SignIn
Kerala Kaumudi Online
Wednesday, 07 January 2026 1.07 PM IST

കാലിക്കറ്റ് വി.സി: ഗവർണറുടെ വിജ്ഞാപനം സ്റ്റേ ചെയ്യാതെ ഹൈക്കോടതി

Increase Font Size Decrease Font Size Print Page
a

കൊച്ചി: കാലിക്കറ്റ് സർവകലാശാല സ്ഥിരം വൈസ്ചാൻസലർ നിയമനത്തിനായി ചാൻസലർ കൂടിയായ ഗവർണർ പുറപ്പെടുവിച്ച വിജ്ഞാപനങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ ഫയൽ ചെയ്ത ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

സർക്കാർ തർക്കമുന്നയിച്ച സാഹചര്യത്തിൽ സേർച്ച് കമ്മിറ്റിയിൽ നിന്ന് തൃശൂർ സെന്റ് തോമസ് കോളേജ് ഗവേണിംഗ് ബോഡി അംഗമായ ഡോ. എലുവത്തിങ്ങൽ ഡി. ജെമ്മിസിനെ ഒഴിവാക്കി പുതിയ പ്രതിനിധിയെ ഉൾപ്പെടുത്തിയതായി ചാൻസലർ അറിയിച്ചു. ബംഗളൂരു ജവഹർലാൽ നെഹ്രു സയൻസ് ഇൻസ്റ്റി​റ്റ്യൂട്ടിലെ പ്രൊഫ. ജി.യു. കുൽക്കർണിയാണ് പുതിയ അംഗം. സേർച്ച് കമ്മിറ്റിയിൽ നിന്ന് രാജി വച്ചതായി അറിയിച്ച പ്രൊഫ.എ. സാബുവിനോട് തുടരാൻ നിർദ്ദേശിച്ചെങ്കിലും മറുപടി ലഭിച്ചിട്ടില്ലെന്ന് ചാൻസലർ അറിയിച്ചു. ഈ പ്രതിനിധിയെ മാറ്റാനാണ് സെനറ്റിന്റെ തീരുമാനമെങ്കിൽ എതിർപ്പില്ലെന്നും വ്യക്തമാക്കി.

വി.സി നിയമനത്തിന് അപേക്ഷ ക്ഷണിച്ച് വിജ്ഞാപനമിറക്കേണ്ടത് സർക്കാരാണെന്ന് ചട്ടത്തിൽ പറയുന്നില്ലെന്നും ചാൻസലർ വാദിച്ചു. നിയമനാധികാരിയായ ചാൻസലർക്കാണ് ഇക്കാര്യത്തിൽ അധികാരം.
സെനറ്റ് പ്രതിനിധി രാജി വച്ച സാഹചര്യത്തിൽ വിജ്ഞാപനം സ്റ്റേ ചെയ്യണമെന്ന ആവശ്യം അഡ്വക്കേറ്റ് ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ് ഉന്നയിച്ചു. എന്നാൽ മുന്നോട്ടുള്ള നടപടികളൊന്നും സ്വീകരിച്ചിട്ടില്ലാത്തതിനാൽ സ്റ്റേയിൽ അർത്ഥമില്ലെന്ന് ചാൻസലറുടെ അഭിഭാഷകൻ പി. ശ്രീകുമാർ ചൂണ്ടിക്കാട്ടി. സ്റ്റേ ആവശ്യമില്ലല്ലോയെന്ന് കോടതിയും പറഞ്ഞു.സെനറ്റ് പ്രതിനിധിയായി ഉൾപ്പെടുത്തിയിരുന്ന പ്രൊഫ. സാബുവിന് നോട്ടീസിന് നിർദ്ദേശിച്ച കോടതി, സെനറ്റ് പ്രതിനിധിയുടെ കാര്യത്തിൽ നിലപാടറിയിക്കാൻ സർവകലാശാലയ്ക്കും നിർദ്ദേശം നൽകി. ഹർജി 24ന് വീണ്ടും പരിഗണിക്കും.

TAGS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY