
ചെന്നൈ: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ (എസ്‌ഐആർ) ജോലിയിൽ ഏർപ്പെട്ടിരുന്ന ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ) ജീവനൊടുക്കി. തമിഴ്നാട് കള്ളക്കുറിച്ചിയിലാണ് സംഭവം. തിരുക്കോയിലൂരിനടുത്ത് ശിവണാർതാങ്കലിലെ വില്ലേജ് അസിസ്റ്റന്റ് ജാഹിത ബീഗം (38) ആണ് മരിച്ചത്. വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അമിത ജോലിഭാരവും രാഷ്‌ട്രീയ നേതാക്കളുടെ സമ്മർദ്ദവുമാണ് മരണകാരണമെന്നാണ് ബന്ധുക്കളും സഹപ്രവർത്തകരും ആരോപിക്കുന്നത്.
എസ്‌ഐആറിന്റെ ഭാഗമായി ശിവണാർതാങ്കലിൽ എന്യുമറേഷൻ ഫോം വിതരണം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു ജാഹിത. എന്നാൽ ഉദ്ദേശിച്ചത്രയും ഫോം വിതരണം ചെയ്യാൻ സാധിച്ചില്ല. ശേഖരിച്ച ഫോം ഡിജിറ്റലൈസ് ചെയ്യാനും കഴിഞ്ഞില്ല. ഇതിന്റെ പേരിൽ പ്രാദേശിക ഡിഎംകെ നേതാക്കളും മേലുദ്യോഗസ്ഥരും ജാഹിതയെ ശാസിച്ചതായി ഭർത്താവ് മുബാറക് പറഞ്ഞു.
കഴിഞ്ഞദിവസം 90 ഫോം ശേഖരിച്ച ജാഹിതയ്ക്ക് അതിൽ 35 എണ്ണമേ ഡിജിറ്റലൈസ് ചെയ്യാൻ സാധിച്ചുള്ളൂ. നാട്ടിലെ കഫേയിലെ ഇന്റർനെറ്റിന്റെ വേഗതക്കുറവാണ് ഇതിന് കാരണമെന്ന് മുബാറക് പറയുന്നു. ജാഹിത വീട്ടിലിരുന്ന് ബാക്കി ജോലികൾ പൂർത്തിയാക്കാൻ ശ്രമിക്കുകയായിരുന്നുവെന്നും ഇതിനിടെ താൻ പുറത്തുപോയപ്പോഴാണ് ജീവനൊടുക്കിയതെന്നും ഭർത്താവ് പറഞ്ഞു. ജോലിഭാരത്തിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടിലെ ബിഎൽഒമാർ കഴിഞ്ഞദിവസം പണിമുടക്കിയിരുന്നു. ഇതിനുപിന്നാലെയാണ് യുവതിയുടെ മരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |