
ആത്മഹത്യ ഒന്നിനും പരിഹാരമാകില്ലെന്ന് പറയാറുണ്ടെങ്കിലും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണത്തിൽ കേരളത്തിൽ യാതൊരു കുറവുമില്ല. കൗമാരക്കാർക്കിടയിലെ ആത്മഹത്യാ നിരക്ക് ദേശീയ ശരാശരിയെക്കാൾ ഇരട്ടിയാണ് കേരളത്തിലുണ്ടാകുന്നത് എന്ന റിപ്പോർട്ടാണ് അടുത്തിടെ പുറത്തുവന്നത്. ഏതു പ്രതിസന്ധിയെയും തരണം ചെയ്യാൻ പോലും ശ്രമിക്കാതെ, ആത്മഹത്യയിൽ അഭയം കണ്ടെത്തുന്ന കൗമാരക്കാരിലെ പ്രവണത ഇന്ന് ഒരു സാമൂഹ്യ ദുരന്തമായി മാറിക്കൊണ്ടിരിക്കുകയാണ്. ഒരോ സംഭവങ്ങളും അപഗ്രഥിച്ച് നോക്കുമ്പോൾ കാരണങ്ങൾ പലതാണെങ്കിലും ആത്മഹത്യയിലേക്ക് നയിക്കപ്പെടുന്ന കൗമാരക്കാരുടെ തീരുമാനത്തിന് പിന്നിൽ പ്രവർത്തിച്ച ഘടകങ്ങൾക്ക് ഏകീകൃത സ്വഭാവമുള്ളതായി കാണാം.
കുടുംബത്തിന്റെ പ്രാധാന്യം
സ്വാഭാവിക ജീവിതത്തിൽ ഊഷ്മളമായ വൈകാരിക ബന്ധങ്ങൾ കുറയുകയും, ഒപ്പം മത്സരവും പിരിമുറുക്കവും അനിതര സാധാരണമായ രീതിയിൽ വർദ്ധിക്കുകയും ചെയ്യുന്നുന്നത് വർത്തമാനകാല യാഥാർത്ഥ്യമാണ്. തൊഴിൽ ക്ലേശങ്ങളും സാമ്പത്തിക പ്രതിസന്ധികളും വലിയ വെല്ലുവിള സൃഷ്ടിക്കുന്ന വേളയിൽ, വ്യത്യസ്തങ്ങളായ ആസക്തിയുളവാക്കുന്ന അവസരങ്ങൾ കമ്പോളത്തിൽ സുലഭമായതോടെ കൗമാരക്കാർ ഇതിനു പിന്നാലെ പായുകയാണ്. ജീവിതത്തിലെ പ്രതീക്ഷകൾ നഷ്ടപ്പെടുന്നു എന്ന തോന്നലിൽ ഇവർ, ലഹരിയിലേക്കോ മനേരോഗങ്ങളിലേക്കോ ആത്മഹത്യയിലേക്കോ എത്തിപ്പെടുന്നു എന്നതാണ് യാഥാർത്ഥ്യം. സാമൂഹികവും വൈകാരികവുമായി ലഭിക്കേണ്ട പിന്തുണയും ഇവർക്ക് ലഭിക്കുന്നില്ല. കൗമാരക്കാരെ സംബന്ധിച്ച് ഏറ്റവും കൂടുതൽ പിന്തുണ ലഭിക്കേണ്ടത് കുടുംബത്തിൽ നിന്നും വിദ്യാലയത്തിൽ നിന്നുമാണ്. ഈ രണ്ടിടങ്ങളിലും ഇന്ന് അനരോഗ്യകരമായ മാറ്റം സംജാതമായിരിക്കുന്നു. പ്രതിസന്ധികളെ തരണം ചെയ്യുവാനും അതിലൂടെ ജീവിതവിജയം കൈവരിക്കുവാനും അനിവാര്യമായ മാനസിക ആരോഗ്യത്തിന്റെ പ്രഥമ പാഠശാലയായി മാറേണ്ടത് സ്വന്തം ഭവനം തന്നെയാണ്. വീടുകളിലെ ശാന്തമായ സുരക്ഷിതമായ, സ്‌നേഹനിർഭരമായ, കരുതലിന്റേതായ അന്തരീക്ഷം ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കുള്ള ആരോഗ്യകരമായ വളർച്ചയെ പരിപോഷിപ്പിക്കുന്നു. ഇന്ന് അതല്ല സ്ഥിതി. മക്കളെക്കുറിച്ച് സ്വപ്നം കാണുകയല്ല മാതാപിതാക്കൾ ചെയ്യേണ്ടത്, മറിച്ച് അവരെ സ്വപ്നം കാണാൻ പഠിപ്പിക്കുകയാണ് വേണ്ടത്. വ്യക്തിത്വ രൂപീകരണത്തിൽ, ശീലങ്ങളിൽ, ആശയവിനിമയ രീതിയിൽ, വൈകാരിക പ്രകടനങ്ങളിൽ, സ്വന്തമായ നിലപാട് എടുക്കുന്നതിൽ തുടങ്ങി പല കാര്യങ്ങളിലും ഒരു സുഹൃത്തായി കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ മാറണം. ഒറ്രപ്പെടലിലും വേദനയിലുമെല്ലാം താങ്ങാവാൻ അവർക്ക് കഴിയണം.
പരിഗണന കഴിവിനും
താത്പര്യത്തിനും
സ്വന്തം അഭിരുചിക്ക് ചേരാത്ത പാതയിലേക്ക് കുട്ടികളെ രക്ഷിതാക്കൾ തള്ളിവിടുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുന്നത്. മഹാരാഷ്ട്ര സ്വദേശിയായ അനുരാഗ് ബോർക്കർ എന്ന പത്തൊമ്പതുകാരൻ ആത്മഹത്യ ചെയ്ത സംഭവം ഈയിടെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. പൊതുബോധത്തിൽ മികച്ച ജോലി ഏത് എന്നതിൽ വീഴുന്ന മാതാപിതാക്കൾ തെറ്റ് തിരിച്ചറിയുന്നത് ഏറെ വൈകിയാണ് എന്നതിന് ഈ സംഭവം ഉദാഹരണമാണ്. കുട്ടികളുടെ ഭാവിയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ ഇന്ന് രക്ഷിതാക്കളുടെ മനോഭാവത്തിലും അവരുടെ മാനസിക ആരോഗ്യത്തിലും വന്നിരിക്കുന്ന മാറ്റങ്ങളും വലുതാണ്. കുട്ടികളുടെ കഴിവിനോ താത്പര്യത്തിനോ പരിഗണന നൽകാതെ, രക്ഷിതാക്കളുടെ പ്രതീക്ഷ അവരിൽ അടിച്ചേൽപ്പിക്കുന്ന രീതി ഒട്ടും ആശാസ്യമല്ല. ജന്മസിദ്ധമായ കഴിവുകൾ നഷ്ടപ്പെടുന്ന കുട്ടി ഭാവിയിൽ തൊഴിൽ മേഖലയിലും കുടുംബ ജീവിതത്തിലും പരാജയപ്പെടുന്നു. ക്രമേണ ഇവരുടെ ജീവിതം ദുരന്തത്തിലേക്ക് വഴി മാറി എന്ന തോന്നലുണ്ടാകുന്നു. വിദ്യാലയങ്ങളിൽ മത്സരത്തിന് പ്രാമുഖ്യം നൽകാതെ കഴിവുകൾക്കും പ്രാധാന്യം നൽകുന്ന രീതിയും അവലംബിക്കണം. മനുഷ്യബന്ധങ്ങളെ മറച്ച് സങ്കേതിക കഴിവുകൾ മാത്രം വളർത്താൻ സഹായിക്കുന്ന തൊഴിൽ ഇടങ്ങളും പലരിലും പ്രതിസന്ധി സൃഷ്ടിക്കും.
കൗമാരക്കാരുടെ പ്രതിസന്ധി ഘട്ടത്തിലേക്ക് അവരെ നയിക്കുന്ന കാരണങ്ങളും പലതാണ്. ഇന്നത്തെ ജീവിതത്തിന്റെ വെല്ലുവിളികളെ അതിജീവിക്കുവാൻ വേണ്ട ജീവിതനിപുണികൾ, വൈകാരികഘടകം, പ്രതികൂല സാഹചര്യങ്ങളെ നേരിടാനുള്ള കഴിവ് എന്നിവ അവർ സ്വായത്തമാകുന്നില്ല എന്നതാണ് ഇതിന്റെ പ്രധാന കാരണം. സ്വയമേയുള്ള അവബോധം, വ്യക്തി ബന്ധങ്ങൾ, ആശയവിനിമയശേഷി, വിമർശനാത്മക ചിന്തകൾ, സർഗാത്മക ചിന്തകൾ എന്നീ ഘടകങ്ങൾ സ്വയം ആർജിക്കുവാൻ കഴിയും. ആരോഗ്യകരമായ ബന്ധങ്ങളുണ്ടാക്കുവാനും അത് തുടർന്ന് കൊണ്ടുപോകുവാനുള്ള കഴിവ് ഉണ്ടാകേണ്ടത് വൈകാരിക ഘടകത്തിൽ നിന്നാണ്. ഇന്നത്തെ സാഹചര്യത്തിൽ കൗമാരക്കാർക്ക് അത്യന്തപേക്ഷിതമായിട്ടുള്ളത് പ്രതിസന്ധികളെ അതിജീവിക്കുവാനുള്ള കഴിവാണ്. പ്രവചിക്കാൻ സാധിക്കാത്ത പ്രതിസന്ധികളിലൂടെയും അപ്രതീക്ഷിത തിരിച്ചടികളിലൂടെയുമാണ് ഓരോരുത്തരും കടന്നുപോകുന്നത്. ഇതിൽ പലർക്കും അടിപതറുന്നു.
ചാറ്റ് ബോട്ടുകളും വെല്ലുവിളി
സാമൂഹിക, വൈകാരിക പിന്തുണ ലഭിക്കാതിരിക്കുന്ന സന്ദർഭങ്ങളിൽ കൗമാരക്കാരുടെ മാനസിക വ്യാപാരത്തെ ഇന്ന് നിർമ്മിത ബുദ്ധി കവർന്നെടുക്കുന്നു. ഇത്തരം സാദ്ധ്യതകളുടെ കമ്പോളവത്ക്കരണത്തിൽ കണ്ണും നട്ട് ചാറ്റ്‌ബോട്ടുകൾക്ക് വ്യക്തിത്വവും വൈകാരികതയും നൽകി കൗമാരക്കാരുടെ ഇഷ്ടത്തിനനുസരിച്ച് പെരുമാറാൻ അവയെ സജ്ജമാക്കി ഇന്ന് കമ്പോളത്തിൽ ലഭ്യമാക്കിയിരിക്കുന്നു. ചാറ്റ്‌ബോട്ടിനെ സുഹൃത്താക്കിയ സാൻഫ്രാൻസിസ്‌ക്കോയിലെ പതിനേഴുകാരൻ ചാറ്റ്‌ബോട്ടിന്റെ ഉപദേശപ്രകാരം ആത്മഹത്യ ചെയ്ത സംഭവം ലോകത്തെ ഞെട്ടിച്ചതാണ്. കൗമാരക്കാർ എത്തിപ്പെടുന്ന പ്രതിസന്ധികളെക്കുറിച്ചും അവയുടെ പരിഹാര മാർഗങ്ങളെക്കുറിച്ചും നിരവധി പഠനറിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. ജീവിത നിപുണികളും വൈകാരിക ഘടകവും പ്രതിസന്ധി പരിഹാര കഴിവും സ്വായത്തമാക്കാൻ കൗമാരക്കാർക്ക് സുസ്ഥിര ശാസ്ത്രീയ പരിശീലനം നൽകുക എന്നതാണ് പ്രധാനം. വിദ്യാഭ്യാസ സമ്പ്രദായത്തിൽ നിലനിൽക്കുന്ന അനരോഗ്യകരമായ മത്സര പ്രവണതയുടെ പ്രാമുഖ്യം കുറക്കുക എന്നതും പ്രധാനമാണ്. ലഹരി ഉൾപ്പടെയുള്ള അനാരോഗ്യ പ്രവണതകളെ ഉന്മൂലനം ചെയ്യാൻ നിയമനടപടികളിലൂടെ സുസ്ഥിര ശ്രമങ്ങളും നടത്തണം. കൗമാരക്കാർക്ക് ശാസ്ത്രീയ മനഃശാസ്ത്ര ചികിത്സാ സേവനങ്ങൾ ഉറപ്പാക്കാനുള്ള നടപടികളും സ്കൂൾ തലം മുതൽ നടപ്പിലാക്കേണ്ടതുണ്ട്.
(സ്റ്റാറ്റിസ്റ്റിക്സ് പ്രഫസറായ ലേഖകൻ തന്ത്രി കുടുംബാംഗമാണ്)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |