
ന്യൂഡൽഹി: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ന്യൂയോർക്ക് മേയർ സൊഹ്‌റാൻ മംദാനിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോ പങ്കുവച്ച് കോൺഗ്രസിന് ഒളിയമ്പുമായി ഡോ. ശശി തരൂർ എം.പി. ജനാധിപത്യം പ്രവർത്തിക്കേണ്ടത് ഇങ്ങനെയാണെന്ന കുറിപ്പോടെയാണ് തരൂർ ട്രംപ്-മംദാനി സംഭാഷണത്തിന്റെ വീഡിയോ എക്‌സിൽ പങ്കുവച്ചത്.
'തിരഞ്ഞെടുപ്പുകളിൽ സ്വന്തം നിലപാടിന് വേണ്ടി പോരാടുക. അതുകഴിഞ്ഞാൽ രാഷ്ട്രീയ എതിരാളികൾ സഹകരിച്ച് മുന്നോട്ട് പോകണം, രാജ്യതാത്പര്യത്തിനായി ഒന്നിച്ച് നിൽക്കണം. ഇന്ത്യയിലും ഇത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനുവേണ്ടി എന്റേതായ പങ്കുവഹിക്കാൻ ഞാനും ശ്രമിക്കുന്നുണ്ട്" -തരൂർ കുറിച്ചു.
ന്യൂയോർക്ക് മേയർ തിരഞ്ഞെടുപ്പിൽ ട്രംപും മംദാനിയും തമ്മിൽ അതിരൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. എന്നാൽ മേയറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ ദിവസം ഇരുവരും നടത്തിയ കൂടിക്കാഴ്ച സൗഹാർദപൂർണ്ണമായിരുന്നു. ന്യൂയോർക്കിന് മികച്ച മേയറെ കിട്ടിയെന്ന് പറഞ്ഞ ട്രംപ് മംദാനിയെ പുകഴ്ത്തുകയും ചെയ്തിരുന്നു. ഇത് പരാമർശിച്ചാണ് തരൂരിന്റെ കുറിപ്പ്. അടുത്തിടെ കോൺഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ തരൂർ പുകഴ്‌ത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |