
ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് ഇന്നുമുതൽ കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ
9.30 am മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്റ്റാറിലും ലൈവ്
കൊൽക്കത്ത : ഇന്ത്യയും ലോക ടെസ്റ്റ് ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് കൊൽക്കത്തയിലെ വിഖ്യാതമായ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തുടക്കമാകും. ആറുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഈഡൻ ടെസ്റ്റ് ക്രിക്കറ്റിന് വേദിയാകുന്നത്.
ജൂണിൽ നടന്ന ഫൈനലിൽ ഓസ്ട്രേലിയെ അഞ്ചുവിക്കറ്റിന് തോൽപ്പിച്ച് ചരിത്രത്തിലാദ്യമായി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കൾക്കുള്ള ചെങ്കോലേറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കൻ നായകൻ ടെംപ ബൗമയുടെ നേതൃതത്വത്തിലാണ് ഇന്ത്യയിലേക്കും സന്ദർശകർ എത്തുന്നത്. ലോക ചാമ്പ്യന്മാരായശേഷം ജൂലായ്‌യിൽ സിംബാബ്‌വേയ്ക്ക് എതിരെ രണ്ടുമത്സരപരമ്പര നേടിയ ദക്ഷിണാഫ്രിക്ക കഴിഞ്ഞമാസം പാകിസ്ഥാനിലെത്തി രണ്ടുമത്സരപരമ്പര 1-1ന് സമനിലയിലാക്കിയിരുന്നു. ലോകചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇടം പിടിക്കാതിരുന്ന ഇന്ത്യ ശുഭ്മാൻ ഗിൽ എന്ന പുതിയ നായകന് കീഴിൽ ഇംഗ്ളണ്ട് പര്യടനവും കഴിഞ്ഞമാസം വിൻഡീസിന് എതിരായ രണ്ട് ടെസ്റ്റുകളുടെ പരമ്പരയും കഴിഞ്ഞാണ് ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ കളിക്കാൻ ഇറങ്ങുന്നത്. അഞ്ചുടെസ്റ്റുകളുടെ ഇംഗ്ളണ്ട് പര്യടനം 2-2ന് സമനിലയിലാക്കിയ ഗില്ലും കൂട്ടരും വിൻഡീസിനെതിരെയുള്ള രണ്ട് മത്സരങ്ങളിലും നേടിയത് മിന്നും വിജയം. ലോകചാമ്പ്യന്മാർക്ക് എതിരെ പരമ്പര നേടിയ അടുത്ത ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ മുന്നിലേക്ക് എത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം.
ഇംഗ്ളണ്ട് പര്യടനത്തിനിടെ പരിക്കേറ്റ വിശ്രമത്തിലായിരുന്ന റിഷഭ് പന്തിന്റെ തിരിച്ചുവരവാണ് ഈ പരമ്പര. ഉപനായകനായെത്തുന്ന റിഷഭിനൊപ്പം ആഭ്യന്തരക്രിക്കറ്റിൽ മികച്ചഫോം കാഴ്ചവയ്ക്കുന്ന വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിനെയും ഇന്ത്യ ടീമിലെടുത്തിട്ടുണ്ട്. ഇരുവരെയും ഒരുമിച്ച് പ്ളേയിംഗ് ഇലവനിലിറക്കിയേക്കും. പതിനഞ്ചംഗ ടീമിൽ അംഗമായിരുന്ന നിതീഷ് കുമാർ റെഡ്ഡിയെ ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകളുടെ ഏകദിന പരമ്പരയ്ക്കുളള ടീമിലേക്ക് മാറ്റിയിട്ടുണ്ട്. രണ്ടാം ടെസ്റ്റിൽ നിതീഷ് തിരിച്ചെത്തും. യശസ്വി ജയ്സ്വാൾ - ഗിൽ ഓപ്പണിംഗ് സഖ്യവും കെ.എൽ രാഹുൽ, സായ് സുദർശൻ,ദേവ്‌ദത്ത് പടിക്കൽ എന്നീ മുൻനിരക്കാരുമാണ് ഇന്ത്യൻ ബാറ്റിംഗിന്റെ കരുത്ത്. ആൾറൗണ്ടർമാരായി ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ എന്നിവരുണ്ട്. മൂവരും മികച്ച ഫോമിലാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നർ കുൽദീപിന് കടുത്ത മത്സരമാണ് മൂവരും നൽകുന്നത്. കൊൽക്കത്തയിലെ പിച്ച് പേസിനെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടൽ അങ്ങനെയെങ്കിൽ ബുംറ, സിറാജ്, ആകാഷ്ദീപ് എന്നീ പേസർമാർക്കാവും അന്തിമ ഇലവനിൽ പ്രാധാന്യം.
ബൗമയ്ക്കൊപ്പം ഡി സോർസി,എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, റയാൻ റിക്കിൾടൺ,ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരാണ് ദക്ഷിണാഫ്രിക്കൻ നിരയിലെ സ്പെഷ്യലിസ്റ്റ് ബാറ്റർമാർ. മാർക്കോ യാൻസെൻ,വിയാൻ മുൾഡർ, സേനുരൻ മുത്തുസ്വാമി എന്നീ ആൾറൗണ്ടർമാരും സ്പെഷ്യലിസ്റ്റ് പേസറായി കാഗിസോ റബാദയുമുണ്ട്. കേശവ് മഹാരാജാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർ.
ടീമുകൾ ഇവരിൽ നിന്ന്
ഇന്ത്യ : ശുഭ്മാൻ ഗിൽ (ക്യാപ്ടൻ),യശസ്വി ജയ്സ്വാൾ ,കെ.എൽ രാഹുൽ,സായ് സുദർശൻ, ദേവ്‌ദത്ത് പടിക്കൽ, റിഷഭ് പന്ത്, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, അക്ഷർ പട്ടേൽ, കുൽദീപ് യാദവ്,ബുംറ, സിറാജ്, ആകാഷ്ദീപ് .
ദക്ഷിണാഫ്രിക്ക : ടെംപ ബൗമ (ക്യാപ്ടൻ), ടോണി ഡി സോർസി,എയ്ഡൻ മാർക്രം, ഡെവാൾഡ് ബ്രെവിസ്, റയാൻ റിക്കിൾടൺ,ട്രിസ്റ്റൺ സ്റ്റബ്സ്,കെയ്ൽ വെറാനേ, സുബൈർ ഹംസ,കോർബിൻ ബോഷ്,മാർക്കോ യാൻസെൻ,വിയാൻ മുൾഡർ, സേനുരൻ മുത്തുസ്വാമി , കാഗിസോ റബാദ,കേശവ് മഹാരാജ്,സൈമൺ ഹാർമർ.
പിച്ച്
ഈഡനിലെ പിച്ച് പ്രഭാതത്തിൽ പേസ് ബൗളർമാരെ പിന്തുണയ്ക്കുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. പിന്നീട് ബാറ്റിംഗിന് സഹായകരമായി മാറും. മത്സരത്തിന് മഴ ഭീഷണിയില്ല.
44
ടെസ്റ്റുകളിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയത്.
18
മത്സരങ്ങളിൽ വിജയിച്ചത് ദക്ഷിണാഫ്രിക്ക
16
കളികളിലേ ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാനായുള്ളൂ.
10
ടെസ്റ്റുകൾ സമനിലയിൽ പിരിഞ്ഞു.
3
ഇതിന് മുമ്പ് മൂന്ന് ടെസ്റ്റുകളിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും ഈ വേദിയിൽ ഏറ്റുമുട്ടിയിട്ടുണ്ട്.
15
വർഷത്തിന് ശേഷമാണ് ഈഡൻ ഗാർഡൻസ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടത്തിന് വേദിയാകുന്നത്.
വർണവെറിയുടെ പേരിൽ 21 കൊല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് മാറ്റിനിറുത്തപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്ക തിരിച്ചെത്തി ആദ്യ ഏകദിന മത്സരത്തിനിറങ്ങിയ വേദിയാണ് ഈഡൻ ഗാർഡൻസ്
മൂന്ന് കീപ്പർമാർ !
റിഷഭ് പന്തിനെയും ധ്രുവ് ജുറേലിനെയും ഒരുമിച്ച് പ്ളേയിംഗ് ഇലവനിൽ ഇറക്കാൻ തീരുമാനിച്ചാൽ ഇന്ത്യൻ ടീമിൽ വിക്കറ്റ് കീപ്പ് ചെയ്യാൻ കഴിയുന്ന മൂന്നുപേരുണ്ടാകും. കെ.എൽ രാഹുലാണ് ഈ മൂന്നാം കീപ്പർ.
കനത്ത സുരക്ഷ
ഡൽഹി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് കൊൽക്കത്തയിൽ മത്സരം നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |