
കൊച്ചി: മത്സ്യക്കയറ്റുമതി ബിസിനസുകാരിയുടെ ഫ്ലാറ്റിൽ നിന്ന് 1.20 കോടി രൂപ വിലയുള്ള വജ്രക്കമ്മലുകൾ കവർന്ന കാർ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ ചേർത്തല കുത്തിയതോട് കോടംതുരുത്ത് അഴീക്കൽ വീട്ടിൽ എ.എക്സ്. ഷാജി (49) യെയാണ് എറണാകുളം സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.
തേവറ ഫെറിയിലെ ഫ്ലാറ്റിൽ മാർച്ചിലും ഒക്ടോബറിലും രണ്ട് തവണയായിട്ടായിരുന്നു കവർച്ച. ബിസിനസുകാരിയുടെ പിതാവ് കൊച്ചിയിലെ പ്രമുഖ മത്സ്യക്കയറ്റുമതി വ്യവസായിയാണ്. അദ്ദേഹത്തിന്റെ കാർ ഡ്രൈവറായിരുന്നു പ്രതി. കഴിഞ്ഞ മാർച്ചിൽ സ്ത്രീ ബിസിനസ് ആവശ്യത്തിന് അമേരിക്കയിൽ പോയപ്പോൾ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത് ഷാജിയാണ്. ഫ്ളാറ്റിന്റെ താക്കോൽ പിതാവിന് കൈമാറാനായി ഇവർ പ്രതിയെ ഏൽപ്പിച്ചിരുന്നു. എയർപോർട്ടിൽ നിന്ന് തിരിച്ചുവരുമ്പോൾ പശ്ചിമകൊച്ചിയിലെ ഒരു കടയിൽ നിന്ന് പ്രതി ഫ്ലാറ്റിന്റെ താക്കോലിന്റെ പകർപ്പുണ്ടാക്കി. തുടർന്ന് ഫ്ലാറ്റിലെത്തി 80 ലക്ഷം രൂപയുടെ വജ്രംപതിച്ച കമ്മൽ കവരുകയായിരുന്നു.
മൂന്നു മാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് ബിസനസുകാരി മോഷണം അറിയുന്നത്. ഷാജിയുൾപ്പെടെ വീടുമായി സഹകരിച്ച ഏതാനും പേരെ പൊലീസിന് സംശയമുണ്ടായിരുന്നെങ്കിലും ഫ്ലാറ്റിൽ സി.സി ടിവി ഇല്ലാത്തതിനാൽ വ്യക്തമായ തെളിവുകൾ ലഭിച്ചില്ല.
രണ്ടാമത്തെ തവണ അമേരിക്കയിൽ പോകുന്നതിനു മുമ്പായി ഫ്ലാറ്റുടമ പൊലീസിന്റെ നിർദ്ദേശപ്രകാരം വീട്ടിൽ രഹസ്യക്യാമറ സ്ഥാപിച്ചു. കഴിഞ്ഞ ഒക്ടോബറിൽ തിരിച്ചെത്തിയപ്പോൾ 40 ലക്ഷം രൂപയുടെ മറ്റൊരു വജ്രക്കമ്മലും മോഷണം പോയതായി മനസിലാക്കി. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ ഫ്ലാറ്റിൽ ഷാജി എത്തുന്ന ദൃശ്യങ്ങൾ സി.സി ടിവിയിൽ കണ്ടെത്തി.
ആദ്യം കുറ്റം നിഷേധിച്ച പ്രതി സി.സി ടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു.
വജ്രക്കമ്മലുകളിൽ ഒരു ജോഡി വീണ്ടെടുത്തതായി പൊലീസ് അറിയിച്ചു. സൗത്ത് എസ്.എച്ച്. ഒ പി.ആർ. സന്തോഷ്, എസ്.ഐ ആദർശ്, എ.സി.പി സ്ക്വാഡിലെ എസ്. ഐമാരായ എം.ജോസി, പി. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |