
കൊൽക്കത്ത: വൃദ്ധയുടെ പേരിലുള്ള പാഴ്സലിൽ മയക്കുമരുന്ന് ഉണ്ടെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ മൂന്ന് പേർ അറസ്റ്റിൽ. എഴുപത്തിയെട്ട് ലക്ഷം രൂപയാണ് പ്രതികൾ വയോധികയിൽ നിന്ന് കൈക്കലാക്കിയത്. ഗുജറാത്തിൽ നിന്നാണ് മൂന്ന് പേരും പിടിയിലായത്.
2024 മാർച്ച് ഒൻപതിനാണ് കൊൽക്കത്തയിലെ മണിക്തല സ്വദേശിയായ ദീപൻവിത ധറിന് അജ്ഞാത നമ്പരിൽ നിന്ന് ഒരു കോൾ വന്നത്. തന്റെ പേരിൽ വന്ന പാഴ്സൽ ക്യാൻസൽ ചെയ്‌തെന്ന് അറിയിച്ചുകൊണ്ടുള്ളതായിരുന്നു ഫോൺ കോൾ. അതിൽ പറഞ്ഞിട്ടുള്ള കസ്റ്റമർ കെയർ നമ്പരിൽ വിളിച്ച് വയോധിക കാര്യം അന്വേഷിക്കുകയും ചെയ്തു.
മുംബയിൽ നിന്നുള്ള ആരോ ആണ് പാഴ്സൽ അയച്ചതെന്നായിരുന്നു കസ്റ്റമർ കെയറിലുള്ളവർ പറഞ്ഞത്. പാഴ്സലിൽ 200 ഗ്രാം മയക്കുമരുന്ന് ഉണ്ടായിരുന്നെന്നും അവർ വ്യക്തമാക്കി. മുംബയ് പൊലീസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേനയായിരുന്നു തട്ടിപ്പുസംഘം വയോധികയോട് സംസാരിച്ചത്.
ബാങ്കിൽ സെക്യൂരിറ്റി തുക നിക്ഷേപിക്കണമെന്നും ഇതേക്കുറിച്ച് മറ്റാരോടും പറയരുതെന്നും വയോധികയോട് അവർ പറഞ്ഞു. പ്രതികൾ നൽകിയ അക്കൗണ്ട് നമ്പരിൽ 78 ലക്ഷം രൂപ അയക്കുകയും ചെയ്‌തു. പിന്നീടാണ് പറ്റിക്കപ്പെട്ടെന്ന് വയോധികയ്ക്ക് മനസിലായത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അറസ്റ്റിലായവരെ ചോദ്യം ചെയ്‌തുകൊണ്ടിരിക്കുകയാണ്. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും സംഭവത്തിന് പിന്നിൽ കൂടുതൽ പേരുണ്ടോയെന്ന് പരിശോധിക്കുന്നുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |