
വർഷാവർഷം പ്രീമിയം ഉയർത്തുന്നതിൽ ആശങ്ക
കൊച്ചി: ആരോഗ്യ ഇൻഷ്വറൻസ് പ്രീമിയം ഓരോ വർഷവും അസാധാരണമായി വർദ്ധിപ്പിക്കുന്ന കമ്പനികൾക്ക് മൂക്കുകയറിടാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. ഇതിനായി ഇൻഷ്വറൻസ് റെഗുലേറ്ററി അതോറിറ്റി, ഇൻഷ്വറൻസ് കമ്പനികൾ, ആശുപത്രി പ്രതിനിധികൾ എന്നിവരുമായി ചർച്ചകൾ ആരംഭിച്ചു. കുതിച്ചുയരുന്ന ചികിത്സ ചെലവുകളും ക്ളെയിം സെറ്റിൽമെന്റുകളിലുണ്ടാകുന്ന കാലതാമസവും ഇൻഷ്വറൻസ് മേഖലയെ അവതാളത്തിലാക്കുമെന്ന് സർക്കാർ വിലയിരുത്തുന്നു. പ്രീമിയത്തിന് പരിധി നിശ്ചയിച്ചും ഏജന്റ് കമ്മീഷൻ കുറച്ചും സുതാര്യത ഏർപ്പെടുത്തിയും ഇൻഷ്വറൻസ് മേഖലയെ ശുദ്ധീകരിക്കാനാണ് നീക്കം.
പുതിയ നിർദേശങ്ങൾ അവലോകനത്തിനായി ഇൻഷ്വറൻസ് ഡെവലപ്പ്‌മെന്റ് റെഗുലേറ്ററി അതോറിറ്റിയ്ക്ക്(ഐ.ആർ.ഡി.എ) കൈമാറി. സെറ്റിൽമെന്റ് നടപടികൾ ഡിജിറ്റലൈസ് ചെയ്‌ത് ക്രമീകരിക്കുന്നതിനായി ദേശീയ ആരോഗ്യ ക്ളെയിംസ് എക്‌സ്ചേഞ്ചുമായി യോജിച്ച് പ്രവർത്തിക്കാനും ഐ.ആർ.ഡി.എയോട് നിർദേശിച്ചിട്ടുണ്ട്.
കേന്ദ്ര സർക്കാർ ആരോഗ്യ, ലൈഫ് ഇൻഷ്വറൻസ് പ്രീമിയത്തിന്റെ ചരക്കു സേവന നികുതി(ജി.എസ്.ടി) ഒഴിവാക്കിയ നടപടിയുടെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്താനും അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ ഇൻഷ്വറൻസിൽ പരാതികൾ ഏറുന്നു
ആശുപത്രി ചെലവുകൾ പൂർണമായും സെറ്റിൽ ചെയ്യുന്നതിൽ ഇൻഷ്വറൻസ് കമ്പനികൾ കടുത്ത ഉദാസീനത പ്രകടിപ്പിക്കുന്നുവെന്നാണ് ഐ.ആർ.ഡി.എയുടെ വിലയിരുത്തൽ. ഇക്കാര്യത്തിൽ തുടർച്ചയായ പരിശോധന നടത്തുന്നുണ്ടെന്ന് ഐ.,ആർ.ഡി.എ ചെയർമാൻ അജയ് സേത്ത് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മുതിർന്ന പൗരന്മാരുടെ പ്രീമിയം തുക ഓരോ വർഷവും കമ്പനികൾ കുത്തനെ ഉയർത്തുന്ന നടപടിയും അതോറിറ്റി വിലക്കിയിട്ടുണ്ട്.
ഉയർന്ന ഏജന്റ് കമ്മീഷൻ
നിലവിൽ പല കമ്പനികളും പുതിയ ഇൻഷ്വറൻസ് പോളിസികളിൽ ഏജന്റ് കമ്മീഷനായി 20 ശതമാനം വരെ തുകയാണ് നൽകുന്നത്. പോളിസി പുതുക്കുമ്പോൾ പത്ത് ശതമാനം വരെയും കമ്മീഷൻ ലഭിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |