അന്തിക്കാട് : മൂവായിരം രൂപ കടം കൊടുത്തത് തിരികെ ചോദിച്ചതിനെ തുടർന്നുണ്ടായ തർക്കത്തിൽ വീടുകയറി ആക്രമണം നടത്തിയ നാല് പേരെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. പുത്തൻപീടിക സ്വദേശികളായ പള്ളത്തി വീട്ടിൽ കുട്ടപ്പായി എന്ന രാകേഷ് (26), പുളിക്കൽ വീട്ടുകാരായ സന്തോഷ് (56), യദുകൃഷ്ണൻ (28), ശിവാനന്ദൻ (25) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
അന്തിക്കാട് താണ്ടിയേക്കൽ വീട്ടിൽ നവീനാണ് (39) കൊടുവാൾ കൊണ്ട് കഴുത്തിൽ വെട്ടേറ്റത്. ഇയാളുടെ ഭാര്യ മൂവായിരം രൂപ പ്രതിയായ സന്തോഷിന്റെ ഭാര്യക്ക് കൈവായ്പ കൊടുത്തിരുന്നു. രണ്ടുദിവസം മുമ്പ് ഈ പണം തിരിച്ചു ചോദിക്കുകയും അതിനെ ചൊല്ലി ഇരുകൂട്ടരും തമ്മിൽ തർക്കവുമുണ്ടായിരുന്നു. തുടർന്നാണ് പ്രതികൾ നവീനിന്റെ വീട്ടിലെത്തി ആക്രമണം നടത്തിയത്.
കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു. അന്തിക്കാട് എസ്.എച്ച്.ഒ കേഴ്‌സൺ, ജി.എസ്.ഐമാരായ കൊച്ചുമോൻ ജേക്കബ്, ഡെന്നി, എസ്.സി.പി.ഒ സജു, ജി.എസ് സി.പി.ഒമാരായ ഷാനവാസ്, അജേഷ്, അരുൺരാജ്, സി.പി.ഒമാരായ വിനോദ്, മണികണ്ഠൻ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |