കൊച്ചി: എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ കയറുന്നതിനിടെ യാത്രക്കാരന്റെ 1.36 ലക്ഷം രൂപയുടെ മൊബൈൽ ഫോൺ മോഷണം പോയി. തെലങ്കാന നൽഗോണ്ട സ്വദേശി സതാലൂർ മണികുമാറിന്റെ മൊബൈലാണ് കവർന്നത്.
വൈകിട്ട് 6ന് സ്റ്റേഷനിലെ രണ്ടാംനമ്പർ പ്ലാറ്റ്ഫോമിൽ നിന്ന് തിരുവനന്തപുരം - നിസാമുദ്ദീൻ സൂപ്പർഫാസ്റ്റ് എക്സ്‌പ്രസ് ട്രെയിനിലെ എ രണ്ട് കോച്ചിൽ കയറുമ്പോഴായിരുന്നു സംഭവം. ഈ സമയം കോച്ചിൽ നിന്ന് ഇറങ്ങാനും കയറാനുമുള്ള തിരക്കിനിടെയാണ് ബർമുഡയിൽ നിന്ന് ഫോൺ പോക്കറ്റടിച്ചത്. കോച്ചിൽ കയറിയ ശേഷം ഫോൺ വിളിക്കാൻ മൊബൈൽ തപ്പിയപ്പോഴാണ് മോഷണം അറിയുന്നത്. എറണാകുളം റെയിൽവേ പൊലീസ് കേസെടുത്തു.
അതിനിടെ, ട്രെയിൻ യാത്രയ്‌ക്കിടെ മൊബൈൽ കവർന്നെന്ന പള്ളുരുത്തി സ്വദേശിനി അലീഷാ ഡെന്നിസിന്റെ പരാതിയിലും റെയിൽവേ പൊലീസ് കേസെടുത്തു. കാരക്കൽ നിന്ന് എറണാകുളത്തേക്ക് വന്ന കാരക്കൽ എക്സ്‌പ്രസിലെ എസ് 2 കോച്ചിൽ ചാർജ് ചെയ്യാൻ കുത്തിയിട്ടിരുന്ന മൊബൈലാണ് കവർന്നത്. ട്രെയിൻ പുലർച്ചെ 5.30ന് ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴാണ് മൊബൈൽ നഷ്ടമായെന്ന് അലീഷ അറിയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |