
വാഷിംഗ്ടൺ: ചെള്ളിൽ നിന്ന് പകരുന്ന ആൽഫാ ജെൽ സിൻഡ്രോം എന്ന അലർജി രോഗം ബാധിച്ചുള്ള ആദ്യത്തെ മരണം അമേരിക്കയിൽ സംഭവിച്ചതായി റിപ്പോർട്ട്. ചെള്ള് കടിയേൽക്കുന്നതിൽ നിന്നുണ്ടാകുന്ന ഗുരുതരമായ മാംസ അലർജിയാണിത്.
2024-ൽ ഒരു ക്യാമ്പിംഗ് യാത്രയ്ക്കിടെ ന്യൂജേഴ്‌സിയിൽ നിന്നുള്ള 47 വയസ്സുകാരനായ പൈലറ്റ് രോഗബാധിതനായി മരണപ്പെട്ടെന്ന് റിപ്പോർട്ട്. ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ അദ്ദേഹത്തിന്റെ മരണകാരണം വിശദീകരിക്കുന്നുണ്ട്. എന്നാൽ, മരണപ്പെട്ട വ്യക്തിയുടെ പേര് വിവരങ്ങൾ ജേണലിൽ നൽകിയിട്ടില്ല.
സ്റ്റീക്ക് ഡിന്നർ കഴിച്ചതിന് ശേഷമാണ് അദ്ദേഹത്തിന് വയറുവേദന അനുഭവപ്പെടാൻ തുടങ്ങിയതെന്ന് ജേണലിൽ പറയുന്നു. പിന്നീട് വയറുവേദന കഠിനമാവുകയും ഛർദ്ദി, വയറിളക്കം തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടാവുകയും ചെയ്‌തിരുന്നു. ഒരു ദിവസത്തിന് ശേഷം അസുഖം ഭേദമായിരുന്നു. പിന്നീട് രണ്ടാഴ്‌ചയ്‌ക്ക് ശേഷം ഒരു വൈകുന്നേരം ബാർബിക്യുവിൽ നിന്ന് ഹാം ബർഗർ കഴിച്ചപ്പോഴും സമാനലക്ഷണങ്ങൾ അദ്ദേഹത്തിനുണ്ടായി. എന്നാൽ ഇത്തവണ ആരോഗ്യ പ്രശ്നങ്ങൾ കൂടുതൽ ഗുരുതരമായിരുന്നു. കഠിനമായ ഛർദ്ദിലിനെത്തുടർന്ന് അബോധാവസ്ഥയിലാവുകയും തുടർന്ന് നാല് മണിക്കൂറിനുള്ളിൽ അദ്ദേഹം മരണപ്പെടുകയും ചെയ്‌തു. ടോയ്‌ലെറ്റിന്റെ തറയിൽ അബോധാവസ്ഥയിൽ കിടന്ന അദ്ദേഹത്തിന് പ്രാഥമിക ചികിത്സകൾ നൽകി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
എന്നാൽ മരണത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്ന് കഴിഞ്ഞിരുന്നില്ല. മരണത്തിൽ സംശയം തോന്നിയ ഭാര്യ കുടുംബ ഡോക്ടറും സുഹൃത്തുമായ എറിൻ മക്ഫീലിയെ ബന്ധപ്പെട്ടു. ചെള്ള് വഴി പകരുന്ന മാംസ അലർജിയാവാം മരണത്തിലേക്ക് നയിച്ചതെന്ന് ഡോക്ടറും സംശയം പ്രകടിപ്പിച്ചു. അവർ വിർജീനിയ സർവകലാശാലയിലെ ഹെൽത്ത് വിഭാഗത്തിലെ ഡോ തോമസ് പ്ലാറ്റ്സ്-മിൽസിനെ സമീപിക്കുകയും മാംസ അലർജിയാണ് അദ്ദേഹത്തിന്റെ മരണത്തിന് കാരണമെന്ന് കണ്ടെത്തുകയും ചെയ്‌തു.
മരണപ്പെട്ട വ്യക്തിയുടെ ശരീരത്തിൽ പ്രത്യക്ഷമായി ചെള്ളുകടിയേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നില്ലെങ്കിലും കണങ്കാലിന് ചുറ്റുമായി ചെള്ളിന്റെ ലാർവകളായ ചിഗ്ഗറിന്റെ കടിയേറ്റതിന്റെ പാടുകൾ ഉണ്ടായിരുന്നു. ഇവയുടെ ഉമിനീരിൽ ആൽഫ ജെൽ എന്ന തന്മാത്രകളുണ്ട്. ഇവ അദ്ദേഹം കഴിച്ച മാംസത്തിലെ തന്മാത്രകളുമായി പ്രതിപ്രവർത്തിച്ചുണ്ടായ അലർജിയുടെ ഫലമായാണ് മരണം സംഭവിച്ചതെന്ന് ജേണൽ ഓഫ് അലർജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജിയിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ പറയുന്നു.
ചെള്ളിന്റെ ഉമിനീരിൽ അടങ്ങിയിരിക്കുന്ന തന്മാത്രകളാണ് ആൽഫാ ജെല്ലുകൾ. ഇവ നാം കഴിക്കുന്ന മാംസ ഭക്ഷണങ്ങളിലെ തന്മാത്രകളുമായി പ്രതിപ്രവർത്തിക്കുന്നതിന്റെ ഫലമായാണ് അലർജി പ്രകടമാകുന്നത്. അലർജിയുടെ ഫലമായി ചൊറിച്ചിൽ, ദഹനപ്രശ്‌നങ്ങൾ, ഛർദിൽ, വയറിളക്കം തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും പ്രകടമാകാം. എന്നാൽ ഈ പ്രശ്നങ്ങൾ ഗുരുതരമായാൽ മരണം വരെ സംഭവിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |