
പാറ്റ്ന: വിവാദങ്ങളുടെ പുറകേപോയാൽ വോട്ടുകിട്ടില്ല- ബീഹാർ തിരഞ്ഞെടുപ്പിലും കോൺഗ്രസിനെ ജനങ്ങൾ പഠിപ്പിച്ച പാഠമാണിത്. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ജനങ്ങൾ ഈ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. വോട്ടുചോരിയുടെ തെളിവുകളുമായി രാഹുൽ ഗാന്ധി കളം നിറഞ്ഞപ്പോൾ മറ്റുഭാഗത്ത് ഡബിൾ എൻജിൻ സർക്കാരിന്റെ മേന്മ ഉയർത്തിക്കാട്ടി എൻഡിഎ പ്രചാരണം കൊഴുപ്പിച്ചു. ഫലംവന്നപ്പോൾ കോൺഗ്രസ് നേതൃത്വം നൽകുന്ന മഹാമുന്നണി അമ്പേ തകർന്നടിഞ്ഞു. ആർ ജെ.ഡിയുടെ ശക്തിമാത്രമാണ് മുന്നണിയെ വൻ നാണക്കേടിൽ നിന്ന് അല്പമെങ്കിലും രക്ഷിച്ചത്.
ഹരിയാന തിരഞ്ഞെടുപ്പിൽ വൻ ക്രമക്കേടുകൾ നടന്നെന്ന് തെളിവുസഹിതം ആരോപിച്ച് രാഹുൽ ഗാന്ധി വാർത്താസമ്മേളനം നടത്തിയത് ബീഹാറിലെ ആദ്യഘട്ട വോട്ടെടുപ്പ് ദിനമായ നവംബർ ആറിന് തൊട്ടുതലേന്നായിരുന്നു. ഒപ്പം വോട്ടർ പട്ടിക പരിഷ്കരണവും അവർ ആയുധമാക്കി. എന്നാൽ തിരഞ്ഞെടുപ്പിൽ ഇതൊന്നും വിഷയമേ ആയില്ലെന്നാണ് ഫലം കാണിച്ചുതരുന്നത്.
തൊണ്ണൂറുകൾക്കു ശേഷം തങ്ങളുടെ വേരുകൾ നഷ്ടമായ ബീഹാറിൽ കോൺഗസിന് നിലനില്പിന്റെ പോരാട്ടം തന്നെയായിരുന്നു ഈ തിരഞ്ഞെടുപ്പ്. കോൺഗ്രസ് വോട്ട്ബാങ്ക് പിളർത്തിയാണ് ആർ.ജെ.ഡിയും ജെ.ഡി.യുവും പിന്നീട് പൊട്ടിമുളച്ച ചെറുകക്ഷികളും വളർന്നത്. കോൺഗ്രസിനെ പിടിച്ചുകയറ്റാൻ മല്ലികാർജ്ജുന ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ മുന്നിൽനിന്ന് നയിച്ചെങ്കിലും അതൊന്നും ഏശിയില്ല. മറിച്ച് ബിജെപിയുടെ ഇലക്ഷൻ എൻജിനീയറിംഗ് പ്രതീക്ഷിച്ചതിലും മികച്ച വിജയം എൻഡിഎ മുന്നണിക്ക് സമ്മാനിക്കുകയും ചെയ്തു.
വർഷങ്ങളോളം തുടർച്ചയായി ഭരണത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിക്കെതിരെ ഭരണവിരുദ്ധവികാരം ഉണ്ടാവുക പതിവാണ്. എന്നാൽ ബീഹാറിൽ അത് ഇല്ലാതാക്കിയത് ബിജെപിയുടെ ഇലക്ഷൻ മാജിക്കാണെന്ന് നിസംശയം പറയാം. നിതീഷ് കുമാറിന്റെ വോട്ടുബാങ്കുകൾ അകന്നുപോകാതിരിക്കാനും സ്ത്രീകളുടെ ഏറക്കുറെ മുഴുവൻ വോട്ടും തങ്ങളിലേക്കെത്തിക്കാനും എൻഡിഎ സഖ്യത്തിന് കഴിഞ്ഞു. മുന്നണി മാറിയെങ്കിലും 2025 മുതൽ തുടർച്ചയായി സർക്കാരിനെ നയിക്കുന്ന നിതീഷ് ബീഹാറിൽ വികസന നായകനാണ്. 2016-ലെ മദ്യനിരോധനം മുതൽ ഏറ്റവും ഒടുവിൽ 10,000 രൂപയുടെ ധനസഹായം അടക്കം പദ്ധതികളിലൂടെ സ്ത്രീവോട്ടർമാരുടെ പ്രിയ മുഖ്യമന്ത്രിയായി. ബി.ജെ.പി നിതീഷിനെ മുന്നിൽ നിറുത്തുന്നതും അതുകൊണ്ടു തന്നെ.
ഓപ്പറേഷൻ സിന്ദൂറിനു ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പിൽ അതും എൻഡിഎ പ്രചാരണ വിഷയമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും നേരിട്ടെത്തി പ്രചാരണത്തിന് നേതൃത്വം നൽകി. ലാലുപ്രസാദിന്റെ ആർ.ജെ.ഡിയുടെ മുൻ ഭരണത്തകാലത്തെ ക്രമസമാധാന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി 'കാട്ടുഭരണം" വീണ്ടും വരുന്നത് തടയണമെന്ന പ്രചാരണമാണ് എൻ.ഡി.എ നടത്തിയത്. മകൻ തേജസ്വിയാദവിനെ ബീഹാർ മുഖ്യമന്ത്രിയാക്കാൻ ലാലുപ്രസാദ് യാദവ് ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ സോണിയാ ഗാന്ധി ആഗ്രഹിക്കുന്നുവെന്നും പരിഹസിച്ചുകൊണ്ട് കുടുംബാധിപത്യവും പഴയ അഴിമതിക്കഥകളും എൻഡിഎ എടുത്തിട്ടപ്പോൾ മഹാസഖ്യത്തിന് അടിപതറുകയായിരുന്നു.
നരേന്ദ്ര മോദി- നിതീഷ് ഡബിൾ എൻജിൻ സർക്കാർ കൊണ്ടുവന്ന വികസനവും 10,000 രൂപ മഹിളാ റോസ്ഗാർ യോജന അടക്കമുളള പദ്ധതികൾക്കും മുഖ്യ പ്രചാരണ വിഷയമായിരുന്നു. ജാതിസമവാക്യങ്ങളും എൻഡിഎയ്ക്ക് അനുകൂലമായി ഭവിച്ചു. ബീഹാറിൽ എൻഡിഎ ഭരണം നിലനിറുത്തേണ്ടത് ബിജെപിക്കും അനിവാര്യമായിരുന്നു. ഏതെങ്കിലും തരത്തിൽ നിതീഷിന് കാലിടറിയാൽ നിലവിലെ കേന്ദ്രസർക്കാരിന്റെ നിലനിൽപ്പിനെത്തന്നെ അത് ബാധിക്കുമെന്ന് ബിജെപിക്ക് നന്നായി അറിയാമായിരുന്നു. എന്തിനും മടിക്കാത്തവനും മലക്കം മറിച്ചിലുകളുടെ ആശാനുമായ നിതീഷിനെ ഒപ്പം നിറുത്തണമെങ്കിൽ ബീഹാറിൽ വിജയിച്ചാലേ ബിജെപിക്ക് പറ്റുമായിരുന്നുള്ളൂ. ലക്ഷ്യം നിറവേറിയ സ്ഥിതിക്ക് നിതീഷിനെ എൻ.ഡി.എയ്‌ക്കുള്ളിൽ തളച്ചിട്ട്, തങ്ങൾക്ക് പിടിതരാതെ വഴുതുന്ന ബീഹാറിൽ ആധിപത്യം സ്ഥാപിക്കാൻ ബി.ജെ.പി ശ്രമിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.
വോട്ടുപിളർത്തി കിഷോറിന്റെ എൻട്രി
രാഷ്ട്രീയ അരങ്ങേറ്റം കുറിച്ച തിരഞ്ഞെടുപ്പ് വിദഗ്‌ദ്ധൻ പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി പിടിക്കുന്ന വോട്ടുകൾ എൻ.ഡി.എയ്‌ക്കും മഹാസഖ്യത്തിനും ഒരുപോലെ തിരിച്ചടിയാകും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അത് ബാധിച്ചത് മഹാസഖ്യത്തെ മാത്രമാണെന്നാണ് തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. ആർ.ജെ.ഡിയുയുടെ ചില ശക്തി കേന്ദ്രങ്ങളിൽ വോട്ടുചോർത്താൻ പ്രശാന്ത് കിഷോറിനായി എന്നാണ് ഫലം വന്നപ്പോഴുള്ള പ്രാഥമിക വിലയിരുത്തൽ.
തേജസ്വിക്കും ആർ.ജെ.ഡിക്കും നിലനില്പിന്റെ പോരാട്ടമായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ്. ഭരണം പിടിച്ചില്ലെങ്കിൽ പാർട്ടിയിൽ നിന്ന് നേതാക്കളുടെ കൊഴിഞ്ഞുപോക്കുണ്ടാകും എന്നവർ മനസിലാക്കിയിരുന്നു. രാഷ്‌ട്രീയ കരിയറിലെ വലിയൊരു പരീക്ഷണത്തിൽ പരാജയപ്പെട്ടതോടെ തേജസ്വിയുടെയും ആർജെഡിയുടെയും ഭാവി എന്താകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |