
പെർത്ത്: ബൗളർമാർ വിളയാടിയ ആഷസ് പരമ്പരയിലെ ഒന്നാം ടെസ്‌റ്റിൽ ട്രാവിസ് ഹെഡിന്റെ സെഞ്ച്വറിയുടെ ചിറകിലേറി രണ്ടാം ദിനം തന്നെ 8 വിക്കറ്രിന്റെ ജയം നേടി ഓസ്ട്രേലിയ. രണ്ടാം ദിനമായ ഇന്നലെ പെർത്തിൽ ഇംഗ്ലണ്ട് ഉയർത്തിയ 205 റൺസിന്റെ വിജയലക്ഷ്യം മൂന്നാം സെക്ഷനിൽ തന്നെ മറികടന്ന് മത്സരം അവസാനിക്കാൻ രണ്ടര ദിവസം ശേഷിക്കെ ഓസീസ് വിജയമുറപ്പിക്കുകയായിരുന്നു. ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങിയ ശേഷമായിരുന്നു ഓസീസിന്റെ ജയം.
ഇന്നലെ 123/9 എന്ന നിലയിൽ ഒന്നാം ഇന്നിംഗ്‌സ് പുനരാരംഭിച്ച ഓസ്ട്രേലിയ 132 റൺസിന് ഓൾഔട്ടായി. 40 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ട് 164 റൺസിന് ഓൾഔട്ടായി. തുടർന്ന് 205 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന് രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഓസീസസ് ഹെഡിന്റെ വെടിക്കെട്ട് ബാറ്റിംഗിന്റെ പിൻബലത്തിൽ 28.2 ഓവറിൽ അനായാസം വിജയലക്ഷ്യത്തിലെത്തി.
ഹെഡ് മാസ്‌റ്റർ
ഇരുടീമിലേയും ബൗളർമാർ സംഹാരതാണ്ഡവമാടിയ പെർത്തിലെ പിച്ചിൽ രണ്ടാം ഇന്നിംഗ്സിൽ ഓപ്പണറായി സ്ഥാനക്കയറ്റം കിട്ടിയ ഹെഡ് (83 പന്തിൽ 123) അടിച്ചു കസറുകയായിരുന്നു. ഒരിക്കൽക്കൂടി പ്രതിസന്ധിയിൽ ഓസീസിന്റെ രക്ഷകനായെത്തിയ ഹെഡ് ഇംഗ്ലീഷ് ബൗളർമാരെ തരിപ്പണമാക്കി 16 ഫോറും 4 സിക്‌സും നേടി.വെറും 69 പന്തിലാണ് ഹെഡ് സെഞ്ച്വറി തികച്ചത്.
ഓപ്പണർ റോൾ ഹെഡിന് നൽകി മൂന്നാം നമ്പറിലേക്കിറങ്ങിയ മാർനസ് ലെബുഷെയ്നും (പുറത്താകാതെ 51) ഓസീസിന് ചേസിംഗിൽ മികച്ച സംഭാവന നൽകി. ഹെഡും ലെബുഷെയ്നും കൂടി രണ്ടാം വിക്കറ്റിൽ 92 പന്തിൽ 117 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ബ്രൈഡൻ കാർസ് ഹെഡിനെ ഒല്ലി പോപ്പിന്റെ കൈയിൽ എത്തിച്ച കൂട്ടുകെട്ട് പൊളിക്കുമ്പോൾ ഓസീസ് 192ൽ എത്തിയിരുന്നു. മറ്രൊരു ഓപ്പണർ ജെയ്ക്ക് വെതറാൾഡിനേയും (23) കാർസാണ് പുറത്താക്കിയത്.
ഹെഡിന് പകരമെത്തിയ ക്യാപ്‌ടൻ സ്റ്റീവ് സ്‌മിത്തിനൊപ്പം (പുറത്താകാതെ 2) ലെബുഷെയ്ൻ ടീമിനെ വിജയ തീരത്തെത്തിച്ചു.
ലീഡുണ്ടായിട്ടും
ലീഡറാകാതെ
ഒന്നാം ഇന്നിംഗ്‌സ് ലീഡ് നേടി രണ്ടാം ഇന്നിംഗ്‌സിനിറങ്ങിയ ഇംഗ്ലണ്ടിന് അക്കൗണ്ട് തുറക്കുന്നതിന് മുന്നേ ഓപ്പണർ സാക്സ ക്രോളിയെ (0)( നഷ്ടമായി. ആദ്യ ഓവറിലെ അഞ്ചാം മിച്ചൽ സ്‌റ്റാർക്ക് മനോഹരമായൊരു റിട്ടേൺ കയാച്ചിലൂടെയാണ് ക്രോളിയെ മടക്കിയത്. പിന്നീട് ബെൻ ഡക്കറ്റും (28), ഒല്ലി പോപ്പും പിടിച്ചു നിന്ന് ഇംഗ്ലണ്ടിനെ കരകയറ്രുമെന്ന് തോന്നിച്ചു. എന്നാൽ ടീം സ്കോർ 65ൽ വച്ച് ഡക്കറ്റിനെ സ്കോട്ട് ബോളണ്ട് പുറത്താക്കിയതോടെ ഇംഗ്ലണ്ടിന്റെ തകർച്ച തുടങ്ങി.വാലറ്റത്ത് ഗസ് അറ്റ്‌കിൻസൺന്റെയും (37), ബ്രൈഡൻ കാർസിന്റെയും (20) ചെറുത്തുനില്പാണ് ഇംഗ്ലണ്ടിനെ വൻ നാണക്കേടിൽ നിന്ന് രക്ഷിച്ച് 164ൽ എത്തിച്ചത്. ഓസീസിനായി ബോളണ്ട് നാലും സ്റ്റാർക്ക് ബ്രെൻഡൻ ഡോഗ്ഗറ്റ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും വീഴ്‌ത്തി.
സ്റ്റാർക്കാണ് താരം
ആദ്യ ഇന്നിംഗ്സിൽ ഏഴും രണ്ടാം ഇന്നിംഗ്‌സിൽ മൂന്നും വിക്കറ്റുകളും വീഴത്തിയ ഓസീസ് പേസർ മിച്ച സ്റ്റാർക്കാണ് കളിയിലെ താരം.
26- ടെസ്റ്റ് ചരിത്രത്തിൽ പൂർത്തിയായ മത്സരങ്ങളിൽ രണ്ട് ദിവനസത്തിനുള്ളിൽ അവസാനിച്ച 26മത്തെ മത്സരമായിരുന്നു പെർത്തിലെ ഒന്നാം ആഷസ് ടെസ്റ്റ്. ആഷസ് ചരിത്രത്തിൽ ഏഴാമത്തേതും ഈ നൂറ്റാണ്ടിൽ ആദ്യത്തതും. 104 വർഷം മുമ്പ് 1921ൽ നോട്ടിംഗ്‌ഹാമിൽ നടന്ന മത്സരമാണ് ഇതിന് മുമ്പ് രണ്ട് ദിവസത്തിൽ അവസാനിച്ച ആഷസ് മത്സരം.
847- പന്തുകളാണ് ഈ മത്സരത്തിൽ ആകെ എറിഞ്ഞത്.135 വർഷത്തിനിടെ ആഷസിൽ എറിഞ്ഞ പന്തുകളുടെ കണക്കിൽ ഏറ്റവ ദൈർഘ്യം കുറഞ്ഞ മത്സരമായി പെർത്തിലേത്. എറിഞ്ഞ പന്തുകളുടെ കണക്കിൽ ആഷസ് ചരിത്രത്തിൽ ഏറ്റവും ദൈർഘ്യം കുറഞ്ഞ മൂന്നാമത്തെ മത്സരമായി ഇത്.
2- പുരുഷൻമാരുടെ ആഷസിൽ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് ഇന്നലെ ഓസീസ് ഓപ്പണർ ഹെഡ് നേടിയത് (69 പന്തിൽ ) . ഓസീസ് വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റാണ് (57 പന്തിൽ.2006ൽ) ആഷസിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിക്കുടമ. അതേ സമയം ടെസ്റ്റ് ചരിത്രത്തിൽ നാലാം ഇന്നിംഗ്‌സിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് ഹെഡ് കുറിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |