
ബംഗളുരു: തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചു വച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം സാനിയ മിർസ. അതിനെക്കുറിച്ച് അധികം ആർക്കും അറിയില്ലെന്നും സാനിയ പറഞ്ഞു. തന്റെ യുട്യൂബ് പോഡ്കാസ്റ്റായ സെർവിംഗ് ഇറ്റ് അപ് വിത്ത് സാനിയ എന്ന ഷോയിൽ സംസാരിക്കുകയായിരുന്നു അവർ. ബോളിവുഡ് സംവിധായികയും കോറിയോഗ്രഫറുമായ ഫറാഖാനായിരുന്നു അതിഥി.
അണ്ഡം ശീതികരിച്ച് സൂക്ഷിക്കാൻ തയ്യാറെടുത്തപ്പോൾ അടുത്ത സുഹൃത്തായ ഫാറാഖാനോടാണ് ഇക്കാര്യം പറഞ്ഞത് . ഫറാഖാനാണ് തനിക്ക് ഡോക്ടറെ പരിചയപ്പെടുത്തിയതെന്നും സാനിയ പറഞ്ഞു. ഫാറാഖാന്റെ ഡോക്ടറായ ഡോ. ഫിറൂസ പരീഖിനെയാണ് ഇതിനായി സമീപിച്ചതെന്നും സാനിയ പോഡ്കാസ്റ്റിൽ പറഞ്ഞു. ഇക്കാര്യം അധികം ആർക്കും അറിയില്ല. നമ്മുടെ പ്രായം മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നതിനാൽ ഞാൻ ഇത് എല്ലാവർക്കും ശുപാർശ ചെയ്യുന്നു. നിങ്ങൾക്ക് മറ്റൊരു കുട്ടി വേണമെന്നുണ്ടെങ്കിൽ ഇത് സഹായകരമാകും. മകൻ ഇസ്ഹാൻ ജനിച്ചതിന് ശേഷമാണ് ഞാൻ അണ്ഡം ശീതീകരിച്ച് സൂക്ഷിച്ചതെന്നും സാനിയ പരിപാടിയിൽ പറഞ്ഞു.
നേരത്തെ മലയാളത്തിലെ യുവനടി കനി കുസൃതിയും തന്റെ അണ്ഡം ശീതീകരിച്ച് സൂക്ഷിക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. എന്നെങ്കിലും ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലോ എന്ന് കരുതി അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ടെന്നായിരുന്നു കനി പറഞ്ഞത്. ഇനി തനിക്ക് വേണ്ടെങ്കിൽ എന്തെങ്കിലും കാരണം കൊണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾക്ക് അണ്ഡം നൽകാൻ തയ്യാറാണെന്നും കനി കുസൃതി വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |