
തിരുവനന്തപുരം/കൊച്ചി: അന്ധവിശ്വാസവും അനാചാരവും തടയാനുള്ള ബില്ല് വീണ്ടും തയ്യാറാക്കാനായി പഠനത്തിന് വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് സർക്കാർ. ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചു. എത്ര സമയത്തിനുള്ളിൽ കമ്മിറ്റി റിപ്പോർട്ട് നൽകുമെന്ന് അറിയിക്കാൻ കോടതി നിർദ്ദേശിച്ചു.
മുൻ നിയമ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായിരുന്ന ശശിധരൻ നായർ, മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ്, വഖഫ് ബോർഡ് ചെയർമാൻ എം.കെ.സക്കീർ എന്നിവരടങ്ങിയതാണ് സമിതി.
ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുതിയ കരടു ബില്ലുണ്ടാക്കുമെന്ന് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹ ഇറക്കിയ ഉത്തരവിൽ പറയുന്നു.
വിശ്വാസവും അന്ധവിശ്വാസവും വേർതിരിക്കുക ശ്രമകരമായതിനാൽ, 2019ഒക്ടോബറിൽ ജസ്റ്റിസ് കെ.ടി.തോമസ് അദ്ധ്യക്ഷനായ നിയമ പരിഷ്കാര കമ്മിഷൻ കൈമാറിയ കരടു ബിൽ സർക്കാർ 2023 ജൂലായിൽ പിൻവലിച്ചിരുന്നു. ഇതിനെതിരെ കേരള യുക്തിവാദി സംഘം നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നത്. ഹർജി വ്യാഴാഴ്ച പരിഗണിക്കാൻ മാറ്റി.
ദുർമന്ത്രവാദത്തെ തുടർന്നുള്ള കൊലപാതകങ്ങളും ആഭിചാരവും നരബലിയുമടക്കം വർദ്ധിക്കുമ്പോഴും നേരത്തെ തയ്യാറാക്കിയ ബില്ല് നിയമമാക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.
ആചാരങ്ങളും അനാചാരങ്ങളും വേർതിരിക്കാനാവില്ലെന്നും, വിശ്വാസികൾ എതിരാവുമെന്നും ഭയന്ന് ബിൽ ആഭ്യന്തര വകുപ്പിൽ പൂഴ്‌ത്തുകയായിരുന്നു. ജീവന് ഹാനികരമാവാത്ത ആചാരങ്ങളെ ശിക്ഷയിൽ നിന്നൊഴിവാക്കുക പ്രായോഗികമല്ലെന്നായിരുന്നു ആഭ്യന്തര വകുപ്പിന്റെ നിലപാട്.
പിൻവലിച്ച ബില്ലിലെ
വ്യവസ്ഥകൾ
ആഭിചാരത്തിനും അനാചാരത്തിനുമിടയിൽ മരണമുണ്ടായാൽ വധശിക്ഷ കിട്ടാം.
ഗുരുതര പരിക്കിന് ജീവപര്യന്തം
അന്ധവിശ്വാസങ്ങളും അനാചാരങ്ങളും നടത്തിയാലോ പ്രോത്സാഹിപ്പിച്ചാലോ ഏഴു
വർഷം തടവും അരലക്ഷം രൂപ പിഴയും
മന്ത്രവാദം, അക്രമ മാർഗങ്ങളിലൂടെയുള്ള പ്രേതോച്ചാടനം, മൃഗബലി തുടങ്ങിയവ കുറ്റകൃത്യങ്ങൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |