
ജീവിതശൈലി രോഗങ്ങൾ പിടിമുറുക്കുന്ന കാലത്ത് നമ്മുടെ ആരോഗ്യത്തിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ആളുകൾ ആരോഗ്യത്തിൽ ശ്രദ്ധിച്ചുതുടങ്ങുന്നതിന്റെ പ്രതിഫലനമാണ് ഓരോ ദിവസവും ജിമ്മുകളിൽ അംഗത്വം എടുക്കുന്നവരുടെ എണ്ണത്തിലുണ്ടാകുന്ന വർദ്ധനവ്. സമീകൃതാഹാരം, ശരിയായ വ്യായാമം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് കൃത്യമായ നിർദ്ദേശങ്ങൾ ജിമ്മിലെ പരിശീലകർ നൽകാറുണ്ട്. എന്നാൽ, ജിമ്മിൽ നൽകേണ്ടി വരുന്ന ഫീസിനെക്കുറിച്ച് ആലോചിച്ചാണ് പലരും നെടുവീർപ്പിടുന്നത്. ചിലരാണെങ്കിൽ ആ കാരണത്താൽ മാത്രം ജിമ്മിൽ പോകണം എന്ന ആഗ്രഹം വേണ്ടെന്നും വയ്‌ക്കാറുണ്ട്.
നമ്മുടെ നാട്ടിൽ പലയിടങ്ങളിലും ഓപ്പൺ ജിമ്മുകൾ ഉണ്ടെങ്കിലും അവ കൃത്യമായി പരിപാലിക്കാറില്ല. ഓരോ ഉപകരണത്തിന്റെയും ഉപയോഗം അവയുടെ പ്രവർത്തനം എന്നിവയെക്കുറിച്ച് നിർദ്ദേശം നൽകാനുള്ള പരിശീലകരും അവിടെ കാണില്ല. ആ സാഹര്യത്തിലാണ് റഷ്യയിൽ നിന്നുള്ള ഒരു ഓപ്പൺ ജിമ്മിന്റെ ദൃശ്യങ്ങൾ ആളുകളിൽ കൗതുകമാകുന്നത്. ഗുഡ്ഗാവിൽ നിന്നുള്ള വ്ലോഗറായ ദുഷ്യന്ത് കുക്രേജ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
വടക്കൻ കോക്കസസ് മേഖലയിലെ ഒരു ചെറിയ നഗരമായ പ്യതിഗോർസ്കിലാണ് ഈ സൗജന്യ ഓപ്പൺ ജിമ്മുള്ളത്. റോഡിനെ അരികിലായി നീളത്തിൽ ഒരു വലിയ ഓപ്പൺ ജിം ദൃശ്യങ്ങളിൽ കാണാം. വ്യായാമത്തിനുള്ള എല്ലാത്തരം ഉപകരണങ്ങൾക്കൊപ്പം കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു പരിശീലകനും ഈ ഓപ്പൺ ജിമ്മിലുണ്ട്.
'ഈ ജിം എപ്പോഴാണ് ഇന്ത്യയിൽ വരുന്നത് എന്ന തലക്കെട്ടോടെയാണ് ദുഷ്യന്ത് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കിട്ടത്. ഇന്ത്യയിൽ പൈസ വാങ്ങി മാത്രം ജിമ്മിൽ പ്രവേശനം നൽകുമ്പോൾ ഇവിടെ സൗജന്യമായി പരിശീലനം നൽകുന്നുവെന്ന് ദുഷ്യന്ത് വീഡിയോയിൽ പറയുന്നുണ്ട്. പിന്നാലെ വലിയ രീതിയിലുള്ള മറുപടികളാണ് വീഡിയോയ്‌ക്ക് താഴെയെത്തുന്നത്. വിദേശ രാജ്യങ്ങളിൽ ജിം അവരുടെ ജീവിത ശൈലിയുടെ ഭാഗമാണെന്നും എന്നാൽ ഇന്ത്യയിൽ അതൊരു ആഡംബരമാണെന്നും ഒരാൾ പറഞ്ഞു. പലരും അതേ രീതിയിലുള്ള മറുപടികളാണ് വീഡിയോയ്ക്ക് താഴെ കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |