
ന്യൂഡൽഹി: ഡൽഹി അടക്കം നഗരങ്ങളിൽ ഉഗ്ര സ്‌ഫോടനം നടത്താൻ രണ്ടു വർഷമായി തയ്യാറെടുപ്പ് നടത്തുകയായിരുന്നുവെന്ന് അറസ്റ്റിലായ ഡോ. മുസമ്മിൽ ഷക്കീൽ എൻ.ഐ.എയ്‌ക്ക് മൊഴി നൽകി. ഫരീദാബാദിൽ 2900ൽപ്പരം കിലോ സ്‌ഫോടകവസ്‌തുക്കളും ആയുധങ്ങളും പിടിച്ചെടുത്ത കേസിൽ പിടിയിലായ മുസമ്മലിനെ, ചെങ്കോട്ടയ്‌ക്കുസമീപത്തെ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലും അറസ്റ്റ് രേഖപ്പെടുത്തി കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സ്‌ഫോടനത്തിൽ പൊട്ടിച്ചിതറിയ ഡോ. ഉമർ നബിയുടെ അടുത്ത കൂട്ടാളിയാണ്. കഴിഞ്ഞ രണ്ടുവർഷമായി ബോംബ് നിർമ്മാണത്തിന് ആവശ്യമായ സാമഗ്രികൾ ശേഖരിക്കുകയായിരുന്നുവെന്ന് ചോദ്യംചെയ്യലിൽ ഇയാൾ സമ്മതിച്ചു. അമോണിയം നൈട്രേറ്റും യൂറിയയും സംഘടിപ്പിക്കാൻ തന്നെ ചുമതലപ്പെടുത്തി. ഹരിയാനയിലെ നൂഹിൽ നിന്ന് ഇവ വാങ്ങി. രാസവസ്‌തുക്കൾ സൂക്ഷിക്കാൻ വലിയ ഫ്രീസർ വാങ്ങിയെന്നും മുസമ്മിൽ എൻ.ഐ.എയോട് വെളിപ്പെടുത്തി.
എ.കെ. 47 തോക്കും
ആറര ലക്ഷം രൂപ കൊടുത്ത് എ.കെ. 47 തോക്ക് സംഘടിപ്പിച്ചു. കൂട്ടുപ്രതിയായ ഡോ. അദീൽ അഹമ്മദ് റാത്തറിന്റെ അനന്തനാഗ് മെഡിക്കൽ കോളേജിലെ ലോക്കറിൽ തോക്ക് സൂക്ഷിച്ചു. ഉമറിനും അദീലിനുമൊപ്പം തുർക്കി യാത്ര നടത്തിയെന്നും മുസമ്മിൽ എൻ.ഐ.എയോട് പറഞ്ഞു. തെഹ്‌രിക് -ഇ താലിബാൻ പാകിസ്ഥാൻ എന്ന ഭീകര സംഘടനയിലെ ഒകാസയുമായി കൂടിക്കാഴ്ച നടത്തി. ടെലഗ്രാം ആപ് മുഖേന ഒകാസയുമായി ആശയവിനിമയം നടത്തിയിരുന്നുവെന്നും വ്യക്തമാക്കി. ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയെ ബോംബ് നിർമ്മാണത്തിന് മറയാക്കിയെന്ന സൂചനകളും ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം. എൻ.ഐ.എ കസ്റ്റഡിയിൽ കഴിയുന്ന ഡാനിഷ് എന്ന ജാസിർ ബിലാൽ വാനിക്ക് അഭിഭാഷകനെ ഒന്നിടവിട്ട ദിവസങ്ങളിൽ കാണാൻ പട്യാല ഹൗസ് കോടതി അനുമതി നൽകി.
30% ബുക്കിംഗുകളും
റദ്ദായി
രാജ്യതലസ്ഥാനത്തേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് കുറഞ്ഞെന്ന് കണക്കുകൾ. സ്‌ഫോടനത്തിന് ശേഷം വിദേശികളുടെ എണ്ണം കാര്യമായി കുറഞ്ഞു. 30 ശതമാനത്തിൽപ്പരം ഹോട്ടൽ ബുക്കിംഗുകൾ റദ്ദായി. സുരക്ഷയെ കുറിച്ചുള്ള ആശങ്കയാണ് കാരണമെന്ന് ഡൽഹി ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലോവ്‌ലീൻ ആനന്ദ് പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |