
ബി.എൽ.ഒമാരെ ഡി.എം.കെ സ്വാധീനിക്കുന്നു
വിജയ് പങ്കെടുത്തില്ല പകരം വീഡിയോ
ചെന്നൈ: എസ്.ഐ.ആറിൽ സുതാര്യത ആവശ്യപ്പെട്ട് തമിഴക വെട്രി കഴകം (ടി.വി.കെ) സംസ്ഥാന വ്യാപകമായി പ്രതിഷേധിച്ചു. ബി.എൽ.ഒമാരുടെ നിയന്ത്രണത്തെ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സ്വാധീനിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധം. പാർട്ടി ജനറൽ സെക്രട്ടറി ബുസി ആനന്ദ്, തിരഞ്ഞെടുപ്പ് ചുമതലയുള്ള സെക്രട്ടറി ആധവ് അർജ്ജുൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. കരൂർ ദുരന്തത്തിനുശേഷമുള്ള ടി.വി.കെയുടെ പൊതുപരിപാടിയായിരുന്നു ഇത്. എന്നാൽ വിജയ് പങ്കെടുത്തില്ല.
കരൂർ ദുരന്തത്തെ തുടർന്ന് അറസ്റ്റിലായ ജില്ലാ പ്രസിഡന്റ് മതിയഴകൻ പ്രതിഷേധത്തിൽ പങ്കെടുത്തു. എസ്.ഐ.ആറിന്റെ ആശങ്ക അറിയിച്ച് കഴിഞ്ഞ ദിവസം വിജയ് വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു.
എസ്.ഐ.ആറിന്റെ പേരിൽ മുൻകൂട്ടി അറിയിക്കാതെ പേരുകൾ നീക്കം ചെയ്യുകയും ഭരണ കക്ഷി വ്യാജ വോട്ടർമാരെ ചേർക്കുകയാണെന്നും ബുസി ആനന്ദ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷൻ സമഗ്രമായ അവലോകനം നടത്തണം. ഉദ്യോഗസ്ഥരുടെ വീടുതോറുമുള്ള സന്ദർശനങ്ങൾ നിർബന്ധമാക്കണം. ബി.എൽ.ഒ.മാരെ രാഷ്ട്രീയമായി ഭീഷണിപ്പെടുത്തുന്നത് തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.എൽ.ഒമാരെ നയിക്കുന്നത് ഡി.എം.കെ ജില്ലാതല ഭാരവാഹികളാണെന്നാണ് ആധവ് ആരോപിച്ചു.
'ഞങ്ങൾ എസ്.ഐ.ആറിനെ എതിർക്കുന്നില്ല. അത്തരമൊരു പ്രവർത്തനത്തിന് മുമ്പ് പൊതുജന അവബോധം വളർത്തണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്. ശരിയായ ആശയവിനിമയമില്ലെങ്കിൽ, വോട്ടർമാർക്ക് അവരുടെ വോട്ടർ ഐ.ഡിയുമായി ബന്ധിപ്പിച്ചിട്ടുള്ള അവശ്യ രേഖകൾ നഷ്ടപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |