
ഹിന്ദു ക്ഷേത്രങ്ങൾ ഓരോന്നിനും പ്രതിഷ്‌ഠയുടെ സ്വഭാവമനുസരിച്ച് ആരാധനാ രീതിയിൽ വ്യത്യസ്‌തതകൾ ഉണ്ട്. ചിലയിടങ്ങളിൽ ബ്രഹ്‌മചാരി ഭാവത്തിൽ കർശന ആരാധന ക്രമത്തോടെ ആരാധിക്കപ്പെടുമ്പോൾ മറ്റ് ചിലയിടങ്ങളിൽ കുടുംബസമേതനായ ഈശ്വര സങ്കൽപ്പമാണ് ആരാധിക്കുന്നത്. ശബരിമല ക്ഷേത്രത്തിൽ യോഗപട്ടാസനത്തിൽ ബ്രഹ്മചാരിയായ അയ്യപ്പസ്വാമിയെയാണ് ആരാധിക്കുന്നത് എന്നാൽ അച്ചൻകോവിലിൽ പൂർണപുഷ്‌കല സമേതനായ ധർമ്മശാസ്‌താവിനെയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
ദക്ഷിണേന്ത്യയിലെ പ്രധാന ആരാധനാ മൂർത്തിയായ സുബ്രഹ്മണ്യന്റെ ക്ഷേത്രങ്ങളിലും ഇത്തരം പ്രത്യേകതകൾ കാണാം. വള്ളി, ദേവയാനി എന്നീ പത്നിമാരുടെ സമേതനായ ഗൃഹസ്താശ്രമിയായ മുരുകനെ പ്രതിഷ്‌ഠിച്ച മഹാക്ഷേത്രങ്ങളുണ്ട്. എന്നാൽ അച്ഛനമ്മമാരോട് പിണങ്ങി തപസനുഷ്‌ഠിക്കാൻ പോയ തരത്തിലെ പ്രതിഷ്‌ഠയുള്ള പഴനിപോലെ ക്ഷേത്രങ്ങളുമുണ്ട്. ഓരോ ക്ഷേത്രങ്ങളിലും വഴിപാടുകളിലും ദർശനക്രമത്തിലും വ്യത്യാസം കാണാം.
ഇത്തരത്തിൽ വളരെ വ്യത്യസ്‌തമായ ദർശന രീതിയുള്ള ഒരു ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ കിടങ്ങൂരുള്ള കിടങ്ങൂർ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം. ഏതാണ്ട് 3000 വർഷത്തെ പഴക്കം ഈ ക്ഷേത്രത്തിനുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. 13 ഇല്ലങ്ങളുടെ കീഴിലായിരുന്നു ഇതിന്റെ ഉടമസ്ഥാവകാശം.
പത്ത് വയസിൽ താഴെയുള്ള പെൺകുട്ടികൾക്ക് ബാലമുരുകനെ നേരിട്ട് വണങ്ങാം. അതിന് മുകളിൽ പ്രായമുള്ളവർക്ക് മുരുകന്റെ മാതാവിന്റെ സ്ഥാനമാണ് ഇവിടെ നൽകുന്നത് അതിനാൽ നാലമ്പലത്തിനുള്ളിൽ കയറി നേരിൽ കാണാറില്ല. എന്നാൽ ഇതിനർത്ഥം സ്‌ത്രീകൾക്ക് പ്രാർത്ഥിക്കാനേ കഴിയില്ല എന്നല്ല ക്ഷേത്ര ഇടനാഴിയിൽ ഭഗവാനെ നേരിൽ കാണാത്ത തരത്തിൽ നിന്ന് മനസിലെ ആഗ്രഹങ്ങൾ പറഞ്ഞ് തൊഴാനാകും.
ആദ്യകാലത്ത് ഇവിടെ മഹാവിഷ്‌ണു ക്ഷേത്രമായിരുന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ദേവനെ വടക്കും തേവർ എന്ന് വിളിച്ചിരുന്നു. തെക്കോട്ട് പ്രതിഷ്‌ഠയുള്ള ഭുവനേശ്വരീ ദേവിയുമുണ്ട്. ദേവിയുടെ കൂത്തമ്പലം പെരുന്തച്ചൻ നിർമ്മിച്ചതാണ്. തെക്കേ നടയിൽ ശാസ്‌താ പ്രതിഷ്‌ഠയുമുണ്ട്.
സന്താനലബ്‌ധിയ്‌ക്കായി 'ബ്രഹ്‌മചാരികൂത്ത്' എന്ന വഴിപാട് നടത്താം. ഇഷ്‌ടസന്താനത്തെ ലഭിച്ചാൽ കുഞ്ഞിനെ ക്ഷേത്രത്തിനുള്ളിൽ എത്തിക്കുന്നത് വഴിപാടുകാരനല്ല പകരം കൂത്ത് നടത്തിയ ചാക്യാരാണ്. കുഞ്ഞിനെ ചാക്യാർ ബാലസുബ്രഹ്‌മണ്യ സ്വാമിയെ കാണിച്ചശേഷം പുറത്തെത്തിക്കും. തുലാമാസത്തിലെ സ്‌കന്ദഷഷ്‌ടി ഇവിടെ വളരെ പ്രധാനമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |