
തിരുവനന്തപുരം: സുവിശേഷക വിദ്യാർത്ഥി അലനെ (19) കുത്തിക്കൊന്ന സംഭവത്തിൽ മുഖ്യപ്രതി അജിൻ എന്ന ജോബി ഉൾപ്പെടെ അഞ്ച് പ്രതികൾ കോടതിയിൽ കീഴടങ്ങി. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്ന് ജഡ്ജ് ടാനിയ മരിയം ജോസിന് മുമ്പാകെയാണ് കീഴടങ്ങിയത്. പ്രതികളെ റിമാൻഡ് ചെയ്‌തു.
ഒന്നാം പ്രതി ജഗതി ടി.സി 16/993ൽ അജിൻ എന്ന ജോബി (23),ജഗതി സന്ദീപ് ഭവനിൽ അഭിജിത്ത് എന്ന അപ്പു,ജഗതി ടി.സി 16/5ൽ കിരൺ എന്ന ചക്കുമോൻ,തിരുമല വലിയവിള സ്വദേശി നന്ദു എന്ന ജോക്കി,പന്നിയോട് കലവുപാറ ചരുവിളവീട്ടിൽ അഖിൽ ലാൽ എന്ന ആരോൺ എന്നിവരാണ് ഇന്നലെ വൈകിട്ട് മൂന്നോടെ കീഴടങ്ങിയത്. അഞ്ചുപേരെയും കന്റോൺമെന്റ് പൊലീസ് കഴിഞ്ഞ മൂന്നുദിവസമായി അന്വേഷിച്ചുവരികയായിരുന്നു.
നേരത്തെ സന്ദീപ്,അഖിലേഷ് എന്നിവരെയും പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 16കാരനായ വിദ്യാർത്ഥിയാണ് ഫുട്ബാൾ കളിക്കിടെയുണ്ടായ തർക്കം പറഞ്ഞുതീർക്കുന്നതിന് ക്രിമിനലുകളായ മുതിർന്നവരെ ഒപ്പംകൂട്ടി പ്രശ്‌നം പറഞ്ഞുതീർക്കാനെന്ന പേരിൽ തൈക്കാട് ശാസ്താക്ഷേത്രത്തിനടുത്ത് എത്തിച്ചത്. തർക്കം മുറുകിയതോടെ പ്രതികളോട് മാറിപ്പോകാൻ പറഞ്ഞ അലനെ അഭിജിത്ത് ഹെൽമറ്റുകൊണ്ട് തലയ്‌ക്കടിച്ച് വീഴ്‌ത്തുകയും ജോബി കുത്തുകയുമായിരുന്നു.
അലന്റെ കൊലപാതകത്തിൽ പൊലീസ് അറസ്റ്റ് ചെയ്തവരും കീഴടങ്ങിയതുമായ പ്രതികളുടെ എണ്ണം ഇതോടെ ഒമ്പതായി. പ്രതികളുടെ കസ്റ്റഡി അപേക്ഷ ഇന്ന് നൽകുമെന്ന് സർക്കാർ അഭിഭാഷകൻ കല്ലംപള്ളി മനു അറിയിച്ചു. ഇവരെ കസ്റ്റഡിയിൽ വാങ്ങിച്ചശേഷം ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുമെന്നും തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |