
ചെന്നൈ : രാജസ്ഥാൻ റോയൽസിൽ നിന്ന് ചെന്നൈ സൂപ്പർ കിംഗ്സിലേക്കുള്ള മലയാളി താരം സഞ്ജു സാംസന്റെ കൂടുമാറ്റം അന്തിമഘട്ടത്തിൽ. ഇരു ടീമുകളും തമ്മിൽ സഞ്ജുവിന്റെ കാര്യത്തിൽ തീരുമാനത്തിലെത്തിയെന്നും ഇതിന് ബി.സി.സി.ഐയുടെ അനുമതി ലഭിച്ചാലുടൻ കരാർ ഒപ്പിടുമെന്നും ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും അറിയുന്നു. ആൾറൗണ്ടർമാരായ രവീന്ദ്ര ജഡേജയേയും സാം കറനെയും പകരം നൽകിയാണ് ചെന്നൈ സഞ്ജുവിനെ വാങ്ങുന്നത്.
കഴിഞ്ഞ സീസണിനാെടുവിൽ രാജസ്ഥാൻ റോയൽസുമായി സഞ്ജു മാനസികമായി അകന്നിരുന്നു. ടീമിൽ നിന്ന് ഒഴിവാക്കാൻ സഞ്ജു അഭ്യർത്ഥിച്ചെങ്കിലും ഇപ്പോഴാണ് രാജസ്ഥാൻ തയ്യാറായത്. അടുത്ത വർഷം 45 തികയുന്ന മഹേന്ദ്രസിംഗ് ധോണിക്ക് പകരക്കാരനെ ക്യാപ്ടൻസിയിലും വിക്കറ്റ് കീപ്പിംഗിലും കണ്ടെത്താൻ ചെന്നൈ സൂപ്പർ കിംഗ്സിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ രണ്ട് സ്ഥാനത്തേക്കും സഞ്ജു തികച്ചും യോഗ്യനാണ് എന്നതാണ് ചെന്നൈ തേടിയെത്താൻ കാരണം. ജഡേജയേയും റുതുരാജിനെയുമൊക്കെ ക്യാപ്ടൻസി ഏൽപ്പിച്ച് ധോണി പിന്മാറാനുള്ള ഒരുക്കം മുൻ സീസണുകളിൽ നടത്തിയെങ്കിലും ഫലവത്തായിരുന്നില്ല. അഞ്ചുസീസണുകളിൽ രാജസ്ഥാനെ നയിച്ച് പരിചയമുള്ള സഞ്ജു ധോണിയുടെ യഥാർത്ഥ പിൻഗാമിയാകുമെന്നതിൽ സംശയമില്ല. അങ്ങനെയെങ്കിൽ ഈ സീസണിൽ ധോണിക്ക് വിരമിക്കാനും കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |