തൃശൂർ: അതീവ സുരക്ഷാ ജയിലിൽ തടവുകാരുടെ മർദ്ദനമേറ്റ് ജയിൽ ഉദ്യോഗസ്ഥനും മറ്റൊരു തടവുകാരനും പരിക്ക്. കോയമ്പത്തൂർ സ്‌ഫോടനക്കേസിലെ പ്രതി അസ്ഹറുദ്ദീൻ (36), മാവോയിസ്റ്റ് മനോജ് (27) എന്നിവരാണ് ആക്രമിച്ചത്. വൈകിട്ട് ആറിന് ജയിൽ സെല്ലിലേക്ക് പ്രവേശിക്കാൻ ഇവരോട് ആവശ്യപ്പെട്ടപ്പോൾ അസി. പ്രിസൺ ഓഫീസർ അഭിനവിനെ (28) മർദ്ദിച്ചു. ഇത് തടയാനെത്തിയ തടവുകാരൻ റെജികുമാറിനും (56) മർദ്ദനമേറ്റു. മുഖത്തും നെഞ്ചിലും പരിക്കേറ്റ ഇരുവരെയും മുളങ്കുന്നത്തുകാവ് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഭിനവിനെ തെറി വിളിക്കുകയും മർദ്ദിക്കുകയും ചെയ്തത് ആദ്യം അസറുദ്ദീനായിരുന്നു. ഇതിനെ അനുകൂലിച്ചാണ് മുദ്രാവാക്യം വിളികളോടെ മനോജെത്തിയത്. തുടർന്ന് മനോജും മർദ്ദിച്ചത്രെ. സംഭവത്തിൽ വിയ്യൂർ പൊലീസ് കേസെടുത്തു. 2022ലെ കോയമ്പത്തൂർ കാർ സ്‌ഫോടനക്കേസിലും, 2019ലെ ശ്രീലങ്ക ഈസ്റ്റർ ബോംബാക്രമണവുമായി ബന്ധപ്പെട്ട കേസിലും പ്രതിയാണ് അസ്ഹറുദ്ദീൻ. 2019ൽ എൻ.ഐ.എ അറസ്റ്റ് ചെയ്ത ഇയാൾക്കെതിരെ ഐ.എസ് ബന്ധം, തീവ്രവാദ റിക്രൂട്ട്‌മെന്റ് ഉൾപ്പെടെയുള്ള കേസും ചുമത്തിയിരുന്നു. ആഷിഖ് എന്ന പേരിൽ അറിയപ്പെടുന്ന മാവോയിസ്റ്റ് മനോജിനെ 2024 ജൂലായിലാണ് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് അറസ്റ്റ് ചെയ്തത്. 10 യു.എ.പി.എ കേസുകൾ ഉൾപ്പെടെ 16 കേസുകളിൽ പ്രതിയാണ്. മാവോയിസ്റ്റ് കബനി ദളത്തിലെ സജീവ അംഗമായിരുന്നു മനോജ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |