
ന്യൂഡൽഹി: ബീഹാറിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളെ വിമർശിച്ച് കോൺഗ്രസ്. ഡൽഹിയിൽ പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെയുടെ വസതിയിൽ യോഗം ചേർന്ന് തോൽവി വിലയിരുത്തി. ബീഹാർ തിരഞ്ഞെടുപ്പ് തുടക്കം മുതൽ നീതിയുക്തമായിരുന്നില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ഫലം ആശ്ചര്യമാണ്. നീതിയുക്തമല്ലാത്ത തിരഞ്ഞെടുപ്പിൽ വിജയം നേടാനായില്ല. കോൺഗ്രസും ഇന്ത്യ സഖ്യവും ഫലം ആഴത്തിൽ അവലോകനം ചെയ്യുകയും ജനാധിപത്യത്തെ കൂടുതൽ ഫലപ്രദമാക്കുകയും ചെയ്യുമെന്നും രാഹുൽ കൂട്ടിച്ചേർത്തു. ബീഹാറിൽ ഭരണഘടനാ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്‌തെന്നും തോൽവിയെക്കുറിച്ച് സമഗ്രമായ പഠനം നടത്തുമെന്നും ഖാർഗെ പറഞ്ഞു.
ഖാർഗെയുടെ ഡൽഹി രാജാജി മാർഗിലെ വസതിയിൽ രാഹുൽ ഗാന്ധി, എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, ട്രഷറർ അജയ് മാക്കൻ, ബിഹാർ ചുമതലയുള്ള കൃഷ്ണ അല്ലവരു തുടങ്ങിയവർ തിരഞ്ഞെടുപ്പ് തോൽവി ചർച്ച ചെയ്‌തു. യോഗത്തിന് ശേഷം മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകിയില്ല.
രണ്ടാമത്തെ വൻ തോൽവി
നാലു സീറ്റിലൊതുങ്ങിയ 2010ന് ശേഷം ബീഹാറിലെ രണ്ടാമത്തെ ഏറ്റവും മോശം പ്രകടനമാണ് ഇക്കുറി കോൺഗ്രസിന്റേത്. 2020 ൽ മത്സരിച്ച 70 സീറ്റുകളിൽ 19 എണ്ണം നേടിയ കോൺഗ്രസ് ഇത്തവണ 61 സീറ്റിൽ ആറിടത്ത് മാത്രമാണ് ജയിച്ചത്. സഖ്യത്തിലെ പ്രധാന കക്ഷിയായ ആർ.ജെ.ഡിയുടെ സീറ്റുകൾ 25ലേക്ക് താണതിന്റെ കുറ്റവും കോൺഗ്രസ് നേരിടുന്നു.
മറുപടിയുമായി കമ്മിഷൻ
ബീഹാറിലെ മൂന്ന് ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ കൃത്രിമമാണെന്ന രാഹുലിന്റെ ആരോപണത്തിന് മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഒക്ടോബർ 6ന് വോട്ടർമാരുടെ എണ്ണം 7.42 കോടിയെന്നും വോട്ടെടുപ്പിന് ശേഷം 7.45 കോടി വോട്ടർമാരെന്നും പറഞ്ഞതിലെ പൊരുത്തക്കേടാണ് രാഹുൽ ചോദ്യം ചെയ്‌തത്.
സെപ്തംബർ 30 വരെ ലഭ്യമായ വോട്ടർ പട്ടിക അടിസ്ഥാനമാക്കിയാണ് ഒക്‌ടോബർ ആറിന് വിവരം നൽകിയതെന്ന് കമ്മിഷൻ പറഞ്ഞു. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതിക്ക് 10 ദിവസം മുമ്പ് വരെ, വോട്ടർ പട്ടികയിൽ പേരു ചേർക്കാം. ഇങ്ങനെയാണ് 3 ലക്ഷം പേർ വർദ്ധിച്ചതെന്നും കമ്മിഷൻ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |