
അന്തിക്കാട്: മുറ്റിച്ചൂരിൽ പട്ടാപ്പകൽ കാറിലെത്തിയ സംഘം ബൈക്ക് തടഞ്ഞ് സ്വർണ്ണ കളക്‌ഷൻ ഏജന്റിനെ ആക്രമിച്ച് മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് മൂന്ന് ലക്ഷം രൂപ കവർന്ന കേസിൽ മൂന്നു പേർ അറസ്റ്റിൽ. തിരുവനന്തപുരം ആറ്റിങ്ങൽ അർജുൻ എന്നയാളെ പെരുമ്പാവൂരിൽ നിന്നും, ഇടുക്കി ബൈസൺവാലി വക്കത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് (37 ) എന്നയാളെ ആലുവയിൽ നിന്നും, ആലുവ മാർക്കറ്റ് റോഡ് മറ്റത്തിൽ വീട്ടിൽ ഗ്ലിവിൻ ജെയിംസ് ( 38) എന്നയാളെ നെടുമ്പാശ്ശേരിയിൽ നിന്നുമാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഈ മാസം ഏഴിന് രാവിലെ 11.45ന് വാടാനപ്പിള്ളി ടിപ്പു സുൽത്താൻ റോഡിൽ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി അക്ഷയ് പ്രതാപ് പവാർ (30 ) എന്നയാളെയാണ് ആക്രമിച്ച് പണം തട്ടിയെടുത്തത്.
ഇരുചക്ര വാഹനത്തിൽ പോകുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം പിറകിൽ നിന്നും വന്ന കാർ മുൻവശത്തേക്ക് കയറ്റിനിറുത്തി ഇരുചക്രവാഹനത്തെ തടയുകയായിരുന്നു. പ്രതികൾ കാറിൽ നിന്നിറങ്ങി അടുത്തു വന്ന് അക്ഷയ് പ്രതാപ് പവാറിന്റെ മുഖത്ത് കുരുമുളക് സ്‌പ്രേ അടിച്ച് ഇയാളുടെ കൈവശത്തിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപ സൂക്ഷിച്ചിരുന്ന ബാഗ് അടക്കം കവർച്ച ചെയ്യുകയായിരുന്നു. അന്തിക്കാട് പൊലീസാണ് കേസെടുത്തത്. പൊലീസിന് വിവരം ലഭിച്ച് പരിശോധനകൾ തുടങ്ങുന്നതിന് മുമ്പ് പ്രതികൾ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്താൽ ഈ വാഹനം കുറ്റകൃത്യം നടത്താനായി വന്നത് എവിടെ നിന്നാണെന്നും മറ്റും ശാസ്ത്രീയമായ അന്വേഷണം നടത്തിയതിൽ വാഹനത്തിൽ പതിച്ചിരുന്നത് വ്യാജ നമ്പർ ആണെന്ന് കണ്ടെത്തിയിരുന്നു.
പ്രതികളെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. ബോബി ഫിലിപ്പ് വണ്ടിപ്പെരിയാർ, ഗാന്ധിനഗർ, കൈനടി, മുണ്ടക്കയം, തൊടുപുഴ, കരിമണ്ണൂർ, ചെങ്ങന്നൂർ, പെരുവന്താനം പൊലീസ് സ്റ്റേഷൻ പരിധികളിലായി 13 തട്ടിപ്പ് കേസുകളിലും ഒരു മോഷണക്കേസിലും പ്രതിയാണ്. റൂറൽ പൊലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ ഇരിങ്ങാലക്കുട ഡിവൈ.എസ്.പി ഷാജു, അന്തിക്കാട് എസ്.എച്ച്.ഒ കേഴ്മൻ വി.മാർക്കോസ്, എസ്.ഐ അഫ്‌സൽ, ജി.എസ്.ഐ ഷൈൻ, ജി.എസ്.ഐ ജീവൻ, സി.പി.ഒമാരായ കെ.എസ്.ഉമേഷ്, പ്രതീഷ്, അമൽ ദേവ്, ഹസീബ്, അനൂപ്, കൃഷ്ണകുമാർ, ഷാജി എന്നിവരും ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |