
പുൽപ്പള്ളി: കർണാടക വനത്തിൽ കയറി കാട്ടുപോത്തുകളെയും മാനുകളെയും വേട്ടയാടി ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കാട്ടിറച്ചി വ്യാപാരം നടത്തുന്ന സംഘത്തിലെ നാല് പേരെ വനപാലകർ അറസ്റ്റ് ചെയ്തു. ചണ്ണോത്ത് കൊല്ലി കലവന കുന്നേൽ കെ.ടി. അഭിലാഷ് (41) , കുന്നത്ത് കവല തകരക്കാട്ടിൽ സണ്ണി തോമസ് (51), മാടപ്പള്ളിക്കുന്ന് ഇരിക്കാലിക്കൽ ഐ.ബി. സജീവൻ (49), കാപ്പിസെറ്റ് എസ്.ടി കോളനി തെക്കോത്ത് വീട്ടിൽ ടി.ആർ. വിനേഷ് (39) എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച കാപ്പിസെറ്റ്, ചാമപ്പാറ ഭാഗങ്ങളിൽ നിന്നും കാട്ടിറച്ചി വിൽപ്പന നടത്തിയവരും വാങ്ങിയവരുമായ ആറുപേരെ വനം വകുപ്പ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് 50 കിലോയിൽ അധികം ഇറച്ചിയും തോക്കും സാമഗ്രികളും പിടികൂടിയിരുന്നു. സംഘത്തിൽപ്പെട്ട നാല് പേരാണ് ഇപ്പോൾ പിടിയിലായവർ. ഇവർ ഒളിവിൽ താമസിച്ചുവരവേ ശശിമല, ചാമപ്പാറ ഭാഗങ്ങളിൽ നിന്നുമാണ് പിടികൂടിയത്. പ്രതികളിൽ നിന്നും തോക്കും തിരകളും പത്തോളം കത്തികളും കണ്ടെടുത്തു.
തെളിവെടുപ്പിന്റെ ഭാഗമായി വനത്തിൽ എത്തിച്ച് കാട്ടുപോത്തിന്റെ തലയും കൈകാലുകളും അസ്ഥികളുമടക്കം ജഡാവശിഷ്ടങ്ങൾ കണ്ടെടുക്കുകയും ചെയ്തു. പ്രതികളെ ബത്തേരി ജെ.എഫ്.സി.എം. സെക്കന്റ് കോടതി മുമ്പാകെ ഹാജരാക്കി.
വേട്ടക്കായി പോയവരും കാട്ടിറച്ചി വിൽപ്പനയിൽ ഏർപ്പെട്ടവരുമായ പ്രതികൾ ഇനിയും പിടിയിലാകാനുണ്ടെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടന്നും സൗത്ത് വയനാട് ഡി. എഫ്.ഒ അജിത് കെ രാമൻ അറിയിച്ചു. ചെതലയത്ത് റെയിഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർമാരായ കെ.പി. അബ്ദുൾ ഗഫൂർ, എ. നിജേഷ് എന്നിവർക്ക് പുറമെ ഒ. രാജു, പ്രബീഷ്, പി.എസ്. ശ്രീജിത്, വിനീഷ് കുമാർ, അനന്തു, അരുൺ, കുമാരൻ, സതീഷ്, രാജീവൻ തുടങ്ങിയ വനപാലകരും കർണാടക വനപാലകരും അന്വേഷണ സംഘത്തോടൊപ്പമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |