
ഒരുകാലത്ത് സിനിമകളിലും സീരിയലുകളിലും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കവിരാജ്. തെങ്കാശിപ്പട്ടണം, മീശമാധവൻ, കല്യാണരാമൻ തുടങ്ങി പല സിനിമകളിൽ കവിരാജ് ചെറിയ വേഷങ്ങൾ അവതരിപ്പിച്ചിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അദ്ദേഹം അഭിനയരംഗത്ത് സജീവമല്ല. ആത്മീയ ജീവിതമാണ് നയിക്കുന്നത്. ഇപ്പോഴിതാ താൻ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാനിടയായ സാഹചര്യത്തെക്കുറിച്ച് കവിരാജ് ഒരു അഭിമുഖത്തിൽ തുറന്നുപറഞ്ഞിരിക്കുകയാണ്. മെഗാസ്റ്റാർ മമ്മൂട്ടി ശുപാർശ ചെയ്തിട്ടുപോലും തന്റെ അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചാണ് കവിരാജ് വെളിപ്പെടുത്തിയിരിക്കുന്നത്.
'മമ്മൂക്കയുടെ കാഴ്ചയെന്ന സിനിമയിൽ അഭിനയിക്കാനുളള ഭാഗ്യം എനിക്ക് ലഭിച്ചു. ഒരു മാദ്ധ്യമപ്രവർത്തകന്റെ വേഷമായിരുന്നു എനിക്ക് കിട്ടിയത്. മമ്മൂക്കയെ തള്ളിമാറ്റുന്ന സീനാണ് എനിക്ക് ലഭിച്ചത്. ഷൂട്ട് കഴിഞ്ഞ് അദ്ദേഹം ഒരു കസേരയിലിരുന്ന് ഫോണിൽ സംസാരിക്കുകയായിരുന്നു. ഇടയ്ക്ക് എന്നെ നോക്കുന്നുണ്ടായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ മമ്മൂക്ക എന്നെ അരികിലേക്ക് വിളിച്ചു. എനിക്ക് മനസിനുളളിൽ അദ്ദേഹത്തിനോട് ബഹുമാനമുണ്ട്.
ഞാൻ എന്താ മമ്മൂക്കയെന്ന് ചോദിച്ചു. അദ്ദേഹം എന്റെ പേര് ചോദിച്ചു. ഞാൻ ഏതൊക്കെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെന്ന് അദ്ദേഹം ചോദിച്ചു. ഒരു സംവിധായകനോട് എന്നെക്കുറിച്ച് അദ്ദേഹം പറഞ്ഞു. ലാൽ മീഡിയയിൽ പോകണമെന്നും മമ്മൂക്ക പറഞ്ഞു. പക്ഷെ അദ്ദേഹത്തിന്റെ ഫോൺ നമ്പർ വാങ്ങാൻ മറന്നുപോയി. ഞാൻ ലാൽ മീഡിയയിൽ എത്തി. കുറച്ചുകഴിഞ്ഞപ്പോൾ മമ്മൂക്കയും എത്തി. അത് മലയാളത്തിലെ പ്രമുഖ സംവിധായകന്റെ സിനിമയായിരുന്നു. എന്നോട് സംവിധായകനെ പോയി കണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഞാൻ ഇല്ലെന്ന് മറുപടിയും പറഞ്ഞു. എന്നോട് കാത്തിരിക്കാൻ പറഞ്ഞിട്ട് മമ്മൂക്ക സംവിധായകനെ കാണാൻ പോയി. പിന്നീട് മുറിയിൽ നിന്ന് പുറത്തുവന്ന അദ്ദേഹം എന്നെ നോക്കുക പോലും ചെയ്തില്ല. ആ കഥാപാത്രം എനിക്ക് കിട്ടില്ലെന്ന് മനസിലായി. ഒരു മെഗാസ്റ്റാർ റെക്കമെന്റ് ചെയ്തിട്ടുപോലും എനിക്ക് ആ വേഷം ലഭിച്ചില്ല'- കവിരാജ് പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |