
ആറുവർഷത്തിന് ശേഷമാണ് കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഒരു ടെസ്റ്റ് മത്സരം നടന്നത്. വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ഇന്ത്യൻ ടീമിൽ ഇല്ലാതിരുന്നിട്ടുകൂടി ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ മത്സരത്തിന് ദിവസങ്ങൾക്ക് മുന്നേതന്നെ ടിക്കറ്റുകൾ വിറ്റുതീർന്നിരുന്നു.എന്നാൽ ഇന്ത്യൻ ജയം കാണാൻ കാത്തിരുന്നവരെ മുഴുവൻ സങ്കടപ്പെടുത്തിക്കൊണ്ട് മൂന്നാം ദിവസം ചായ സമയത്തിന് മുന്നേ തന്നെ ഇന്ത്യ തോറ്റു. ആദ്യ ഇന്നിംഗ്സിൽ 30 റൺസ് ലീഡ് നേടിയ ശേഷമാണ് ലോക ടെസ്റ്റ് ചാമ്പ്യന്മാർക്ക് മുന്നിൽ ഇന്ത്യ കീഴടങ്ങിയത്. 15 വർഷത്തിന് ശേഷമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യൻ മണ്ണിൽ ഒരു ടെസ്റ്റ് വിജയം നേടുന്നത്. 2010ൽ നാഗ്പൂരിലായിരുന്നു ഇതിനുമുമ്പുള്ള ഇന്ത്യൻ മണ്ണിലെ അവരുടെ ടെസ്റ്റ് ജയം.
സത്യത്തിൽ ഈ തോൽവി ഇന്ത്യ ചോദിച്ചുവാങ്ങിയതാണ്. കളിയുടെ ആദ്യദിനം മുതൽ ചർച്ചയായത് ബൗളർമാരെ കണക്കറ്റ് തുണച്ച ഈഡനിലെ പിച്ചാണ്. മൂന്നുദിവസമായി 38 വിക്കറ്റുകളാണ് ഈഡനിൽ വീണുടഞ്ഞത്. ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറിന്റെ നിർദ്ദേശപ്രകാരമാണ് ക്യുറേറ്റർ സുജൻ മുഖർജി ഇത്തരത്തിലൊരു പിച്ചൊരുക്കിയത്.മത്സരം തുടങ്ങുന്നതിന് നാലുദിവസം മുമ്പ് പിച്ചിൽ വെള്ളമൊഴിക്കുന്നത് നിറുത്തിവച്ചിരുന്നു. ഇതോടെ ആദ്യ ദിവസത്തിന് ശേഷം പിച്ച് പൊടിഞ്ഞിളകാൻ തുടങ്ങി.രണ്ടും മൂന്നും ദിവസങ്ങളിൽ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ കഴിയാത്ത രീതിയിലായി. ബൗൺസ് ഇല്ലാതെയായി. ബാറ്റർമാർക്ക് പിടികിട്ടാത്ത ടേണിംഗും.
ഈ പരീക്ഷണത്തിൽ ഇന്ത്യൻ ബാറ്റർമാർക്ക് പിടിച്ചുനിൽക്കാൻ കഴിയാതെപോയി. അതേസമയം മൂന്നാം ദിവസം രാവിലത്തെ സെഷനിൽ ടെംപ ബൗമയും കോർബിൻ ബാഷും ചേർന്ന് എട്ടാം വിക്കറ്റിൽ നേടിയ 44 റൺസാണ് കളിയിൽ വഴിത്തിരിവ് സൃഷ്ടിച്ചത്. രണ്ടാം ഇന്നിംഗ്സിൽ ഇത്തരത്തിലൊരു കൂട്ടുകെട്ട് ഇന്ത്യൻ ബാറ്റർമാർക്ക് സൃഷ്ടിക്കാനായില്ല. നായകൻ ശുഭ്മാൻ ഗിൽ കഴുത്തിന് പരിക്കേറ്റ് ആദ്യ ഇന്നിംഗ്സിലേ റിട്ടയേഡ് ഹർട്ടായത് ഇന്ത്യയെ ഏറെവേദനിപ്പിച്ചു.
പതിവാകുന്ന
ചേസിംഗ് ദുരന്തം
കൊൽക്കത്തയിൽ രണ്ടാം ഇന്നിംഗ്സിൽ ജയിക്കാൻ ഇന്ത്യയ്ക്ക് 124 റൺസ് മതിയായിരുന്നു. എന്നാൽ 93 റൺസിന് ദക്ഷിണാഫ്രിക്ക ഇന്ത്യയെ ചുരുട്ടിക്കെട്ടി. ഇന്ത്യ ചേസിംഗിന് ശ്രമിച്ച് പരാജയപ്പെടുന്ന ഏറ്റവും കുറഞ്ഞ രണ്ടാമത്തെ ടോട്ടലാണിത്. 1997ൽ വിൻഡീസിനെതിരെ ബ്രിജ്ടൗണിൽ 120 റൺസ് ചേസ് ചെയ്യാനാകാതെ തോറ്റിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ രണ്ടാം ഇന്നിംഗ്സിൽ ചേസ് ചെയ്യാനാകാത്ത ഏറ്റവും ചെറിയ ടോട്ടൽ ഇതാണ്.
ഇതാദ്യമായല്ല ടെസ്റ്റിൽ 200 റൺസിൽ താഴെയുള്ള വിജയലക്ഷ്യം നേടാൻ കഴിയാതെ ഇന്ത്യ ആൾഔട്ടാകുന്നത്. ഒരുവർഷത്തിനിടെ തന്നെ മൂന്നുതവണ ഇത് സംഭവിച്ചു. 2024ൽ ന്യൂസിലാൻഡിന് എതിരായ വാങ്കഡെ ടെസ്റ്റിൽ 147 റൺസ് ചേസ് ചെയ്യാനിറങ്ങി തോറ്റു. ഈവർഷം ഇംഗ്ളണ്ട് പര്യടനത്തിലെ ലോഡ്സ് ടെസ്റ്റിൽ 193 റൺസ് ചേസ് ചെയ്യാനായില്ല.
വിദേശത്തല്ല സ്വന്തം മണ്ണിലാണ് പലപ്പോഴും ഗംഭീറിനും സംഘത്തിനും കാലിടറുന്നത്. കഴിഞ്ഞ വർഷം ന്യൂസിലാൻഡിന് എതിരായ ഹോം സിരീസിലെ മൂന്നുടെസ്റ്റുകളും തോറ്റുതുന്നം പാടേണ്ടിവന്നു. പിന്നീട് ഇന്ത്യൻ മണ്ണിൽ ടെസ്റ്റ് നടന്നത് കഴിഞ്ഞമാസമാണ്. ദുർബലരായ വിൻഡീസിനെതിരെ പരമ്പരയിലെ രണ്ട് ടെസ്റ്റുകളും ജയിച്ചു. പക്ഷേ ലോക ചാമ്പ്യന്മാരായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ആ കളിയും കൊണ്ട് ചെന്നാൽ മതിയാവില്ലെന്ന് കൊൽക്കത്തയിൽ തെളിഞ്ഞു.
ടീമിന് തിരിച്ചടിയാകുന്ന
കോച്ചിന്റെ പിടിവാശികൾ
താൻ പരിശീലകസ്ഥാനം ഏറ്റെടുക്കുമ്പോൾ പൂർണസ്വാതന്ത്ര്യമാണ് ഗംഭീർ ബി.സി.സി.ഐയോട് ആവശ്യപ്പെട്ടത്. അത് ലഭിക്കുകയും ചെയ്തു. എന്നാൽ തന്റെ തീരുമാനങ്ങൾ നടപ്പിലാക്കാനുള്ള ഗഭീറിന്റെ പിടിവാശി ടീമിലെ സീനിയർ താരങ്ങളുടെ കൊഴിഞ്ഞുപോക്കിനാണ് വഴിവച്ചത്. കഴിഞ്ഞ ഓസ്ട്രേലിയൻ പര്യടനത്തിനിടെ അശ്വിൻ പടിയിറങ്ങിപ്പോയതും വിരാട് കൊഹ്‌ലിയും രോഹിത് ശർമ്മയും ടെസ്റ്റിൽ നിന്ന് വിരമിച്ചതും ഗംഭീറുമായി ചേർന്നുപോകാൻ കഴിയാത്തതിനാലായിരുന്നു. തന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന ശുഭ്മാൻ ഗില്ലിനെ നായകനാക്കിയതും ഗംഭീറിന്റെ പിടിവാശിപ്പുറത്തായിരുന്നു. ത്തർഷിത് റാണയെപ്പോലെ തനിക്ക് വേണ്ടപ്പെട്ടവരെ ടീമിലെടുക്കാൻ തയ്യാറാകുന്ന ഗംഭീർ പരിക്ക് മാറിയിട്ടും മുഹമ്മദ് ഷമിക്ക് അവസരം നൽകാത്തത് സമീപകാലത്ത് ഏറെ ചർച്ചകൾക്ക് വഴിവച്ചിരുന്നു. കോച്ചിനും സെലക്ടമാർക്കുമെതിരെ പരസ്യമായി പ്രതികരിക്കേണ്ട ഗതികേടിലേക്ക് വരെ ഷമിയെ എത്തിച്ച് അതിന്റെ പേരിൽ താരത്തെ വീണ്ടും ചവിട്ടിത്താഴ്ത്താനുള്ള ശ്രമമാണ് ഗംഭീർ നടത്തുന്നത്.
ട്വന്റി-20യല്ല ടെസ്റ്റ്
കോച്ചെന്ന നിലയിൽ ട്വന്റി-20 ഫോർമാറ്റിൽ ഗംഭീർ മികച്ച ട്രാക്ക് റെക്കാഡ് കാത്തുസൂക്ഷിക്കുന്നു. എന്നാൽ ടെസ്റ്റിലും ട്വന്റി-20 ശൈലിയിൽ കളിക്കണമെന്നാണ് ഗംഭീറിന്റെ നിലപാട്. കിവീസിനെതിരായ പരമ്പരയിൽ ഈ ആറ്റിറ്റ്യൂഡാണ് തുടർച്ചയായ മൂന്നുപരാജയങ്ങളിലേക്ക് നയിച്ചത്. എന്നാൽ പിന്നീടും തന്റെ ശൈലിയിൽ നിന്ന് പിന്നോട്ടുപോകാൻ ഗംഭീർ തയ്യാറായിട്ടില്ല. ഒരു പതിറ്റാണ്ടിന് മുമ്പ് ധോണിയിൽ നിന്ന് അപ്രതീക്ഷിതമായി ടെസ്റ്റ് ക്യാപ്ടൻസി ഏറ്റെടുക്കേണ്ടിവന്ന വിരാട് കൊഹ്‌ലി രവി ശാസ്ത്രി എന്ന കോച്ചിന് കീഴിൽ ഇന്ത്യയെ എത്തിച്ച ഉന്നതികളിൽ നിന്നുള്ള താഴേക്കുപോക്കാണ് ഇപ്പോൾ നടക്കുന്നത്. കഴിഞ്ഞ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ കളിക്കാൻ കഴിയാതിരുന്ന ഇന്ത്യ പുതിയ സീസണിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് . ഇക്കുറിയും ഫൈനലിൽ കളിക്കാനായില്ലെങ്കിൽ പരിശീലകസ്ഥാനത്ത് ഗംഭീറിനെ തുടർന്നുവാഴിക്കാൻ ബി.സി.സി.ഐ തയ്യാറാകണമെന്നില്ല.
കോച്ച് ഗംഭീർ
ട്വന്റി-20
22 മത്സരങ്ങൾ
20 ജയങ്ങൾ
2 തോൽവികൾ
ഏകദിനങ്ങൾ
14 മത്സരങ്ങൾ
9 ജയങ്ങൾ
4 തോൽവികൾ
1 സമനില
ടെസ്റ്റ്
18 മത്സരങ്ങൾ
7 ജയങ്ങൾ
9 തോൽവികൾ
2 സമനില
ഇന്ത്യൻ ക്യാമ്പ് ആവശ്യപ്പെട്ട അതേ രീതിയിലാണ് പിച്ച് തയ്യാറാക്കിക്കൊടുത്തത്. അതുകൊണ്ട് പിച്ച് മോശമെന്നുപറഞ്ഞ് ക്യുറേറ്റർ സുജാൻ മുഖർജിയുടെ മേൽ കുതിരകയറാൻ വേണ്ടിവരേണ്ട
- സൗരവ് ഗാംഗുലി, ബംഗാൾ ക്രിക്കറ്റ് അസോ. പ്രസിഡന്റ്
ഈഡനിലേത് ബാറ്റ് ചെയ്യാൻ പറ്റാത്ത പിച്ചൊന്നുമായിരുന്നില്ല. ഇത്തരം പിച്ചുകളിലാണ് കളിക്കാർ പ്രതിഭ തെളിയിക്കേണ്ടത്. ഞങ്ങൾ ആവശ്യപ്പെട്ട പിച്ചുതന്നെ കിട്ടി. പക്ഷേ അവിടെ വേണ്ടരീതിയിൽ കളിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇതുതന്നെയായിരിക്കും ഫലം.
- ഗൗതം ഗംഭീർ, ഇന്ത്യൻ കോച്ച്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |