SignIn
Kerala Kaumudi Online
Sunday, 23 November 2025 3.23 AM IST

തീവ്രമായി ആഗ്രഹിച്ചു, കഠിനമായി പരിശ്രമിച്ചു, ഒടുവിൽ വൻ വിജയം: വിമർശകരെ മുട്ടുകുത്തിച്ച പത്തൊമ്പതുകാരി

Increase Font Size Decrease Font Size Print Page
archa
ആർച്ച. ബ്രില്യന്റ് പാലയുടെ വീഡിയോയിൽ നിന്ന് പകർത്തിയത്

തിരുവനന്തപുരം: 'നിങ്ങൾ ഒരുകാര്യം അതിതീവ്രമായി ആഗ്രഹിച്ചാൽ അത് നിങ്ങൾക്ക് നേടിത്തരാൻ ഈ പ്രപഞ്ചംമുഴുവൻ ഗൂഢാലോചന നടത്തും'. 1988ൽ പുറത്തിറങ്ങിയ പൗലോ കൊയ്‌ലോയുടെ ആൽക്കെമിസ്റ്റ് എന്ന നോവലിലൂടെ ലോകം ഏറ്റെടുത്ത ആപ്തവാക്യമാണിത്. ബോളിവുഡിൽ കിംഗ് ഖാൻ മുതൽ മലയാളത്തിൽ കുഞ്ചാക്കോബോബൻ വരെ ഈ ആപ്തവാക്യം സിനിമകളിൽ ഉപയോഗിച്ചിട്ടുണ്ട്. തിരുവനന്തപുരം പിരപ്പൻകോട് പേരയത്തുമുകൾ സ്വദേശിനി ആർച്ച ബി എസിന്റെ ജീവിതത്തിൽ ഈ ആപ്തവാക്യം അക്ഷരം പ്രതി ശരിയാണ്. അതിതീവ്രമായ ആഗ്രഹത്തിനൊപ്പം കഠിനമായ പരിശ്രമവും കൂടിച്ചേർന്നപ്പോൾ ആർച്ച കുഞ്ഞുന്നാൾ മുതൽ കണ്ട ഡോക്ടർ എന്ന സ്വപ്നം പൂവണിയുകയായിരുന്നു.

ആർച്ചയുടെ സ്വപ്നങ്ങൾക്കും ആഗ്രഹങ്ങൾക്കും മുന്നിൽ എപ്പോഴും പ്രതിബന്ധങ്ങൾ മാത്രമായിരുന്നു. എന്നാൽ ഇതിനൊന്നിനും ആർച്ചയുടെ കുഞ്ഞുമനസിനെ ഉലയ്ക്കാൻ തക്ക കരുത്തുണ്ടായിരുന്നില്ല. തീയിൽ കുരുത്തത് വെയിലത്ത് വാടില്ല എന്ന മറ്റൊരു ആപ്തവാക്യത്തെയും അന്വർത്ഥമാക്കി ആർച്ച ഇന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഒന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയാണ്.

ആ ഒരു നിമിത്തം

കുഞ്ഞുന്നാൾ മുതൽ ആർച്ച പഠിക്കാൻ മിടുക്കിയായിരുന്നു. പത്താം ക്ലാസിൽ മികച്ച വിജയം. അതിനുശേഷം കന്യാകുളങ്ങര ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ്ടു പഠനം. ആദ്യം പ്ലസ്ടുവിന് മികച്ച വിജയം സ്വന്തമാക്കണം. അതിനുശേഷം എംബിബിഎസിന് അഡ്മിഷൻ നേടണം. ആഗ്രഹങ്ങൾ ന്യായമായിരുന്നെങ്കിലും കുടുംബത്തിന്റേതുൾപ്പെടെയുള്ള സാഹചര്യം ഒട്ടും അനുകൂലമായിരുന്നില്ല. എന്നാൽ അതൊന്നും കാര്യമാക്കാതെ ആർച്ച പഠിച്ചു. പ്ലസ് ടു റിസൾട്ട് വന്നപ്പോൾ 99.99 ശതമാനം മാർക്ക്. ഇംഗ്ലീഷിനുമാത്രം ഒരു മാർക്ക് കുറഞ്ഞുപോയി.

archa

ക്ളാസിൽ മിടുമിടുക്കിയായതിനാൽ ആർച്ചയെ ഷൈനി എന്ന അദ്ധ്യാപിക ഇതിനിടെ നോട്ടമിട്ടിരുന്നു. ട്യൂഷൻ ക്ലാസിൽ പോയി പഠിക്കുന്നതാണ് ആർച്ചയുടെ മികവിന് കാരണമെന്നാണ് ടീച്ചർ ആദ്യം കരുതിയത്. ഒരിടത്തും ട്യൂഷന് പോകുന്നില്ലെന്ന് പിന്നീടാണ് അവർ അറിഞ്ഞത്. ഇതിനൊപ്പം ആർച്ചയുടെ ജീവിത സാഹചര്യവും അവർ അറിഞ്ഞു. മേശൻ പണിക്കാരനാണ് അച്ഛൻ സുരേഷ് (അദ്ദേഹം ഇപ്പോൾ പ്രവാസിയാണ്), അമ്മ ബിന്ദു പഞ്ചായത്തിൽ സിഡിഎസിനുകീഴിൽ എഎച്ച് ആർപിയായി ജോലിചെയ്യുന്നു.ആർച്ച ഉൾപ്പെടെ രണ്ട് പെൺകുട്ടികൾ (ഇളയമകൾ ദേവീകൃഷ്ണ കന്യാകുളങ്ങര സ്കൂളിൽ ഏഴാം ക്ളാസിൽ പഠിക്കുന്നു). കിട്ടുന്നതുകൊണ്ട് അന്നന്നുകഴിഞ്ഞുപോകുന്നു. ഇതിനിടയിൽ ട്യൂഷനായി വൻതുക ചെലവഴിക്കാനൊന്നും ആവില്ല. മകളെ എങ്ങനെയും പഠിപ്പിച്ച് ഉന്നതങ്ങളിലെത്തിക്കണമെന്ന് മാതാപിതാക്കൾക്ക് ആഗ്രഹമുണ്ട്.

എല്ലാ സാഹചര്യവും മനസിലാക്കി ഷൈനി ടീച്ചർ എൻട്രൻസ് പരിശീലന സ്ഥാപനമായ പാലാ ബ്രില്യന്റിൽ ചേരാൻ ആർച്ചയോട് ആവശ്യപ്പെട്ടു. പക്ഷേ, എങ്ങനെ?. പണം വലിയൊരു പ്രതിബന്ധമായി മുന്നിലെത്തി. ടീച്ചർ രക്ഷയ്‌ക്കെത്തി. ബ്രില്യന്റിലെ അധികാരികളുമായി സംസാരിച്ച് ഓൺലൈൻ കോഴ്സിൽ അഡ്മിഷനെടുത്തു. അപ്പോഴേക്കും സെപ്തംബർ മാസമായിരുന്നു. സമയം ഒത്തിരി വൈകിയെങ്കിലും അതൊന്നും വകവയ്ക്കാതെ പഠിച്ചു. ബോർഡ് പരീക്ഷയിൽ തിളങ്ങുന്ന വിജയം നേടാനായെങ്കിലും എൻട്രൻസിൽ തിളങ്ങാനായില്ല.

നേരേ പാലായിലേക്ക്

റിസൾട്ട് വന്നതോടെ ആർച്ചയോട് എൻട്രൻസ് റിപ്പീറ്റ് ബാച്ചിൽ ചേരാൻ ടീച്ചർ ആവശ്യപ്പെട്ടു. മാത്രമല്ല ബ്രില്യന്റിലെ അധികാരികളുമായി സംസാരിച്ച് സൗജന്യമായി പഠിക്കാനുള്ള അവസരവും നേടിക്കൊടുത്തു. രജിസ്ട്രേഷൻ ഫീസ് മാത്രമാണ് ചെലവായത്.

എൻട്രൻസ് പഠനം എത്രത്തോളം കാഠിന്യം നിറഞ്ഞതാണെന്ന് ആർച്ചയ്ക്ക് ശരിക്കും മനസിലായത് അപ്പോഴാണ്. ഇത് തനിക്ക് പറ്റുമോ എന്ന ചിന്ത ഇടയ്ക്കിടെ മനസിൽ വന്നു. ചില ബന്ധുക്കളുടെയും നാട്ടുകാരുടെയും കുത്തുവാക്കുകളും കൂടിയായപ്പോൾ തളർന്നുപോകുന്ന അവസ്ഥവരെയെത്തി. അപ്പോഴൊക്കെ രക്ഷയ്‌ക്കെത്തിയത് അദ്ധ്യാപകരും മെന്റർമാരുമാണ്. അവർ കാണിച്ചുതന്ന വഴിയിലൂടെ സഞ്ചരിച്ചു. ക്ളാസ് ടെസ്റ്റുകളിൽ മികച്ചവിജയം നേടിത്തുടങ്ങിയതോടെ ആത്മവിശ്വാസം കൂടി.

archa

പേടിപ്പിച്ച് പരീക്ഷ

ക്ലാസ് ടെസ്റ്റുകളിലെ ആത്മവിശ്വാസവുമായാണ് എൻട്രൻസ് പരീക്ഷാ ഹാളിലേക്ക് എത്തിയതെങ്കിലും പരീക്ഷ ശരിക്കും പേടിപ്പെടുത്തി. കടുകട്ടി. സമയം ഒട്ടും തികഞ്ഞില്ല. പരീക്ഷ കഴിഞ്ഞ് കരഞ്ഞുകൊണ്ടാണ് ഹാൾ വിട്ടത്. അമ്മയെ കെട്ടിപ്പിടിച്ച് കരഞ്ഞു. സ്വപ്നം അവിടെ അവസാനിച്ചെന്നുകരുതി. ഇനിയെന്തെന്ന ചോദ്യവും മുന്നിലുയർന്നു. പരീക്ഷ പൊതുവെ പാടായിരുന്നുവെന്നും പേടിക്കേണ്ടെന്നും അദ്ധ്യാപകർ പറഞ്ഞിട്ടും അത്രയ്ക്ക് വിശ്വാസം വന്നില്ല. പക്ഷേ, റിസൾട്ട് വന്നപ്പോൾ കേരളത്തിൽ 447-ാം റാങ്ക്. ഓൾ ഇന്ത്യയിൽ 5537. കേരളത്തിൽ എവിടെയും അഡ്മിഷൻ ഉറപ്പ്. ജീവിതത്തിൽ ഏറ്റവുമധികം സന്തോഷിച്ച ദിവസം. റിസൾട്ട് വന്നപ്പോൾ നേരത്തേ കുത്തുവാക്കുകൾ കൊണ്ട് നോവിച്ചിരുന്നവർ അഭിനന്ദനവുമായി എത്തി.

ആതുരസേവകരോടുള്ള ബഹുമാനവും അതിനോടുമുള്ള ഇഷ്ടവുമാണ് തന്നെ മെഡിക്കൽ രംഗത്തേക്ക് എത്തിച്ചതെന്നാണ് ആർച്ച പറയുന്നത്. താൻ വളർന്നുവന്ന സാഹചര്യം നന്നായി അറിയാം. എത്രവലിപ്പത്തിലെത്തിയാലും അതുമറന്നൊരു പോക്കില്ലെന്ന് ആർച്ച ഉറപ്പിച്ചുപറയുന്നു. മെഡിക്കൽ രംഗത്തും ഉന്നതവിജയങ്ങൾ കരസ്ഥമാക്കി മികച്ചൊരു ഡോക്ടറാകണം എന്നതാണ് ആർച്ചയുടെ സ്വപ്നം.

TAGS: ARCHA, PIRAPPANCODU, MBBS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.