
കൊച്ചി: ലിവിംഗ് ടുഗദർ പങ്കാളിയെ തല്ലിച്ചതച്ച യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി എറണാകുളം തേവര ക്ലിന്റ് റോഡിൽ അലുക്കൽ വീട്ടിൽ ഗോപു പരമശിവനെ (32) മരട് പൊലീസ് അറസ്റ്റു ചെയ്തു. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി. ചേരാനെല്ലൂർ വടുതല ചാണ്ടി റോഡിൽ അമ്പാട്ടുവീട്ടിൽ ഫിലോമിന ടെസിക്കാണ് (36) മർദ്ദനമേറ്റത്. ഗുരുതരമായി പരിക്കേറ്റു. സംഭവത്തെത്തുടർന്ന് ഗോപുവിനെ ചുമതലകളിൽ നിന്നു നീക്കിയതായി യുവമോർച്ച അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.
അവിവാഹിതനായ ഗോപുവും രണ്ടു മക്കളുള്ള ടെസിയും ഫേസ് ബുക്കിലൂടെ പരിചയപ്പെട്ടാണ് പ്രണയത്തിലായത്. കുട്ടികളെയും ഭർത്താവിനെയും ഉപേക്ഷിച്ച ടെസി, ഗോപുവിനൊപ്പം അഞ്ചു വർഷമായി വൈറ്റില ജവഹർ ക്രോസ് റോഡിൽ വാടകയ്‌ക്ക് താമസിക്കുകയാണ്. വ്യാഴാഴ്ച വൈകിട്ട് മൂന്നോടെ ഗോപുവിന്റെ ഷർട്ട് തേയ്‌ക്കാനായി ടെസി മേശയ്‌ക്ക് മുകളിലിരുന്ന ഹെൽമെറ്റ് താഴെവച്ചതാണ് പ്രകോപന കാരണം. ഹെൽമെറ്റിൽ അഴുക്കായെന്ന് ആക്രോശിച്ച് ഗോപു ക്രൂരമായി മർദ്ദിച്ചു. മുഖത്തും ദേഹത്തും ഇടിച്ചു. മൊബൈൽ ചാർജർ ഉപയോഗിച്ച് അടിച്ചു.
2021മുതൽ ഗോപു മർദ്ദിക്കാറുണ്ടെന്നാണ് ടെസിയുടെ മൊഴി. ഒരിക്കൽ ഭർത്താവിനും മക്കൾക്കുമൊപ്പം പോയതിനും മർദ്ദിച്ചു. ടെസിയെ വീടിനു പുറത്തേക്ക് ഇയാൾ വിടാറുണ്ടായിരുന്നില്ല.
പരാതി നൽകി, കുടുങ്ങി
ക്രൂരമായ മർദ്ദനത്തെ തുടർന്ന് പ്രാണരക്ഷാർത്ഥം വീടുവിട്ടിറങ്ങിയ ടെസി ഗോപുവിന്റെ അടുത്ത ബന്ധുവിന്റെ വീട്ടിൽ അഭയംതേടി. രാത്രിയായിട്ടും ടെസി തിരികെ വരാതായതോടെ ഗോപു മരട് സ്റ്റേഷനിൽ പരാതി നൽകി. ടെസിയെ കണ്ടെത്തിയ പൊലീസ് പിറ്റേന്ന് ഇരുവരും സ്‌റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചു. സ്റ്റേഷനിലെത്തിയപ്പോഴാണ് ടെസി മർദ്ദന വിവരം പറഞ്ഞത്. തുടർന്ന് കേസെടുത്ത് ഗോപുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |