
ഹനോയ്: കനത്തമഴയിൽ വിയറ്റ്നാമിൽ 41 മരണം, ഒരാഴ്ചയായി തുടരുന്ന മഴ ഞായറാഴ്ച വരെ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. തുടർച്ചയായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 52000 വീടുകൾ മുങ്ങിപ്പോയി. അരലക്ഷത്തിലേറെ വീടുകളിൽ വൈദ്യുതി നിലച്ചു. പതിനായിരക്കണക്കിന് ആളുകളെ പ്രളയ ബാധിത മേഖലയിൽ നിന്ന് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ ശക്തമായ രണ്ട് കൊടുങ്കാറ്റുകളാണ് വിയറ്റ്നാമിൽ ഉണ്ടായത്. ബുലവോയ് കൊടുങ്കാറ്റും കൽമേനി കൊടുങ്കാറ്റും വിയറ്റ്നാമിൽ സാരമായ നാശം വിതച്ചിരുന്നു. തീരദേശ നഗരങ്ങളായ ഹോയ് ആൻ, നാ ട്രാംഗ് എന്നിവിടങ്ങളിലാണ് സാരമായ നാശനഷ്ടം ഉണ്ടായത്. മലയോരങ്ങളിലെ കാപ്പികൃഷിക്ക് കനത്തമഴയിൽ വൻനാശ നഷ്ടമാണ് ഉണ്ടായത്. കാപ്പി ഉത്പാദനത്തിൽ മുന്നിലുള്ള ദാക്ക് ലാക്ക് മേഖലയിൽ പതിനായിരക്കണക്കിന് വീടുകളാണ് പ്രളയക്കെടുതിയിൽ മുങ്ങിയത്. രക്ഷാപ്രവർത്തത്തിനും ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനും സൈന്യവും പൊലീസും അടക്കം രംഗത്തുണ്ട്. മണ്ണിടിച്ചിലിൽ റോഡുകളും ദേശീയ പാതകളും അടക്കം തകർന്ന നിലയിലാണ്. പ്രളയത്തെ ദേശീയ ദുരന്തമായി വിയറ്റ്നാം സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |