
ന്യൂഡൽഹി: ശനിയാഴ്ച രാവിലെ എഴുന്നേറ്റപ്പോൾ ചുറ്റിലും കറുത്ത പുകയും മൃതദേഹങ്ങളുമായിരുന്നുവെന്ന് നൗഗാം പൊലീസ് സ്റ്റേഷന് സമീപത്തെ താമസക്കാർ. ''വെള്ളിയാഴ്ച രാത്രി 11.20 ഓടെയാണ് സ്‌ഫോടനശബ്ദം കേട്ടത്. ഞെട്ടിവിറച്ചുപോയി. പുറത്തിറങ്ങിയില്ല. രാവിലെ കണ്ടത് പൊലീസ് സ്റ്റേഷൻ പരിസരമാകെ പുക നിറഞ്ഞിരിക്കുന്നതാണ് . പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ബന്ധുക്കളുടെ അടുത്തേക്കുപോകാൻ പോലും കഴിഞ്ഞില്ല. ജീവിതത്തിൽ ഇതുവരെ ഇത്രയും വലിയ ശബ്ദം കേട്ടിട്ടില്ല''- നൗഗാം പൊലീസ് സ്റ്റേഷന് സമീപം താമസിക്കുന്ന ഷഫദ് അഹ്‌മ്മദ് പറഞ്ഞു.
എന്താണ് സംഭവിച്ചതെന്ന് ആദ്യം മനസ്സിലായില്ലെന്ന് നാട്ടുകാരനായ താരിഖ് അഹ്‌മ്മദ് പറഞ്ഞു. ''പൊലീസ് സ്റ്റേഷനകത്തു നിന്ന് ആളുകൾ നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടുന്നത് കണ്ടപ്പോൾ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്ന് മനസ്സിലായി. പുറത്തിറങ്ങി നോക്കിയപ്പോൾ കണ്ടത് മൃതദേഹങ്ങൾ ചിന്നിച്ചിതറിയതാണ്. വേണ്ടപ്പെട്ടവരും അയൽക്കാരും മരിച്ചു. ''- താരിഖ് പറഞ്ഞു.
നൗഗാം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച സ്‌ഫോടകവസ്തുക്കളാണ് പൊട്ടിത്തെറിച്ചത്. പൊലീസ് സ്റ്റേഷനും സമീപത്തെ കെട്ടിടങ്ങളും തകർന്നു. വീടുകൾക്കും നാശം സംഭവിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |