
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ നിർണായക കണ്ടെത്തൽ. കേസിൽ അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെതിരെ ശക്തമായ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. ഉണ്ണികൃഷ്‌ണൻ പോറ്റിയുമായി പത്മകുമാറിനുള്ള ബന്ധം തെളിയിക്കുന്ന രേഖകളാണ് ലഭിച്ചത്.
ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയ റെയ്‌ഡിലാണ് രേഖകൾ കണ്ടെത്തിയത്. 12 മണിക്കൂറോളം നീണ്ട പരിശോധനയാണ് അന്വേഷണ സംഘം ഇന്നലെ പത്മകുമാറിന്റെ വീട്ടിൽ നടത്തിയത്. ഉണ്ണികൃഷ്‌ണൻ പോറ്റിയും പത്മകുമാറും തമ്മിലുള്ള ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള രേഖകളാണ് എസ്‌ഐടിക്ക് ലഭിച്ചതെന്നാണ് വിവരം.
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് വലിയ സാമ്പത്തിക ഇടപാടുകൾ നടന്നതായി നേരത്തേ തന്നെ ഉണ്ണികൃഷ്‌ണൻ പോറ്റിയിൽ നിന്ന് മൊഴി ലഭിച്ചിരുന്നു. പത്മകുമാറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നെന്നും ഉണ്ണികൃഷ്‌ണൻ പോറ്റി പറഞ്ഞിരുന്നു. എന്നാൽ പത്മകുമാർ ഇക്കാര്യങ്ങൾ നിഷേധിച്ചിരുന്നു. പോറ്റി നേരത്തേ നൽകിയ മൊഴിയെ സാധൂകരിക്കുന്ന തെളിവുകൾക്ക് വേണ്ടിയാണ് പ്രത്യേക അന്വേഷണ സംഘം പത്മകുമാറിന്റെ വീട്ടിൽ പരിശോധന നടത്തിയത്.
ഉണ്ണികൃഷ്‌ണൻ പോറ്റിയും പത്മകുമാറും ചേർന്ന് 2020, 2021,2022 കാലഘട്ടത്തിൽ വലിയ സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നു. ആറന്മുള, പത്തനംതിട്ട, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഭൂമി വാങ്ങുന്നതുമായി ബന്ധപ്പെട്ട് ഇടപാടുകൾ നടന്നതായും എസ്‌ഐടിക്ക് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരിശോധനയിൽ പത്മകുമാറിന്റെ വീട്ടിൽ നിന്നും ലഭിച്ചെന്നാണ് വിവരം.
ഇരുവരും തമ്മിൽ നല്ല സൗഹൃദത്തിലായിരുന്നുവെന്നതിനും തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്നപ്പോൾ അദ്ദേഹത്തിന്റെ പത്തനംതിട്ടയിലെ വീട്ടിൽ ഉണ്ണികൃഷ്‌ണൻ പോറ്റി നിത്യസന്ദർശകനായിരുന്നു. ചില സമയങ്ങളിൽ വീട്ടിൽ താമസിച്ചിട്ടുമുണ്ട്. വീട്ടിൽ വച്ച് ഗൂഢാലോചന നടന്നിരിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |