
വാഷിങ്ടൺ: അമേരിക്കയിലെ സ്ഥിരതാമസത്തിനുള്ള ഗ്രീൻകാർഡ് വിസാ നയങ്ങൾ പരിഷ്‌കരിക്കുന്നതിനുള്ള നിർദേശങ്ങൾ പുറത്തിറക്കി അമേരിക്കൻ ഭരണകൂടം. അമേരിക്കയുടെ മുൻ പ്രസിഡ്ന്റ് ജോ ബൈഡന്റെ കാലത്തെ നയങ്ങളിലാണ് മാറ്റം വരുത്തുന്നത്. സ്‌നാപ് (ഭക്ഷണസഹായം), മെഡിക്കെയ്ഡ് തുടങ്ങിയ സർക്കാർ ക്ഷേമ പദ്ധതികൾ തുടങ്ങിയവ ഉപയോഗിക്കുന്ന കുടിയേറ്റക്കാർക്ക് ഗ്രീൻ കാർഡ് ലഭിക്കുന്നതിന് തടസമുണ്ടാക്കുന്നതാണ് പുതിയ പരിഷ്‌കരണം. ഇത് സംബന്ധിച്ച നിർദേശം ആഭ്യന്തര സുരക്ഷാ വകുപ്പ് ഈ ആഴ്‌ച ആദ്യം പുറത്തുവിട്ടിരുന്നു.
' ബൈഡന്റെ ഭരണകാലത്തെ നയം റദ്ദാക്കുന്നതിലൂടെ അപേക്ഷകരെ വിലയിരുത്തുമ്പോൾ കൂടുതൽ കാര്യങ്ങൾ പരിഗണിക്കാൻ അധികാരികൾക്ക് സ്വാതന്ത്ര്യം നൽകും. അമേരക്കയിൽ താമസിക്കുന്നവർ സ്വയം പര്യാപ്‌തരാകണം, സർക്കാർ സഹായങ്ങൾ കുടിയേറ്റത്തെ പ്രോത്സാഹിപ്പിക്കരുത്' അമേരിക്കൻ ഭരണകൂടം പുറത്തിറക്കിയ പ്രമേയത്തിൽ പറയുന്നു.
കുടിയേറ്റക്കാർ സാമൂഹ്യ ക്ഷേമ പദ്ധതികൾ ദുരുപയോഗം ചെയ്യുന്നെന്ന് ആരോപിച്ചാണ് പുതിയ പരിഷ്കരണം നടത്തുന്നത്. ട്രംപ് ഭരണകൂടവും റിപ്പബ്ലിക്കൻ പാർട്ടിയും നിരന്തരം ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നുണ്ടായിരുന്നു. എന്നാൽ, പുതിയ നിർദേശം വളരെ പരിതാപകരമാണെന്നും ഗ്രീൻകാർഡ് വിസ ലഭിക്കില്ലെന്ന് കരുതി അർഹതപ്പെട്ടവർ പോലും ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ മടികാണിക്കുമെന്നും വിമർശകർ പറയുന്നു.
ട്രംപ് ഭരണകൂടം നേരത്തെ തന്നെ അഭയാർത്ഥികൾക്ക് സ്‌നാപ്, മെഡിക്കെയ്ഡ് പോലുള്ള പദ്ധതികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിർദേശങ്ങൾ പ്രകാരം ഗ്രീൻകാർഡ് അപേക്ഷകൾ പരിശോധിക്കുന്ന വേളയിൽ സർക്കാർ നൽകുന്ന ക്ഷേമ സഹായങ്ങളും പരിഗണിക്കും.
2019ൽ ട്രംപ് ഭരണകൂടം 'പബ്ലിക്ക് ചാർട്ട്' പട്ടികയിൽ കൂടുതൽ സഹായങ്ങൾ ചേർത്ത് ഗ്രീൻ കാർഡ് നടപടിക്രമം കർശനമാക്കിയിരുന്നു. 2022ൽ ബൈഡൻ ഭരണകൂടം ആ നിയമം പിൻവലിച്ചു. പുതിയ നിർദേശങ്ങൾ ബൈഡൻ കാലത്തെ സംരക്ഷണം ഒഴിവാക്കുന്നു. ഇതോടെ സർക്കാർ സഹായങ്ങൾ ഉപയോഗിക്കുന്നതിനെ അടിസ്ഥാനമാക്കി അപേക്ഷകൾ നിരസിക്കപ്പെടാനുള്ള ഭീഷണിയും ഉദ്യോഗസ്ഥരുടെ വിവേചനാധികാരവും വർദ്ധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |