
കേരളത്തിലും നേട്ടമാകുമെന്ന് വാദം
ചെന്നൈ: സൂപ്പർതാരം വിജയ്‌യുടെ ടി.വി.കെയുമായി സഖ്യം ചേരാൻ തമിഴ്നാട് കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കം. സംസ്ഥാന നേതാക്കളിൽ ചിലർ വിജയ്‌യുമായി രണ്ടു തവണ ചർച്ച നടത്തിയെന്നാണ് റിപ്പോർട്ടുകൾ. തമിഴ്നാട്ടിൽ ഡി.എം.കെയിൽ നിന്ന് അവഗണ നേരിടുന്നതിലുള്ള അമർഷം കോൺഗ്രസിനുണ്ട്. ഇതാണ് പുതിയ നീക്കത്തിനുകാരണമെന്ന് ഒരു വിഭാഗം നേതാക്കൾ പറയുന്നു.തിരഞ്ഞെടുപ്പിനുമുന്നോടിയായി നടക്കുന്ന സീറ്റ് വിഭജന ചർച്ചകളിൽ അണ്ണാ ഡി.എം.കെ ജയിച്ച സീറ്രുകൾ കോൺഗ്രസിന് നൽകാൻ ഡി.എം.കെ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്. ഡി.എം.കെ മുന്നണിയിലെ രണ്ടാമത്തെ കക്ഷിയാണെങ്കിലും മന്ത്രിസഭയിലേക്ക് കോൺഗ്രസിനെ ഡി.എം.കെ പരിഗണിക്കാറില്ല. ടി.വി.കെയുമായി സഖ്യത്തിലെത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഭരണത്തിലും പങ്കാളിത്തമുണ്ടാകുമെന്ന് നേരത്തെ വിജയ് പ്രഖ്യാപിച്ചിരുന്നു. പാർട്ടി പരിപാടികളിൽ ഡി.എം.കെയെ വിമർശിക്കുന്നതല്ലാതെ കോൺഗ്രസ് നേതൃത്വത്തിനെതിരെ വിജയ് ഒന്നും മിണ്ടിയിട്ടുമില്ല.
വിജയ്‌യുമായി സഖ്യമായാൽ കേരളത്തിലും പുതുച്ചേരിയിലും കോൺഗ്രസിന് നേട്ടമുണ്ടാക്കാനാകുമെന്ന് നേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. കരൂർ ദുരന്തത്തിന് ശേഷം എൻ.ഡി.എയുമായി വിജയ് അടുക്കുന്നതായി പ്രചാരണമുണ്ടായിരുന്നു. അണ്ണാ ഡി.എം.കെ നേതാവ് എടപ്പാടി പളനിസാമി വിജയ്‌യെ എൻ.ഡി.എയിലേക്ക് സ്വാഗതം ചെയ്തിരുന്നു. ഇതിനുമറുപടിയായി ടി.വി.കെ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് പാർട്ടി ഭാരവാഹികളുടെ യോഗത്തിൽ വ്യക്തമാക്കി.
സമ്മർദ്ദതന്ത്രം
1 ചില കോൺഗ്രസ് നേതാക്കൾ നടത്തുന്ന നീക്കം ഡി.എം.കെയ്ക്കുമേലുള്ള സമ്മർദ്ദ തന്ത്രമാകാനാണ് സാദ്ധ്യതയെന്ന് രാഷ്ട്രീയനിരീക്ഷകർ പറയുന്നു. സീറ്റ് വിഭജനത്തിൽ കോൺഗ്രസിന്റെ ആവശ്യങ്ങൾ പരിഗണിച്ചാൽ ഡി.എം.കെയുമായുള്ള അഭിപ്രായവ്യത്യാസം മാറും
2 ചർച്ച ആരുനടത്തിയാലും സഖ്യത്തിലാകാൻ ദേശീയ നേതൃത്വത്തിന്റെ അനുവാദം വേണം. ബീഹാർ തിരഞ്ഞെടുപ്പിനു ശേഷം 'ഇന്ത്യ' മുന്നണിയിലെ മറ്റ് പാർട്ടികൾ കോൺഗ്രസിനെ ഒറ്റപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യമാണ്. എന്നാൽ രാഹുൽ ഗാന്ധിക്ക് ഡി.എം.കെ പിന്തുണ ആവർത്തിക്കുന്നു
ടി.വി.കെയുമായി ചർച്ച ചെയ്യാൻ കേന്ദ്ര നേതൃത്വത്തിൽ നിന്ന് നിർദ്ദേശം ലഭിച്ചിട്ടില്ല. ഞങ്ങൾ 'ഇന്ത്യ' സഖ്യത്തിനും ഡി.എം.കെയ്ക്കും ഒപ്പമാണ്. എന്നാൽ ചിലർ അഭ്യൂഹങ്ങൾ പരത്തുന്നു. തീരുമാനം രാഹുൽ ഗാന്ധിയോ മല്ലികാർജ്ജുൻ ഖാർഗെയോ തമിഴ്നാടിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി ഗിരീഷ് ചോഡങ്കറോ ആണ് എടുക്കുക.
-കെ.സെൽവപെരുന്തകെ
പി.സി.സി പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |