
രഞ്ജി ക്രിക്കറ്റിൽ മദ്ധ്യപ്രദേശിനെതിരെ ആദ്യ ദിനം കേരളം 246/7
ബാബ അപരാജിത്തിനും (81*) അഭിജിത്ത് പ്രവീണിനും (60) അർദ്ധസെഞ്ച്വറി
ഇൻഡോർ : മദ്ധ്യപ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തിൽ വലിയൊരു തകർച്ചയിൽ നിന്ന് കേരളത്തെ രക്ഷിച്ച്
അന്യസംസ്ഥാന താരം ബാബ അപരാജിത്തും (81നോട്ടൗട്ട്) അരങ്ങേറ്റക്കാരായ അഭിജിത്ത് പ്രവീണും(60) അഭിഷേക് ജെ. നായരും (47). ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങി 106 റൺസ് എടുക്കുന്നതിനിടെ അഞ്ചുവിക്കറ്റുകൾ നഷ്ടമായിരുന്ന കേരളത്തെ അർദ്ധസെഞ്ച്വറികൾ നേടിയ ബാബയും അഭിജിത്തും ചേർന്ന് 200 കടത്തി. ആദ്യദിനം കളിനിറുത്തുമ്പോൾ 246/7 എന്ന നിലയിലാണ് കേരളം.
അരങ്ങേറ്റക്കാരൻ അഭിഷേകും രോഹൻ കുന്നുമ്മലും ചേർന്നാണ് ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ ഓപ്പണിംഗിന് ഇറങ്ങിയത്. രണ്ടാം ഓവറിന്റെ അവസാനപന്തിൽ രോഹൻ ഡക്കായി. തുടർന്ന് അങ്കിത് ശർമ്മയ്ക്കൊപ്പം (20) അഭിഷേക് ചെറുത്തുനിന്നു.24-ാം ഓവറിൽ ടീം സ്കോർ 54ലെത്തിയപ്പോൾ സാരാംശ് ജെയിനിന്റെ പന്തിൽ എൽ.ബിയിൽ കുരുങ്ങി അങ്കിത് മടങ്ങി. തന്റെ അടുത്ത ഓവറിൽ സച്ചിൻ ബേബിയേയും (0) സാരാംശ് ഡക്കാക്കി.തുടർന്ന് ബാബ കളത്തിലെത്തി.
113 പന്തുകളിൽ ഏഴ് ഫോറടക്കം 47 റൺസ് നേടിയ അഭിഷേകിന് അരങ്ങേറ്റത്തിൽ അർദ്ധസെഞ്ച്വറി നേടാനുള്ള അവസരം മൂന്ന് റൺസ് അകലെ അർഷദ് ഖാൻ ഇല്ലാതാക്കി. 97 റൺസിൽ ക്യാപ്ടൻ മുഹമ്മദ് അസ്‌ഹറുദ്ദീനും (14) 105ലെത്തിയപ്പോൾ അഹമ്മദ് ഇമ്രാനും (5) കൂടി പുറത്തായതോടെ കേരളം സമ്മർദ്ദത്തിലായി. ഈ ഘട്ടത്തിലാണ് ആദ്യ രഞ്ജി മത്സരത്തിനായി അഭിജിത്ത് പ്രവീൺ കളത്തിലേക്ക് ഇറങ്ങിയത്. ബാബയുടെ പരിചയസമ്പത്തിന് പിന്തുണ
നൽകി അഭിജിത്ത് കളിച്ച ഇന്നിംഗ്സ് കേരളത്തിന് കരുത്താവുകയായിരുന്നു. 123 റൺസാണ് ബാബയും അഭിയും ചേർന്ന് കൂട്ടിച്ചേർത്തത്.
153 പന്തുകളിൽ ഒൻപത് ബൗണ്ടറികളടക്കം 60 റൺസടിച്ച അഭിജിത്തിനെ അവസാനസെഷനിൽ സാരാംശ് ബൗൾഡാക്കുകയായിരുന്നു. 147 പന്തുകൾ നേരിട്ട ബാബ ഏഴുഫോറടക്കമാണ് 81 റൺസുമായി പുറത്താകാതെ നിൽക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |