
ഒരു ഇരയുടെ
പാപജാതകം
(കഴിഞ്ഞ ലക്കത്തിൽ നിന്ന്)
എറിവാൻസ്കി സ്ക്വയറിൽ, റഷ്യൻ സ്റ്റേറ്റ് ബാങ്ക് കെട്ടിടത്തിനരികെ സെമിനാരിയിൽ പത്തരയുടെ മണി മുഴങ്ങുംവരെ എല്ലാം എന്നത്തെയും പോലെ ശാന്തം. രാവിലെ, ട്രഷറിയിൽ നിന്ന് പണം നിറച്ച ഇരുമ്പ് പെട്ടികളുമായി കെട്ടിടത്തിനു മുന്നിലേക്ക് ആ പഴഞ്ചൻ കുതിരവണ്ടി വന്നുനില്ക്കും വരെ തിബിലിസിലെ തിരക്കേറിയ തെരുവ്, കമ്മ്യൂണിസ്റ്റ് ചരിത്രത്തെ പിന്നീട് എക്കാലത്തേക്കും ഞെട്ടിച്ചൊരു ബാങ്ക് കൊള്ളയ്ക്ക് അരങ്ങാകാൻ പോവുകയാണെന്ന് എങ്ങനെ വിചാരിക്കാൻ?
അഞ്ചു മിനിട്ടിനകം എറിവാൻസ്കി സ്ക്വയർ ഒരു പടനിലം പോലെ ചോരവാർന്നു കിടന്നു. പൊട്ടിച്ചിതറിയ ഗ്രനേഡുകളുടെ മൂർച്ചയിൽ കടലാസുപോലെ ചിതറിക്കീറിയ മൃതശരീരങ്ങളുമായി കുതിരവണ്ടികൾ ആശുപത്രിയിലേക്കു പാഞ്ഞു. പരിക്കേറ്രുവീണ കുതിരകൾ നിറുത്താതെ അമറി. കുറേക്കൂടി കഴിഞ്ഞ്, ആക്രമണത്തിന്റെ റിപ്പോർട്ട് തയ്യാറാക്കാനെത്തിയ രഹസ്യപ്പൊലീസുകാർ കണക്കെടുത്തു: മരിച്ചത് 40 പേർ, പരിക്കേറ്റവർ നൂറിലധികം, കുതിരവണ്ടിയിൽ നിന്ന് കൊള്ളക്കാർ തട്ടിയെടുത്ത പണം: 3,41,000 റൂബിൾസ് (ഏകദേശം 3.4
ദശലക്ഷം യു.എസ് ഡോളർ). ബാങ്ക് കൊള്ളയ്ക്കു പിന്നിലെ ആസൂത്രകർ: റഷ്യൻ ബോൾഷെവിക്കുകൾ. നായകൻ: ജോസഫ് സ്റ്റാലിൻ എന്ന ഇരുപത്തിയൊമ്പതുകാരൻ!
ബാങ്ക് കെട്ടിടത്തിന് അടുത്തുതന്നെയായിരുന്നു, ജോസഫ് സ്റ്റാലിന്റെ താമസം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ബാൽക്കണിയിൽ നിന്ന് മുറിക്കകത്തേക്ക് തെറിച്ചുവീണ സ്ത്രീക്കു നേരെ തോക്കുചൂണ്ടിയ പൊലീസുകാരുടെ ചോദ്യങ്ങൾക്കു മുന്നിൽ എഴുന്നേറ്റു നില്ക്കാനാഞ്ഞ്, അവർ നിലത്തേക്കുതന്നെ വീണു.
'നിങ്ങൾ ജോസഫ് സ്റ്റാലിന്റെ?"
'ഭാര്യ, കാതറീൻ സ്വാനിസ്ദെ."
'സ്റ്റാലിൻ എവിടെ?"
'അറിയില്ല. പുറത്തുപോയിട്ട് ഒരു മണിക്കൂറോളമായി..."
'പുറത്ത് എന്താണ് സംഭവിച്ചതെന്ന് നിങ്ങൾക്കറിയാമോ?"
'ഇല്ല; സ്ഫോടനത്തിൽ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചുവോ?"
മുറിയിലെ ക്രിസ്തുരൂപത്തിനു മുന്നിൽ കത്തിച്ചുവച്ചിരുന്ന മെഴുകുതിരി കൈകൊണ്ട് വീശിയണച്ച് പൊലീസുകാരിൽ ഒരുത്തൻ പറഞ്ഞു: 'കർത്താവു പോലും അവനെ രക്ഷിക്കുമെന്ന് തോന്നുന്നില്ല..."
രാക്ഷസന്റെ
പാവം, ഇര
ബോൾഷെവിക്കുകളുടെ സംഘത്തിൽ 'രാക്ഷസ"നെന്നു വിളിക്കപ്പെട്ട സ്റ്റാലിനായിരുന്നു പാർട്ടി ഫണ്ട് സ്വരൂപിക്കാൻ നടത്തിയ കൊള്ളയുടെ ആസൂത്രകനെങ്കിലും, ഒന്നുമറിയാത്തതുപോലെ ഒരു ചുരുട്ട് പുകച്ച്, വലിയൊരു തൊപ്പിയുടെ നിഴലിൽ മുഖം പാതിയും മറച്ച്, അടുത്തുള്ള കെട്ടിടത്തിന്റെ മറവിൽ അക്ഷോഭ്യനായി നില്ക്കുകയായിരുന്നു, അപ്പോൾ അയാൾ. ബോൾഷെവിക്കുകളുടെ ബാങ്ക് കൊള്ളയുടെ പേരിൽ രഹസ്യപ്പൊലീസിന്റെ കൈയിലേക്ക് എറിഞ്ഞുകൊടുക്കുവാനുള്ള ഒരേയൊരു ഇരയുടെ പേര് സ്റ്റാലിൻ നേരത്തേ എഴുതിവച്ചിരുന്നു: സിമോൺ പെട്രോഷ്യൻ എന്ന കാമോ.
1907 ജൂൺ 26 രാവിലെ 10.30-ന്, തിബിലിസ് ബാങ്ക് കൊള്ളയ്ക്കുള്ള പദ്ധതി നടപ്പാക്കുന്നതിന് മിനിട്ടുകൾക്ക് മുമ്പുവരെ അതിന്റെ തിരക്കഥയ്ക്കു പിന്നിലെ ഇരുപതു പേർ എറിവാൻസ്കി സ്ക്വയറിൽ ഒത്തുകൂടി, എല്ലാം ഭദ്രമെന്ന് ഒരിക്കൽക്കൂടി ഉറപ്പാക്കി. ബാങ്ക് കെട്ടിടത്തിന്റെ പരിസരത്ത്, ഓരോരുത്തരും നേരത്തേ നിശ്ചയിച്ച സ്ഥാനങ്ങളിലേക്ക് ആർക്കും ഒരു സംശയവും തോന്നാത്തവിധം മാറി. സ്റ്റാലിൻ ഒരു ചുരുട്ടു കത്തിച്ച്, പതുക്കെ ദൂരേയ്ക്കു നടന്നു. പിന്നിൽ ആദ്യത്തെ ഗ്രനേഡിന്റെ സ്ഫോടന ശബ്ദമുയർന്നപ്പോൾ അയാൾ എണ്ണിത്തുടങ്ങി: ഒന്ന്, രണ്ട്, മൂന്ന്... കാമോ ഇപ്പോൾ ആ കുതിരവണ്ടിക്കാരന്റെ കഥകഴിച്ചുകാണും.
അഞ്ചു മിനിട്ടിനകം കാമോയുടെ കുതിരവണ്ടി, എറിവാൻസ്കി സ്ക്വയറിന്റെ അതിർത്തി കടന്ന് ഊടുവഴികളിലൂടെ പാഞ്ഞ്, കൊള്ളസംഘത്തിന്റെ രഹസ്യകേന്ദ്രത്തിലെത്തിയിരുന്നു. ഗ്രനേഡിന്റെ കൂർത്ത ചീളുകൾ തറച്ച് പരിക്കേറ്റ ഇടംകണ്ണ് ഒരുകൈയാൽ അമർത്തിപ്പിടിച്ച്, കതകിൽ, പഴയ കടലാസിൽ തീരെ വൃത്തിഹീനമായ അക്ഷരങ്ങളിൽ എഴുതിവച്ചിരുന്നൊരു പേര് വല്ലാത്ത ധൃതിയോടെ പറിച്ചെടുത്ത് അയാൾ ചുരുട്ടിയെഴിഞ്ഞു: 'ദ ഔട്ട്ഫിറ്റ്!" ബോൾഷെവിക്കുകളുടെ കൊള്ളസംഘത്തിന്റെ പേര് കുറേക്കാലത്തേക്ക് ആരും വായിക്കേണ്ട. കുതിരവണ്ടിയിൽ നിന്ന് ഇരുമ്പുപെട്ടികൾ വലിച്ചുനിരക്കി മുറിയിലേക്കു കയറ്റി, വേഷം മാറി, കാമോ കതകു പൂട്ടി പുറത്തെ തിരക്കിൽ മറഞ്ഞു.
മറഞ്ഞിരുന്ന
നായകൻ
കുറച്ചുദിവസം മറഞ്ഞുനടന്ന്, കൊള്ളപ്പണം മുഴുവൻ മറ്രൊരു പെട്ടിയിലാക്കി കാമോ ഫിൻലൻഡിലേക്കു കടന്നു. റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അവിടെ, ദിവസങ്ങളായി അയാളെ കാത്ത് അക്ഷമനായി മുറിക്കുള്ളിൽ ഉലാത്തുകയായിരുന്നു, റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടിയിൽ, ബോൾഷെവിക്കുകളുടെ നേതാവ് വ്ളാഡിമിർ ലെനിൻ! വാതിലടച്ച്, കാമോ ലെനിനു മുന്നിലിരുന്നു. പെട്ടിയിലെ പണം മേശപ്പുറത്തേക്ക് കുടഞ്ഞിട്ട് അയാൾ അഭിമാനത്തോടെ പറഞ്ഞു: 'തിരക്കഥ കിറുകൃത്യം." ലെനിന് ഒന്നേ അറിയാനുണ്ടായിരുന്നുള്ളൂ: 'സ്റ്റാലിൻ?" എക്കാലത്തുമെന്നതുപോലെ അന്നും ജോസഫ് സ്റ്റാലിൻ സുരക്ഷിതനായിരുന്നു!
ബെർലിനിൽ, പാർട്ടിയുടെ അഞ്ചാം കോൺഗ്രസിൽവച്ച് തമ്മിൽക്കണ്ടതിനു ശേഷം ലെനിനും സ്റ്റാലിനും കാമോയും യാത്രപറഞ്ഞു പിരിഞ്ഞിട്ട് അപ്പോൾ കഷ്ടിച്ച് രണ്ടുമാസം പിന്നിടുന്നതേയുണ്ടായിരുന്നുള്ളൂ. അവിടെവച്ച്, പാർട്ടിയിലെ 'പിന്തിരിപ്പൻ" മിതവാദികളായ മെൻഷെവിക്കുകളുടെ കണ്ണുവെട്ടിച്ച് ബോൾഷെവിക്കുകളിലെ 'തീവ്രവാദികൾ" ഒരു യോഗം ചേർന്നു. വിപ്ളവത്തിന് ആയുധങ്ങൾ സ്വരൂപിക്കാൻ പണം വേണം. 'എങ്ങനെ" എന്ന ലെനിന്റെ ചോദ്യത്തിനു മുന്നിൽ എഴുന്നേറ്റുനിന്ന്, തലയിലേക്ക് തൊപ്പി ഒന്നുകൂടി ഉറപ്പിച്ചുവച്ച് സ്റ്റാലിൻ ആണ് പറഞ്ഞത്: 'റഷ്യൻ സ്റ്റേറ്റ് ബാങ്ക് കൊള്ളയടിക്കുക!"
ലെനിൻ ഞെട്ടി. പറയുന്നത് സ്റ്റാലിൻ ആയതുകൊണ്ടാണ് പേടി. പറഞ്ഞത് ചെയ്തുകളയും!
'മെൻഷെവിക്കുകൾ അറിഞ്ഞാൽ?"
'അറിയില്ല; ഞാൻ നേരിട്ട് കൊള്ളയിൽ പങ്കെടുക്കില്ല."
'പിന്നെയാര്?"
'അത് എനിക്കു വിട്ടേക്കൂ. പണം നമ്മുടെ കൈയിലുണ്ടാകും; കേസ് മറ്രൊരാളുടെ തലയിലും."
അതു പറഞ്ഞ് സ്റ്റാലിൻ ചിരിച്ചു. ലെനിൻ ഒന്നും മിണ്ടിയില്ല.
സ്റ്റാലിന്റെ ആ ഇരയാണ് കൺമുന്നിൽ നില്ക്കുന്നത്. അഞ്ചാം പാർട്ടി കോൺഗ്രസ് ഒരു പ്രമേയം പാസാക്കിയിരുന്നു: വിപ്ളവം അനിവാര്യമെങ്കിലും അതിന് സായുധ മാർഗങ്ങൾ പാടില്ല! ഫണ്ട് സ്വരൂപിക്കാൻ നിയമവിരുദ്ധ മാർഗങ്ങളും പാടില്ല. മെൻഷെവിക്കുകളിൽ നിന്ന് ബാങ്ക് കൊള്ളയുടെ ആസൂത്രകർ ആരെന്ന് മറച്ചുപിടിക്കാനുള്ള തന്ത്രവും അന്നുതന്നെ നിശ്ചയിക്കപ്പെട്ടു: കൊള്ളയിൽ ലെനിനോ സ്റ്റാലിനോ നേരിട്ട് പങ്കെടുക്കരുത്. തിബിലിസിൽത്തന്നെ താമസിക്കുന്ന സ്റ്റാലിനെ പൊലീസുകാർ സംശയിച്ചാലും ഒരു തെളിവും പാടില്ല. അതേസമയം, എല്ലാറ്രിനും സംവിധായകനായി സ്റ്റാലിൻ ബാങ്കിന്റെ പരിസരത്ത് ഉണ്ടാവുകയും വേണം.
എല്ലാം അതുപോലെ നടന്നു.
പാപത്തിന്റെ
ശമ്പളം
ഫിൻലൻഡിൽ, ലെനിനോടൊപ്പം കുറച്ചുനാൾ താമസിച്ച്, കാമോ പാരീസിലേക്കും, അതുവഴി ബെൽജിയത്തിലേക്കും, പിന്നെ ബെർലിനിലേക്കും പുറപ്പെട്ടു. വിപ്ളവത്തിന് ഒരുക്കം തുടങ്ങണം. അതിന് ആയുധങ്ങൾ വാങ്ങണം. യാത്ര പുറപ്പെടുമ്പോഴേ ലെനിന്റെ കൈയിൽ നിന്ന് കാമോ ഒരു കത്ത് വാങ്ങിയിരുന്നു; ബെർലിനിലുള്ള, ബോൾഷെവിക്കുകാരനായ ഒരു ഡോക്ടർക്ക്. തിബിലിസിൽ, ഗ്രനേഡ് പൊട്ടിത്തെറിച്ച് ഇടംകണ്ണിനേറ്റ പരിക്ക് പൊറുത്തിട്ടില്ല. അതിന് ചികിത്സിക്കണം.
പക്ഷേ ലെനിൻ പോലുമറിഞ്ഞില്ല, യാക്കോവ് ഷിതോമിർസ്കി എന്ന ബോൾഷെവിക് ഡോക്ടർ റഷ്യൻ ചാരപ്പൊലീസിന്റെ (ഒഖ്റാന) ഇരട്ട ഏജന്റാണെന്ന നാണംകെട്ട രഹസ്യം! കാമോ എത്തിയ അതേദിവസം ഡോ. യാക്കോവ് ബെർലിൻ പൊലീസിന് ഒരു അടിയന്തര സന്ദേശമയച്ചു: ജോർജിയയിലെ തിബിലിസ് ബാങ്ക് കൊള്ളയുടെ മുഖ്യ സൂത്രധാരൻ കാമോ എന്റെ രോഗിയായി ചികിത്സയിലുണ്ട്. ഇപ്പോൾ എത്തിയാൽ അറസ്റ്റ് ചെയ്യാം!
കാമോ പിടിയിലായ വിവരമറിഞ്ഞ് ലെനിൻ പേടിച്ചു. അയാൾ തന്റെ പേര് പറഞ്ഞാൽ? ഭാര്യ, നദിയ ക്രുപ്സ്കയെയും കൂട്ടി ലെനിൻ രായ്ക്കുരാമാനം മുറിപൂട്ടിയിറങ്ങി. കുതിരവണ്ടിയിൽ രക്ഷപ്പെട്ടാൻ ശ്രമിച്ചാൽ പൊലീസ് പിന്തുടരുമെന്നു ഭയന്ന് അഞ്ചു കിലോമീറ്റർ ദൂരം നടന്നു. വിശ്വസ്തരായ രണ്ടുമൂന്നു പേരെ മാത്രം ഒപ്പംകൂട്ടി. രക്ഷപ്പെടുമ്പോൾ ലെനിന്റെ മനസിൽ ഒരു അഭയസ്ഥാനമുണ്ടായിരുന്നു- സ്വിറ്റ്സർലന്റ്.
കാമോ മാത്രം പ്രതിയായ തിബിലിസ് ബാങ്ക് കൊള്ള, റഷ്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ജോസഫ് സ്റ്റാലിന്റെ രാഷ്ട്രീയജാതകം ഒന്നുകൂടി അമർത്തിവരച്ചു. വ്ളാഡിമിർ ലെനിനെപ്പോലും ചിലപ്പോഴെങ്കിലും സ്റ്റാലിൻ ആരാധകനാക്കി. പാർട്ടിക്ക് ഫണ്ട് വേണ്ടപ്പോഴെല്ലാം ലെനിൻ അയാൾക്കു നേരെ മാത്രം നോക്കി. അത് കൊണ്ടുവരാൻ സ്റ്റാലിനെക്കാൾ മിടുക്കൻ വേറെയില്ലെന്ന് മറ്റാരെക്കാൾ നന്നായി അറിയുന്നത് അദ്ദേഹത്തിനായിരുന്നല്ലോ. കാമോയെ കുരുതിക്ക് എറിഞ്ഞുകൊടുത്ത സ്റ്റാലിൻ പുതിയ പുതിയ ഇരകളെ കണ്ടെത്തിക്കൊണ്ടിരുന്നു.
വെണ്ണീറായ
തിരക്കഥ
നിർഭാഗ്യകരമായൊരു അനുബന്ധമുണ്ട്, തിബിലിസ് ബാങ്ക് കൊള്ളയ്ക്ക്. കൈയിൽവന്ന മൂന്നരലക്ഷത്തോളം റൂബിളിൽ ചില്ലിക്കാശ് പോലും ചെലവാക്കാൻ ലെനിനോ സ്റ്റാലിനോ കഴിഞ്ഞില്ല! കാരണം വളരെ ലളിതം: കൊള്ളയടിക്കപ്പെട്ട മുഴുവൻ കറൻസി നോട്ടുകളുടെയും സീരിയൽ നമ്പർ ബാങ്കുകാർ രഹസ്യപ്പൊലീസിന് കൈമാറിയിരുന്നു. റഷ്യയിൽ അത് ചെലവാക്കാൻ ബുദ്ധിമുട്ടാണെന്നു തിരിച്ചറിഞ്ഞ് ലെനിൻ മറ്രൊരു പദ്ധതി തയ്യാറാക്കി- പണം വിദേശത്തേക്കു കടത്തി വിശ്വസ്തരുടെ കൈവശമെത്തിച്ച്, ഒരേസമയം പല ബാങ്കുകളിൽ ഹാജരാക്കി എക്സ്‌ചേഞ്ച് ചെയ്യുക.
അതും ഫലിച്ചില്ല; ലെനിന്റെ രഹസ്യപദ്ധതിയെക്കുറിച്ച് അറിഞ്ഞ സുഹൃത്ത് ഡോ. യാക്കോവ് ഷിതോമിർസ്കി (ബെർലിനിലെ ഇരട്ട ഏജന്റ്) അക്കാര്യം റഷ്യൻ രഹസ്യപ്പൊലീസിന് ചോർത്തിക്കൊടുത്തു കളഞ്ഞു. യൂറോപ്പിൽ, ആ കറൻസി നോട്ടുകളുമായി ബാങ്കുകളിലെത്തിയ പലരും അറസ്റ്റ് ചെയ്യപ്പെട്ടു. ഒടുവിൽ, ഗത്യന്തരമില്ലാതെ ലെനിൻ അത് തീരുമാനിച്ചു: കൈയിൽ ബാക്കിയുള്ള കറൻസി നോട്ടുകൾ രഹസ്യമായി കത്തിച്ചുകളയുക! ആ ചാരം കൈയിലെടുത്ത് ലെനിൻ കാറ്റിലെറിഞ്ഞു: 'വെറുതെയായല്ലോ സഖാവേ, നമ്മുടെ തിരക്കഥ!"
കഴിഞ്ഞില്ല; തിബിലിസ് ബാങ്ക് കൊള്ളയിലെ ദുരന്തനായകനായ കാമോയുടെ അനന്തരകാലം കൂടി അറിയുമ്പോഴേ കഥ പൂർണമാകൂ. അറസ്റ്റ് ചെയ്യപ്പെട്ട്, വിചാരണ കാത്ത് ജയിലിൽ കഴിയവേ കാമോയ്ക്ക് അഭിഭാഷകൻ വഴി ഒരു കത്തു കിട്ടി. ബോൾഷെവിക്കുകളിലെ പ്രമുഖരിലൊരാളായ ലിയോനിഡ് ക്രേസിന്റെ (പിന്നീട്, 1924-ൽ ഫ്രാൻസിലെ ആദ്യ സോവിയറ്റ് നയതന്ത്രജ്ഞൻ) കത്ത്:
'പ്രിയ സുഹൃത്തേ, വിചാരണയിൽ നിന്ന് രക്ഷപ്പെടാൻ ഒരു വഴിയുണ്ട്- ജയിലിൽ മനോനില തെറ്റിയവനായി അഭിനയിക്കുക! നാളെ രാവിലെ ഭക്ഷണം കൊണ്ടുവരുന്നയാളുടെ മുഖത്തേക്ക് അത് വലിച്ചെറിഞ്ഞുകൊണ്ട് തുടങ്ങുക...!" ജീവപര്യന്തം ദുർവിധി വേട്ടയാടിക്കൊണ്ടിരുന്ന കാമോ, ഒടുവിൽ ജയിലിൽ നിന്ന് ഒരു സുഹൃത്തിന് എഴുതി: 'ജീവിതം ഒരു വലിയ ഭ്രാന്താണെന്ന് തിരിച്ചറിയുന്ന കാലത്തിലൂടെയാണ് സഖാവേ, ഞാൻ കടന്നുപോകുന്നത്! ചിലപ്പോഴൊക്കെ എനിക്കു തന്നെ തോന്നും: സത്യത്തിൽ എനിക്ക് ഭ്രാന്ത് തന്നെയല്ലേ!"
(ലേഖകന്റെ മൊബൈൽ: 99461 08237)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |