
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വംബോർഡ് മുൻ പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി അംവുമായ എ.പത്മകുമാർ, കട്ടിളപ്പാളി പോറ്റിക്ക് നൽകിയത് മുൻ ദേവസ്വം മന്ത്രിയുടെ അറിവോടെയെന്ന് നിർണായക മൊഴി നൽകി. കടകംപള്ളി സുരേന്ദ്രനായിരുന്നു അന്ന് മന്ത്രി.
2019ലെ സ്വർണക്കൊള്ള കേസിലാണ് പത്മകുമാറിന്റെ അറസ്റ്റ്. സ്വർണം പൂശാൻ ഉണ്ണികൃഷ്ണൻ പോറ്റി അന്നത്തെ മന്ത്രിക്ക് നൽകിയ അപേക്ഷയാണ് ബോർഡിന് മുന്നിലെത്തിയത്. സർക്കാർ അനുമതിയോടെയാണ് കട്ടിളപ്പാളികൾ കൊടുത്തുവിടുന്നതെന്ന് ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ദൈവതുല്യരായി കാണുന്നവരാണ് കൊള്ളയ്ക്ക് പിന്നിലെന്ന് പത്മകുമാർ നേരത്തേ പറഞ്ഞിരുന്നു.
കേസിൽ അറസ്റ്റിലാവുന്ന ആറാമനും രണ്ടാമത്തെ ബോർഡ് പ്രസിഡന്റുമാണ്. മുൻ പ്രസിഡന്റ് എൻ.വാസു റിമാൻഡിലാണ്. കേസിൽ എട്ടാംപ്രതിയായി പത്മകുമാർ അദ്ധ്യക്ഷനായ ബോർഡിനെയാണ് ചേർത്തിരുന്നത്. ബോർഡംഗങ്ങളായ കെ.പി.ശങ്കരദാസ്, എ.വിജയകുമാർ എന്നിവരെയും അറസ്റ്റ് ചെയ്തേക്കും. ഇന്നലെ രാത്രിയോടെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ പത്മകുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് തിരുവനന്തപുരം സബ് ജയിലിലടച്ചു. എസ്.ഐ.ടി കസ്റ്റഡിയിൽ വാങ്ങും.
പലതവണ നോട്ടീസയച്ചിട്ടും ഹാജരാകാതിരുന്ന പത്മകുമാർ, കസ്റ്റഡിയിലെടുക്കുമെന്ന് അന്ത്യശാസനം നൽകിയതോടെയാണ് ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനെത്തിയത്. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പി എച്ച്.വെങ്കടേശിന്റെ നേതൃത്വത്തിൽ പത്തരയോടെ ചോദ്യംചെയ്തു തുടങ്ങി. മൂന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തി. ജനറൽ ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കൊല്ലത്തെത്തിച്ചത്.
പോറ്റിക്ക് ഒത്താശചെയ്തതിൽ പത്മകുമാറിന് പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ. ഇതിന്റെ ഭാഗമായിട്ടാണ് സ്വർണം പൊതിഞ്ഞ ചെമ്പുപാളികളെ വെറും ചെമ്പുപാളികളെന്ന് രേഖപ്പെടുത്തിയത്. പത്മകുമാറിന്റെയും കുടുംബാംഗങ്ങളുടെയും അക്കൗണ്ട്, പണമിടപാട് വിവരങ്ങളും സാമ്പത്തികസ്രോതസും എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്. പോറ്റിയുമായി ആറന്മുളയിലെ വീട്ടിലും പലവട്ടം പത്മകുമാർ കൂടിക്കാഴ്ച നടത്തി.
നേരത്തേ അറസ്റ്റിലായ 5 പേരുടെയും മൊഴികൾ പത്മകുമാറിന് എതിരാണ്. പോറ്റിയെ സഹായിക്കാൻ പത്മകുമാർ നിർബന്ധിച്ചതായി ബോർഡ് ഉദ്യോഗസ്ഥരും മൊഴിനൽകി. അതേസമയം, ഉദ്യോഗസ്ഥർ നൽകിയ രേഖകൾ പ്രകാരമാണ് ബോർഡ് യോഗത്തിൽ കട്ടിള കൊടുത്തുവിടാൻ തീരുമാനിച്ചതെന്ന് പത്മകുമാർ പറയുന്നു. എൻ.വാസുവിനെയും കുറ്റപ്പെടുത്തുന്നു.
കുരുക്കായി രേഖകളും
തെളിവുകളും
1. സ്വർണക്കൊള്ളയുടെ ഗൂഢാലോചന പത്മകുമാറിന്റെ വീട്ടിൽ നടന്നു. തട്ടിപ്പിലൂടെ സാമ്പത്തികനേട്ടമുണ്ടാക്കിയെന്നും എസ്.ഐ.ടി. പോറ്റിയുമായി സാമ്പത്തിക, ഭൂമി ഭൂമിയിടപാട് നടന്നു. പത്മകുമാറിന്റെ സെക്രട്ടറിയായിരുന്ന ശ്രീകുമാറും നിർണായകമൊഴി നൽകി
2. കട്ടിള സ്വർണം പൊതിഞ്ഞതാണെന്ന് 2019ഫെബ്രുവരി 16ന് എക്സിക്യുട്ടീവ് ഓഫീസറുടെ കത്തിലുണ്ടായിരുന്നു. ഇത് തിരുത്തി ചെമ്പുപാളികൾ എന്നാക്കിയത് പത്മകുമാറിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് അന്ന് കമ്മിഷണറായിരുന്ന എൻ.വാസുവിന്റെ മൊഴി
3. സ്വർണക്കൊള്ളയ്ക്ക് പോറ്റിയുമായി ചേർന്ന് തിരക്കഥയുണ്ടാക്കിയത് പത്മകുമാറാണ്. 1998- 99ൽ വിജയമല്യ ശ്രീകോവിലും ഭാഗങ്ങളും 30.291കിലോഗ്രാം സ്വർണം പൊതിഞ്ഞരേഖകൾ ബോർഡ് പൂഴ്‌ത്തിവച്ചിരുന്നത് എസ്.ഐ.ടി പിടിച്ചെടുത്തതോടെ സ്വർണക്കൊള്ളയ്ക്ക് തെളിവായി
കുരുക്കായി ചിത്രവും
ശ്രീകോവിലിലേത് ചെമ്പുപാളികൾ തന്നെയെന്ന് മാദ്ധ്യമങ്ങളോട് ആവർത്തിച്ചിരുന്നു പത്മകുമാർ. എന്നാൽ ദ്വാരപാലക ശിൽപ്പങ്ങളിൽ പത്മകുമാർ ചാരിനിൽക്കുന്ന ചിത്രത്തിൽ സ്വർണംപൊതിഞ്ഞ കട്ടിള വ്യക്തമായി കാണാം. ചിത്രം എസ്.ഐ.ടി ശേഖരിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |