
കുടുംബ പ്രേക്ഷകരുടെ ഇഷ്ട നായകൻ ജയറാം തെന്നിന്ത്യയിലെ ഒരു യുവനടിയെക്കുറിച്ച് നടത്തിയ രസകരമായ വെളിപ്പെടുത്തലാണ് സിനിമാലോകത്ത് ശ്രദ്ധേയമാകുന്നത്. വിദേശത്ത് പഠിച്ചു വളർന്ന തമിഴ്നാട് സ്വദേശിയായ നായിക നടിയെക്കുറിച്ചാണ് ജയറാമിന്റെ പരാമർശം. തമിഴിലെ ഒരു പുരസ്കാരദാന ചടങ്ങിലാണ് കാണികൾക്ക് ചിരിയുടെ മാലപ്പടക്കം കൊളുത്തി ജയറാം നടിക്കൊപ്പമുള്ള തന്റെ അനുഭവം ഓർത്തെടുത്തത്.
ജയറാം പറഞ്ഞ വാക്കുകൾ ;
'കുറച്ചുകാലം മുൻപ് തമിഴിൽ നിന്നുള്ള ഒരു നായിക എന്റെ സിനിമയിൽ അഭിനയിക്കാൻ വന്നു. പേര് ഞാൻ പറയുന്നില്ല. അവർ തമിഴ്നാട്ടുകാരിയാണെങ്കിലും പഠിച്ചതെല്ലാം വിദേശത്താണ്. ഞാൻ തമിഴിൽ സംസാരിച്ചപ്പോൾ, 'അയ്യോ, എനിക്ക് തമിഴ് കുറച്ചു മാത്രമേ അറിയൂ, ഒഴുക്കോടെ സംസാരിക്കാൻ അറിയില്ല, ക്ഷമിക്കണം' എന്ന് പറഞ്ഞു. ഞാൻ സമ്മതിച്ചു. ലൊക്കേഷനിൽ അവർ ഇംഗ്ലീഷ് മാത്രമാണ് ഉപയോഗിച്ചിരുന്നത്. ഒരു കപ്പ് കാപ്പി കൊണ്ടു വന്നപ്പോൾ പോലും 'കാപ്പി ഭയങ്കര ചൂടാണ്' എന്നൊക്കെ ഇംഗ്ലീഷിലാണ് പറഞ്ഞത്.
അങ്ങനെ ദിവസങ്ങൾ കടന്നുപോയ ശേഷം ഒരു ദിവസം സ്കൂട്ടർ ഓടിച്ച് വീടിന് മുന്നിൽ വയ്ക്കുന്ന ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു. ഈ സമയത്ത് സ്കൂട്ടറിൽ നിന്ന് വീണ് അവരുടെ കൈക്ക് പരിക്കേറ്റു. അപ്പോൾ ഞാൻ വീടിനകത്താണ് ഉണ്ടായിരുന്നത്. മുറ്റത്ത് വലിയ ശബ്ദവും കരച്ചിലുമെല്ലാം കേട്ട് ഓടി പുറത്തിറങ്ങി വന്നു.
ലൊക്കേഷനിൽ ആർക്കെങ്കിലും എന്തെങ്കിലും പറ്റിയാൽ യുഡികൊളോൺ എന്ന മരുന്നാണ് പുരട്ടുന്നത്. മേക്കപ്പ്മാൻ നടിക്ക് മുറിവ് പറ്റിയ സ്ഥലത്ത് ആ മരുന്നാണ് തേച്ചത്. ആ സമയത്ത് അമ്മേ നീറുന്നു എന്ന് തമിഴിലാണ് അവർ ഉറക്കെ വിളിച്ചത്. അതുവരെ ഇംഗ്ലീഷ് മാത്രമേ അറിയൂ എന്ന് പറഞ്ഞയാൾ യൂഡിക്കോൾ ഇട്ടപ്പോൾ തമിഴിൽ നിലവിളിച്ചു. നമുക്ക് വേദനിക്കുമ്പോൾ, നമ്മുടെ വായിൽ നിന്ന് പുറത്തുവരുന്നത് നമ്മുടെ മാതൃഭാഷയാണ്,' ജയറാം കൂട്ടിച്ചേർത്തു. അതേസമയം, ജയറാം പറഞ്ഞ ആ നടി ആരായിരിക്കുമെന്നാണ് സിനിമാലോകം ഒന്നടങ്കം അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |