
മലയാളികൾക്ക് ചായ വെറുമൊരു പാനീയം മാത്രമല്ല, അതൊരു വികാരം കൂടിയാണ്. ചിലപ്പോഴൊക്കെ ചില കൊച്ചുവർത്തമാനങ്ങൾക്ക്, ഒറ്റപ്പെടലിൽ നിന്ന് പുറത്ത് കടക്കാൻ, ഉന്മേഷത്തിന് അങ്ങനെ പല ഘടകങ്ങളാണ് ഓരോ ചായയ്‌ക്കും പിന്നിലുള്ളത്. രാവിലെയും വൈകുന്നേരവുമുള്ള ചായകുടി നമുക്കൊരു ശീലമാണെങ്കിലും പലപ്പോഴും അഞ്ചിൽ കുറയാതെ ചായകുടിക്കുന്ന ചായപ്രേമികളും ഉണ്ട്.
ചായകളിലും വൈവിദ്ധ്യങ്ങൾ ഒരുപാടാണ്. തേയില, പഞ്ചസാര, പാൽ തുടങ്ങിയവയുടെ അളവിലെ ഏറ്റക്കുറച്ചിലുകളാലും ചായയുടെ രുചി വ്യത്യാസപ്പെടുന്നു. ചായ നമുക്ക് നൽകുന്ന ഉന്മേഷം ചെറുതല്ല. വ്യത്യസ്ത തരം ചായകൾ ഹൃദയാരോഗ്യത്തെ പിന്തുണയ്ക്കുകയും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും ദഹനത്തെ സഹായിക്കുകയും ചെയ്യും. എന്നാൽ, പലപ്പോഴും ചായ കുടിക്കുമ്പോൾ നാം ചെയ്യുന്ന തെറ്റുകൾ നമ്മുടെ ഹൃദയാരോഗ്യത്തെ വരെ ബാധിച്ചേക്കാം . അടുത്തിടെ, എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവകലാശാലകളിൽ പരിശീലനം നേടിയ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ സൗരഭ് സേഥി അത്തരം ചില ശീലങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു.
1. വെറും വയറ്റിൽ ചായ കുടിക്കുന്നത്
പലപ്പോഴും രാവിലെ നമ്മൾ ചായ കുടിക്കുന്നത് ഒഴിഞ്ഞ വയറ്റിലാകും. എന്നാൽ, ഇത് ആമാശയ പാളിയെ പ്രകോപിപ്പിക്കും, ഇത് റിഫ്ലക്സ്, ഓക്കാനം, പൊതുവായ അസ്വസ്ഥത തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകും. ഭക്ഷണം കഴിച്ചതിനുശേഷം ചായ കുടിക്കുന്നതാണ് പൊതുവെ നല്ലത്.
2. സൂപ്പർ ഹോട്ട് ചായ
65 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള താപനിലയിൽ പതിവായി ചായ കുടിക്കുന്നത് അന്നനാളത്തിൽ കാൻസർ വരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കുടിക്കുന്നതിനുമുമ്പ് ചായ അൽപ്പം തണുപ്പിക്കുന്നത് അത് സുരക്ഷിതമാക്കും.
3. രാത്രി വൈകി ചായ അല്ലെങ്കിൽ ഗ്രീൻ ടീ കുടിക്കുന്നത്
ഈ ചായകളിലെ കഫീൻ മണിക്കൂറുകളോളം നീണ്ടുനിൽക്കുകയും ഉറക്കത്തെ തടസ്സപ്പെടുത്തുകയും ചെയ്യും, ഇത് കരളിന്റെ പ്രവർത്തനങ്ങൾക്കും മൊത്തത്തിലുള്ള ക്ഷേമത്തിനും നിർണായകമാണ്.
4. പഞ്ചസാരയുടെ അളവ്
കോൾഡ് ചായകളിലോ പാൽ ചായകളിലോ 30-40 ഗ്രാം വരെ പഞ്ചസാര ഉപയോഗിക്കാറുണ്ട്, ഇത് ഫാറ്റി ലിവറിനും പ്രമേഹ സാധ്യതയ്ക്കും കാരണമാകുമെന്ന് ഡോ സേഥി പറയുന്നു. മധുരമില്ലാത്ത ചായ കുടിക്കുന്നതിലൂടെയോ പഞ്ചസാര പരിമിതപ്പെടുത്തുന്നതിലൂടെയോ ഈ അപകടസാധ്യതകൾ ലഘൂകരിക്കാനാകും.
5. ഡീടോക്സ് അല്ലെങ്കിൽ സ്ലിമ്മിംഗ് ടീ
പലപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിനുള്ള എളുപ്പ പരിഹാരങ്ങളായി വിൽക്കപ്പെടുന്ന ഇത്തരം ചായകൾ ദീർഘകാലത്തേക്ക് ഉപയോഗിച്ചാൽ നിർജ്ജലീകരണം, ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥ, കുടലിന് കേടുപാടുകൾ എന്നിവയ്ക്ക് കാരണമാകും.
6. ഗ്രീൻ ടീ സത്ത് അമിതമായി ഉപയോഗിക്കരുത്
ഗ്രീൻ ടീ പൊതുവെ സുരക്ഷിതമാണെങ്കിലും, സാധാരണയായി സപ്ലിമെന്റുകളിൽ കാണപ്പെടുന്ന ഉയർന്ന അളവിലുള്ള ഗ്രീൻ ടീ സത്ത് കരളിൽ വിഷബാധയേൽക്കുന്നതിന് കാരണമാകാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |