
ന്യൂഡൽഹി: നിയമസഭ പാസാക്കി അയയ്ക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിക്കാനാവില്ല. എന്നാൽ, ഇരുവരും ബില്ലിൽ അടയിരിക്കാൻ പാടില്ലെന്നും സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച്.
തമിഴ്നാട് കേസിൽ മൂന്നുമാസം സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിനെ തിരുത്തിയാണ് നിലപാടറിയിച്ചത്. ഏപ്രിൽ 8നായിരുന്നു ജസ്റ്റിസുമാരായ ജെ.ബി.പർദിവാല, ആർ.മഹാദേവൻ എന്നിവരുടെ വിധി. സമയപരിധിക്കകം തീരുമാനമെടുത്തില്ലെങ്കിൽ ബിൽ അംഗീകരിച്ചതായി കണക്കാക്കുമെന്ന ഉത്തരവും തള്ളി. ഇതോടെ, അഞ്ചംഗ ബെഞ്ചിന്റെ ഉപദേശം മാനിച്ച് വിധി പുനഃപരിശോധിക്കുന്ന സാഹചര്യമൊരുങ്ങി.
ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിക്രംനാഥ്, പി.എസ്.നരസിംഹ, അതുൽ എസ്.ചന്ദുർകർ എന്നിവരടങ്ങിയ ബെഞ്ച് ഏകകണ്ഠമായാണ് അഭിപ്രായം പറഞ്ഞത്. തമിഴ്നാട് വിധിക്കുപിന്നാലെ, രാഷ്ട്രപതി ദ്രൗപദി മുർമു ഉന്നയിച്ച 14 ചോദ്യങ്ങളിലാണ് സുപ്രീംകോടതി നിലപാടറിയിച്ചത്. ഭരണഘടനപ്രകാരം ഇരുവർക്കും സമയപരിധി ബാധകമല്ല. രണ്ടംഗ ബെഞ്ചിന്റെ വിധി ഭരണഘടനയുടെ അന്തഃസത്തയ്‌ക്ക് വിരുദ്ധമാണ്. എന്നാൽ അനന്തകാലം അടയിരുന്നാൽ, സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാം. സമയബന്ധിതമായി തീരുമാനമെടുക്കണമെന്ന് നിർദ്ദേശിക്കാൻ കോടതിക്ക് കഴിയും.
ആശ്വാസം, തിരിച്ചടി
രാഷ്ട്രപതിയുടെ റഫറൻസ് നിലനിൽക്കുമെന്നത് കേന്ദ്രസർക്കാരിന് ആശ്വാസമാണ്. കേരളം, തമിഴ്നാട്, പശ്ചിമബംഗാൾ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങൾ റഫറൻസ് നിലനിൽക്കില്ലെന്ന് വാദിച്ചെങ്കിലും തള്ളി. ഭരണപരമായ ആവശ്യങ്ങൾക്ക് വ്യക്തത അനിവാര്യമാണെന്ന കേന്ദ്രത്തിന്റെ വാദം അംഗീകരിച്ചു
ഗവർണർ ബിൽ അംഗീകരിക്കുകയോ അനുമതി നൽകേണ്ടെന്നാണ് നിലപാടെങ്കിൽ തിരിച്ചയയ്ക്കുകയോ വേണം. രാഷ്ട്രപതിയുടെ പരിഗണനയ്‌ക്കും വിടാം. അല്ലാതെ അനന്തമായി പിടിച്ചുവയ്ക്കരുതെന്ന നിലപാട് ഗവണർക്കും കേന്ദ്രത്തിനും തിരിച്ചടി
ബിൽ ഏറെക്കാലം പിടിച്ചുവച്ചാൽ സുപ്രീംകോടതിയെ സമീപിക്കാമെന്ന നിലപാട് സംസ്ഥാനങ്ങൾക്ക് ആശ്വാസമായി
ഗവർണറുടെ
അനുമതി അനിവാര്യം
മൂന്നു മാസത്തിനകം തീരുമാനമെടുത്തില്ലെങ്കിൽ ബിൽ അംഗീകരിച്ചതായി കണക്കാക്കാമെന്നത് ഭരണഘടനാപരമല്ല. ഗവർണറുടെയും രാഷ്ട്രപതിയുടെയും അധികാരത്തിലേക്കുള്ള കടന്നുകയറ്റവുമാണ്. ജുഡിഷ്യറി, എക്‌സിക്യൂട്ടീവിന്റെ ജോലി ഏറ്റെടുക്കുന്നതിന് തുല്യം. ഇത് അനുവദനീയമല്ല. ബിൽ നിയമമാകാൻ ഗവർണറുടെ അനുമതി അനിവാര്യമാണ്.
ഭരണഘടനാധികാരം:
ആശയക്കുഴപ്പം പാടില്ല
1. തമിഴ്നാട് കേസിലെ വിധി ആശയക്കുഴപ്പത്തിനിടയാക്കിയെന്ന് ഭരണഘടനാ ബെഞ്ച് പറഞ്ഞു. പല കോണുകളിൽ സംശയങ്ങളുയർന്നു. ആധികാരിക അഭിപ്രായം പറയേണ്ടത് അനിവാര്യമായി മാറി
2. ബില്ലുകളിൽ തീരുമാനമെടുക്കാൻ അനുച്ഛേദം 200 പ്രകാരം ഗവർണർക്കും 201 പ്രകാരം രാഷ്ട്രപതിക്കും നൽകിയിട്ടുള്ള അധികാരം സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നത് ഭരണഘടനയുടെ സുഗമമായ പ്രവർത്തനത്തിന് തടസമാകും
3. രാജ്യത്തിന്റെ റിപ്പബ്ലിക്കൻ, ജനാധിപത്യ രീതിയെ ബാധിക്കുന്ന പ്രശ്‌നം. ഭരണഘടനയുടെയും ഫെഡറൽ സ്വഭാവത്തിന്റെയും അടിവേരിളക്കുന്നതും. രാഷ്ട്രപതി ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് സുപ്രീംകോടതിയുടെ ഉത്തരവാദിത്വവുമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |