
തിരുവനന്തപുരം: ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ പ്രതികരിച്ച് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് ജനങ്ങൾ നൽകിയ പിന്തുണയാണ് ബീഹാറിൽ കണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
ബീഹാറിലെ ജനങ്ങൾ ബിജെപിയെയും എൻഡിഎയെയും പിന്തുണച്ചെന്നും കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്റെയും ആർജെഡിയുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ഇനി കേരളത്തിന്റെ ഊഴമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
ബീഹാർ തിരഞ്ഞെടുപ്പ് നല്കുന്ന സന്ദേശം വ്യക്തമാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ ബിജെപിയും എൻഡിഎയും മുന്നോട്ടുവയ്ക്കുന്ന പ്രവർത്തന മികവിന്റെ രാഷ്ട്രീയത്തിന് വീണ്ടും പിന്തുണ നൽകിയ ബീഹാറിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. ഒപ്പം കുടുംബവാഴ്ചയും അഴിമതിയും നിറഞ്ഞ കോൺഗ്രസിന്റെയും ആർജെഡിയുടെയും ജംഗിൾ രാജ് രാഷ്ട്രീയത്തെ തള്ളിക്കളഞ്ഞതിനും അഭിനന്ദനങ്ങൾ. ഇനി കേരളത്തിന്റെ ഊഴമാണ്.
അതേസമയം, ബീഹാറിലെ വോട്ടെണ്ണൽ അന്തിമഘട്ടത്തിൽ എത്തിനിൽക്കേ എൻഡിഎ തുടർഭരണം ഉറപ്പിച്ചിരിക്കുകയാണ്. 200 സീറ്റിൽ എൻഡിഎ മുന്നേറുകയാണ്. സംസ്ഥാനത്ത് പ്രതിപക്ഷത്തിന്റെ സ്ഥാനം പോലും ചോദ്യചിഹ്നമാകുന്ന തലത്തിലുള്ള വിജയമാണ് എൻഡിഎ നേടിയെടുക്കാൻ പോകുന്നത്. 200ൽ 90 സീറ്റിലും ലീഡുറപ്പിച്ച ബിജെപി എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി മാറിയിരിക്കുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |