
കൊച്ചി: വിജിലൻസ് കോടതി വിധിച്ച തടവ് ശിക്ഷയ്ക്കെതിരെ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളിയിട്ടും ശിക്ഷ ഏറ്റുവാങ്ങാതെ ഒളിവിലായിരുന്ന ബെവ്കോ മുൻ ജീവനക്കാരനെ വിജിലൻസ് അറസ്റ്റ് ചെയ്തു.
എറണാകുളം മാമംഗലം സ്വദേശി ബെന്നറ്റിനെയാണ് എറണാകുളം നോർത്തിലെ വീക്ഷണം റോഡിൽ നിന്ന് ഇന്നലെ കസ്റ്റഡിയിലെടുത്തത്. ലിസി ജംഗ്ഷനിലെ ബെവ്കോ ഔട്ട്‌ലെറ്റിൽ അസിസ്റ്റന്റ് ഷോപ്പ് ഇൻ ചാർജായിരുന്ന ബെന്നറ്റിനെതിരെ സാമ്പത്തിക തിരിമറിക്ക് 2002ൽ വിജിലൻസ് കേസെടുത്തിരുന്നു. മദ്യം വിറ്റ വകയിലുള്ള 5.52 ലക്ഷം രൂപയാണ് വകമാറ്റിയത്.
കേസിൽ 2011 ൽ തൃശൂർ വിജിലൻസ് കോടതി വിവിധ വകുപ്പുകളിലായി ഏഴ് കൊല്ലം കഠിനതടവിനും 5.56 ലക്ഷം രൂപ പിഴയൊടുക്കാനും വിധിച്ചു.തുടർന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകി പുറത്തിറങ്ങിയ ബെന്നറ്റ് എറണാകുളത്ത് സ്വന്തമായി വർക്ക്ഷോപ്പ് തുടങ്ങി.
ഇതിനിടെ കഴിഞ്ഞമാസം 17ന് ഹൈക്കോടതി അപ്പീൽ തള്ളുകയും വിജിലൻസ് കോടതിയുടെ ശിക്ഷ ശരിവയ്ക്കുകയും ചെയ്തു. ഇതിനു ശേഷം കോടതിയിൽ ഹാജരായി ശിക്ഷ ഏറ്റുവാങ്ങാതെ ഒളിവിൽ തുടരവെയാണ് പിടിയിലായത്. ഇന്ന് തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |