
പ്രളയം, മണ്ണിടിച്ചിൽ പോലുള്ള പ്രകൃതിദുരന്തങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്കായി സ്വയം പറന്നുയരുന്ന (Autonomous) ഒരു നൂതന ക്വാഡ്കോപ്റ്റർ വികസിപ്പിച്ചെടുത്ത് കോഴിക്കോട് എൻഐടി വിദ്യാർഥി കൂട്ടായ്മ ദേശീയ തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. 'ടീം പറവൈ' എന്ന പേരിലുള്ള ഈ സംഘം രൂപകൽപ്പന ചെയ്ത സെർച്ച് ആൻഡ് റെസ്ക്യൂ ഡ്രോൺ, ചെന്നൈയിൽ നടന്ന എസ്എഇ എയറോത്തോൺ 2025-ൽ ആണ് അവതരിപ്പിച്ചത്. പരിപാടിയിൽ പങ്കെടുത്ത വിദഗ്ധരുടെയടക്കം പ്രശംസ പിടിച്ചുപറ്റിയ ഈ സാങ്കേതികവിദ്യയെക്കുറിച്ച് അറിയാം.
പദ്ധതിയുടെ തുടക്കം
കഴിഞ്ഞ ഓഗസ്റ്റിൽ രൂപീകരിച്ച 15 അംഗ വിദ്യാർത്ഥി സംഘമാണ്, കാലാവസ്ഥാ പ്രതിസന്ധി മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തന ഏജൻസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഈ കോംപാക്ട് ഏരിയൽ സിസ്റ്റം (Compact Aerial System) രൂപകൽപ്പന ചെയ്തത്. ബിടെക് വിദ്യാർത്ഥികളായ ധനുഷ്, ഡഫി, രെഹാൻ, ഇൻസാഫ്, ജിയാവന്ത്, രാഹുൽ എന്നിവരാണ് ഈ പ്രോജക്ടിന് നേതൃത്വം നൽകിയത്.
സമയപരിമിതികൾക്കിടയിലും, മത്സരം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പാണ് സംഘം ഡിസൈൻ പൂർത്തിയാക്കി സിസ്റ്റം സംയോജനം വിജയകരമായി നടത്തിയത്. കോകോസ്.എ.ഐ. (Kokos.AI) എന്ന സ്ഥാപനം സാമ്പത്തികമായും സാങ്കേതികമായും ഈ പദ്ധതിക്ക് പൂർണ പിന്തുണയും നൽതി.
ഡ്രോണിന്റെ പ്രധാന പ്രത്യേകതകൾ
വെറും 2 കിലോഗ്രാം ഭാരമുള്ള ഈ ക്വാഡ്കോപ്റ്റർ, കാർബൺ ഫൈബർ സംയോജിത വസ്തുക്കളും ത്രിമാന പ്രിന്റഡ് പി.എ.12-ഉം ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഡ്രോണിന് ഭാരം കുറവും ഈടുനിൽപ്പും ഉറപ്പാക്കുന്നു. യഥാർഥ രക്ഷാപ്രവർത്തനങ്ങൾക്ക് അനുയോജ്യമായ നിരവധി അത്യാധുനിക സവിശേഷതകളാണ് ഇതിലുള്ളത്.
സാങ്കേതികവിദ്യാധിഷ്ഠിത ദുരന്തനിവാരണ രംഗത്ത് വലി മുന്നേറ്റമായാണ് ഈ പ്രോജക്ടിനെ കണക്കാക്കുന്നത്. വിദ്യാർത്ഥികൾ നേടിയെടുത്ത ഈ നേട്ടത്തിൽ എൻഐടി അധികൃതർ അഭിനന്ദനം അറിയിച്ചു. ഭാവിയിൽ ആവശ്യമായ എല്ലാ ഗവേഷണങ്ങൾക്ക് പിന്തുണയും ഉറപ്പ് നൽകിയിട്ടുണ്ട്. ഡ്രോണിന്റെ പ്രവർത്തന ദൈർഘ്യം വർദ്ധിപ്പിക്കാനും കൂടുതൽ കാര്യക്ഷമമായ പേലോഡ് ശേഷി ഉൾപ്പെടുത്താനും 'ടീം പറവൈ'ക്ക് പദ്ധതിയുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |