
ന്യൂയോർക്ക് : യു.എസ് മുൻ പ്രസിഡന്റ് ജോ ബൈഡനെതിരെ ബംഗ്ളാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മകൻ സജീബ് വാസേദ് രംഗത്ത്. ബംഗ്ലാദേശിലെ ഭരണമാറ്റത്തിനായി ബൈഡൻ ഭരണകൂടം കോടിക്കണക്കിന് ഡോളർ ചെലവഴിച്ചെന്നാണ് സജീബിന്റെ ആരോപണം. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായ ശേഷം യു.എസിന്റെ നിലപാടിൽ മാറ്റംവന്നെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ വിരുദ്ധ പ്രക്ഷോഭത്തെ തുടർന്ന് അധികാരമൊഴിഞ്ഞ് ഇന്ത്യയിലേക്ക് പലായനം ചെയ്ത ഹസീനയ്ക്ക് ബംഗ്ലാദേശ് കോടതി വധശിക്ഷ വിധിച്ച പിന്നാലെയാണ് സജീബിന്റെ പ്രതികരണം. ' പ്രതിപക്ഷ പാർട്ടികൾ ബഹിഷ്കരിച്ച 2024ലെ ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിന് എതിരായി യു.എസ് മാത്രമാണ് പ്രസ്താവന നടത്തിയത്. ഇന്ത്യ എപ്പോഴും ബംഗ്ലാദേശിന്റെ നല്ല സുഹൃത്താണ്. പ്രതിസന്ധി ഘട്ടത്തിൽ തന്റെ അമ്മയുടെ ജീവൻ രക്ഷിച്ചു" - സജീബ് പറഞ്ഞു. ഹസീന ബംഗ്ലാദേശ് വിട്ടില്ലായിരുന്നെങ്കിൽ വധിക്കപ്പെട്ടേനെ എന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ വർഷം ജൂലായ് - ആഗസ്റ്റ് കാലയളവിൽ തൊഴിൽ സംവരണത്തിനും അഴിമതിക്കും എതിരെ വിദ്യാർത്ഥികൾ നടത്തിയ പ്രക്ഷോഭത്തിനിടെ 1,400ഓളം പേർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചത്. തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഹസീന പ്രതികരിച്ചിരുന്നു.
തന്റെ രാജിക്കും അതിന് കാരണമായ വിദ്യാർത്ഥി പ്രക്ഷോഭത്തിനും പിന്നിൽ യു.എസിന്റെ ഗൂഢാലോചനയാണെന്നും ബംഗാൾ ഉൾക്കടലിലെ സെന്റ് മാർട്ടിൻസ് ദ്വീപ് യു.എസിന് വിട്ടുകൊടുക്കാൻ വിസമ്മതിച്ചതാണ് കാരണമെന്നും ഹസീന മുമ്പ് ആരോപിച്ചിരുന്നു. ഇടക്കാല സർക്കാർ തലവൻ മുഹമ്മദ് യൂനുസിന് തീവ്രവാദ ബന്ധമുണ്ടെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. ഹസീനയുടെ മകൻ നിലവിൽ യു.എസിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |