിസ്ഥാന്റെ പേര് സൂചിപ്പിച്ചില്ലെങ്കിലും നിലവിലെ തെളിവുകൾ വിരൽചൂണ്ടുന്നത് പാകിസ്ഥാനിലേയ്ക്ക് തന്നെയാണ്. ഫരീദാബാദ് അൽ ഫലാ യൂണിവേഴ്സിറ്റി ക്യാമ്പസിലെ 17-ാം നമ്പർ ഹോസ്റ്റൽ കെട്ടിടത്തിലെ 13-ാം നമ്പർ മുറിയിലാണ് സ്ഫോടനം നടത്താനുള്ള പദ്ധതി തയാറാക്കിയതെന്നാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. പങ്കാളികളിൽ ഡോക്ടർമാർ ഉൾപ്പെടെയുണ്ട്. സ്ഫോടകവസ്തുക്കൾ അടക്കം പിടിച്ചെടുത്ത കേസിൽ പ്രതിയായ ഇതേ യൂണിവേഴ്സിറ്റിയിലെ അദ്ധ്യാപകൻ ഡോ. മുസമ്മിൽ അഹമ്മദ് ഗനായിയുടെ മുറിയാണിത്. യൂണിവേഴ്സിറ്റിക്ക് അംഗീകാരം ഇല്ലായിരുന്നെന്നും ഇസ്ലാമിക പഠനം മാത്രമാണ് അവിടെ നടന്നതെന്നുമാണ് വിവരം. ആക്രമണത്തിനുപയോഗിച്ച സ്ഫോടകവസ്തുക്കൾ പലതും മുൻപ് പാകിസ്ഥാൻ ഉപയോഗിച്ചിട്ടുള്ളതാണ്. ഇതെല്ലാം വിരൽചൂണ്ടുന്നത് പാകിസ്ഥാനിലേയ്ക്കാണ്. ചത്തത് കീചകനാണെങ്കിൽ കൊന്നത് ഭീമൻ തന്നെയാണല്ലോ. ഇന്ത്യയ്ക്കെതിരെ ഇത്തരമൊരു ആക്രമണത്തിന് പാകിസ്ഥാനല്ലാതെ മറ്റാർക്കാവും സാധിക്കുകയെന്ന ചോദ്യവും പ്രസക്തമാണ്.
സ്ഥിരീകരിക്കാത്തത് ആശ്വാസം
പാകിസ്ഥാന്റെ പങ്ക് ഇനിയും സ്ഥിരീകരിക്കാത്തത് ആശ്വാസകരമാണ്. കാരണം യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമായിരിക്കും. ആക്രമണത്തിന് പിന്നിൽ ജെയ്ഷെ മുഹമ്മദിന്റെ പേരും കേൾക്കുന്നുണ്ട്. ഇനി ആഭ്യന്തര ആക്രമണമാണെങ്കിൽ സംഭവത്തിന്റെ പ്രസക്തി കുറയും. എങ്കിൽ പോലും എന്തുകൊണ്ട് ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കുന്നുവെന്ന ചോദ്യങ്ങൾ ബാക്കിയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |