
വിചാരണയ്ക്കും കുറ്റപത്രത്തിനും അനുമതിയില്ല
തിരുവനന്തപുരം: കുറ്റപത്രത്തിനും വിചാരണയ്ക്കും കേസിനും അനുമതി നൽകാതെ അഴിമതിക്കാർക്ക് രക്ഷപ്പെടാൻ പഴുതൊരുക്കുകയാണ് സർക്കാർ. അഴിമതിക്കേസുകളിൽ പ്രതികളായ രാഷ്ട്രീയക്കാരടക്കം 400ലേറെ ഉന്നതരെ വിചാരണ ചെയ്യാനുള്ള വിജിലൻസിന്റെ അപേക്ഷ വർഷങ്ങളായി സെക്രട്ടേറിയറ്റിൽ കെട്ടിക്കിടക്കുന്നു.
സി.ബി.ഐയുടെ രണ്ടു ഡസനിലേറെ കേസുകളിൽ വിചാരണാനുമതി നൽകുന്നില്ല. കേസെടുക്കാനുള്ള സി.ബി.ഐയുടെയും വിജിലൻസിന്റെയും ഭൂരിഭാഗം അപേക്ഷകളും നിരസിക്കുന്നു.അഴിമതിക്ക് പ്രത്യക്ഷ തെളിവില്ലെങ്കിലും പൊതു പ്രവർത്തകരെ ശിക്ഷിക്കാൻ സാഹചര്യത്തെളിവുകൾ മതിയെന്നാണ് സുപ്രീം കോടതി ഉത്തരവ്. അഴിമതി നിരോധന നിയമത്തിലെ 17(എ)ഭേദഗതിയനുസരിച്ച് മുഖ്യമന്ത്രി,മന്ത്രിമാർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ കേസെടുക്കാനും വിചാരണയ്ക്കും ഉന്നതാധികാരിയുടെ അനുമതിയുണ്ടാവണം. ഇതിനുള്ള അപേക്ഷകൾ വകുപ്പുകളിൽ പൂഴ്‌ത്തുകയാണ്. ആഭ്യന്തര സെക്രട്ടറി അപേക്ഷ ബന്ധപ്പെട്ട വകുപ്പുകൾക്ക് അയയ്ക്കും. തീരുമാനമെടുക്കാതെയും മറുപടിനൽകാതെയും അവഗണിക്കുകയാണ് പതിവ്.
വിമാനത്താവളങ്ങളിലെ സ്വർണക്കടത്തടക്കം കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുള്ള അഴിമതികൾ പോലും അന്വേഷിക്കാൻ സി.ബി.ഐയ്ക്കാവുന്നില്ല. സ്വന്തം നിലയിൽ കേസെടുത്ത് അന്വേഷിക്കാൻ സി.ബി.ഐയ്ക്ക് മുൻകൂറായി നൽകിയിരുന്ന അനുമതി സർക്കാർ പിൻവലിച്ചിരുന്നു. ഇതോടെ ഓരോ കേസിനും സർക്കാരിന്റെ അനുമതി തേടേണ്ട സ്ഥിതിയാണ്. ദേശീയപാത നിർമ്മാണം, തോട്ടണ്ടി ഇറക്കുമതി അടക്കം അഴിമതിക്കേസുകളിലും വിചാരണാനുമതിയില്ല.
രക്ഷപെടൽ
ഇങ്ങനെ
1)കേന്ദ്ര നിയമഭേദഗതി പ്രകാരം പ്രോസിക്യൂഷൻ, അന്വേഷണ അപേക്ഷകളിൽ സർക്കാരിന് അനുമതി നൽകാൻ മൂന്നു മാസത്തെ സമയപരിധിയുണ്ട്.
2)അനുമതി നിഷേധിച്ചാൽ പരാതിക്കാരന് ഹൈക്കോടതിയെ സമീപിക്കാം. അതിനാൽ അപേക്ഷകളിൽ തീരുമാനമെടുക്കാതെ പൂഴ്‌ത്തുകയാണ് പതിവ്.
3)അഴിമതിക്കേസിൽ കുടുങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പൊതുമേഖലാ സ്ഥാപന
മേധാവികളും ജീവനക്കാരുമെല്ലാം ഇതിനിടെ വിരമിക്കും.
4)അഴിമതിക്കുറ്റമൊഴിവാക്കി അഴിമതിക്ക് വേണ്ടിയുള്ള ഗൂഢാലോചന,പ്രേരണ കുറ്റങ്ങൾ മാത്രം ചുമത്തുന്നതോടെ കേസുകൾ ദുർബലമാവും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |