
ജീവിതത്തിൽ കഷ്ടപ്പാടുകളും ദുരിതങ്ങളും കൂടിവരുമ്പോൾ ഇഷ്ടപ്പെട്ട ദേവീദേവന്മാരുടെ സന്നിധിയിലെത്തി എല്ലാം മറന്ന് പ്രാർത്ഥിക്കാൻ വിശ്വാസികൾ ആഗ്രഹിച്ചുപോകും. അതിലൂടെ കിട്ടുന്ന മനഃശാന്തിയും ആനന്ദവും അമൂല്യമാണ്. ശബരിമലയും ഗുരുവായൂരും നാൾക്കുനാൾ തിരക്കേറിവരുന്ന ക്ഷേത്രങ്ങളാണ്. മണ്ഡലകാലമായപ്പോൾ ശബരിമലയിലെ തിരക്ക് ക്രമാതീതമായി ഉയർന്നു. ഹൈക്കോടതി ഇടപെടലിലൂടെ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയപ്പോൾ വലിയൊരളവുവരെ അതിനു മാറ്റമുണ്ടായി. ഗുരുവായൂരിൽ സ്‌പോട്ട് ബുക്കിംഗ് വേണമെന്നും രണ്ടുമാസത്തിനകം കർമ്മപദ്ധതി തയ്യാറാക്കണമെന്നുമുള്ള ഹൈക്കോടതിയുടെ മാർഗനിർദ്ദേശം ഗുരുവായൂർ ദർശനത്തിന് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കാം.
ഗുരുവായൂരപ്പനെ ദർശിക്കാൻ എത്തുന്ന ബഹുഭൂരിപക്ഷം പേരും മണിക്കൂറുകൾ കാത്തുനിൽക്കേണ്ട അവസ്ഥയാണ് ഇപ്പോഴുള്ളത്. ചില വിശേഷ ദിവസങ്ങളിൽ കാത്തുനില്പിന്റെ ദൈർഘ്യം മണിക്കൂറുകളോളം നീളും. ഈ സാഹചര്യം കണക്കിലെടുത്താണ് സ്പോട്ട് ബുക്കിംഗ് പരിഗണിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്. എ, ബി, സി തുടങ്ങി 300 മുതൽ 500 പേരുള്ള ഗ്രൂപ്പുകളായി തിരിച്ച് ഏകദേശ ദർശന സമയം അറിയിക്കണം. എല്ലാവർക്കും കുടിവെള്ളം, ഇരിപ്പിടം, ലഘുഭക്ഷണം, വിശ്രമസ്ഥലം എന്നിവ ഉറപ്പാക്കണം. സ്പോട്ട് ബുക്കിംഗിന് ആധാർ, തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് എന്നിവ നിർബന്ധമാക്കണം. ഏറ്റവും തിരക്കേറിയ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിന് നിരവധി ശാസ്‌ത്രീയ സംവിധാനങ്ങളുണ്ട്. കാത്തുനിൽക്കുന്നവർക്ക് അത്യാവശ്യ സൗകര്യങ്ങൾ ഉള്ളതിനാൽ വിശ്വാസികൾക്ക് അതൊരു ബുദ്ധിമുട്ടായി തോന്നാറുമില്ല.
മനോദുഃഖങ്ങൾ ഈശ്വരനു മുന്നിൽ ഇറക്കിവയ്ക്കാൻ ആഗ്രഹിച്ചു വരുന്നവർക്ക് പലപ്പോഴും ചില ക്ഷേത്ര ജീവനക്കാരുടെ മോശമായ പെരുമാറ്റം വലിയൊരു ശിക്ഷയായി അനുഭവപ്പെടും. അത്തരത്തിൽ പെരുമാറുന്നവർക്ക് പതിവായി പരിശീലനം നൽകണമെന്നും ദേവസ്വം ബോർഡിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വൃദ്ധർക്കും ഭിന്നശേഷിക്കാർക്കും മുലയൂട്ടുന്ന അമ്മമാർക്കും ഗർഭിണികൾക്കും ക്യൂവിൽ മുൻഗണന നൽകണം. ഇവർക്കായി ശീതീകരിച്ച ഹാളും പരിഗണിക്കണം. അതുപോലെ, ദർശനം സന്തോഷപ്രദമാണെന്ന് ഉറപ്പാക്കാനും സംവിധാനം വേണം. ഭക്തരുടെ നീക്കം സുഗമമാക്കാൻ പ്രത്യേക എൻട്രി, എക്സിറ്റ് പോയിന്റുകൾ ആവശ്യമാണെന്നും ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് ഗുരുവായൂർ ദേവസ്വം മാനേജിംഗ് കമ്മിറ്റിയോട് നിർദ്ദേശിച്ചിട്ടുണ്ട്. വകുപ്പുകളുടെ ഏകോപനത്തിന് ഉന്നതതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്.
ഗുരുവായൂരിൽ ഇപ്പോൾ 14 - 15 മണിക്കൂറാണ് മൊത്തം ദർശന സമയം. രാവിലെ മൂന്നുമുതൽ ഉച്ചകഴിഞ്ഞ് രണ്ടര വരെയും, മൂന്നര മുതൽ രാത്രി ഒമ്പതുവരെയുമാണ് ദർശനം. ദർശന സമയം കൂട്ടുന്നതിനെപ്പറ്റി തന്ത്രിമാരുമായി ആലോചിച്ച് തീരുമാനിക്കണമെന്നാണ് കോടതി അഭിപ്രായപ്പെട്ടിരിക്കുന്നത്. സാധാരണ ദിവസങ്ങളിലും ഉത്സവ ദിവസങ്ങളിലും ക്ഷേത്രത്തിന് സുരക്ഷിതമായി ഉൾക്കൊള്ളാനാകുന്നവരുടെ എണ്ണം സംബന്ധിച്ച് ശാസ്ത്രീയ പഠനം നടത്തണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഗുരുവായൂർ ദർശനത്തിനെത്തിയപ്പോൾ നേരിട്ട ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാട്ടി വെർച്വൽ ക്യൂ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് പി.വി. രാധാകൃഷ്ണൻ, ലേഖ സുരേഷ് തുടങ്ങിയവർ നൽകിയ ഹർജികൾ തീർപ്പാക്കിയാണ് കോടതി ഈ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്. മനഃശാന്തി പ്രതീക്ഷിച്ച് ക്ഷേത്രത്തിലെത്തുന്നവർക്ക് ദർശനത്തിനുള്ള തടസങ്ങൾ മനഃക്ളേശങ്ങളുണ്ടാക്കുമെന്ന് തിരിച്ചറിഞ്ഞാണ് കോടതി ഈ നല്ല നിർദ്ദേശങ്ങൾ മുന്നോട്ടുവച്ചിരിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |