
തിരുവനന്തപുരം: പതിറ്റാണ്ടുകളായി ചിന്നക്കനാൽ, ശാന്തമ്പാറ പഞ്ചായത്തുകളിലെ സ്ഥിരം ആക്രമണകാരിയായ കാട്ടാനകളിലൊന്നായിരുന്നു അരികൊമ്പൻ. കൊമ്പുകൾക്ക് വലിപ്പം കുറവാണെങ്കിലും ഒത്ത ശരീരമുള്ള ആനയാണിത്. വിരിഞ്ഞ മസ്തകമുള്ള അരികൊമ്പന്റെ മുന്നിൽപ്പെട്ടാൽ ഏത് ആനയും ഒന്നു ചൂളും. റേഷൻകടകളും വീടുകളുടെ അടുക്കളകളും പലചരക്കുകടകളും തകർത്ത് അരി അകത്താക്കുന്നതാണ് ശീലം. അങ്ങനെ വീണ പേരാണ് അരിക്കൊമ്പൻ! ചാക്കുകണക്കിന് അരിയും ഗോതമ്പുമൊക്കെയാണ് ഒറ്റപ്രാവശ്യം ആന അകത്താക്കുന്നത്. 2023ലാണ് അരികൊമ്പനെ കേരളത്തിൽ നിന്ന് പിടികൂടി വനമേഖലയിൽ തുറന്നുവിട്ടത്. ഇന്നും അരികൊമ്പൻ എന്ന ആനയെ മലയാളികൾ മറന്നിട്ടില്ല.
ഇപ്പോഴിതാ അരികൊമ്പനെ മാറ്റുന്ന ഓപ്പറേഷനിൽ മുഖ്യ പങ്ക് വഹിച്ച് ഡോ. അരുൺ സക്കറിയയുടെ അഭിമുഖമാണ് ജനശ്രദ്ധനേടുന്നത്. ഒരു ദേശീയ മാദ്ധ്യമത്തിനാണ് അരികൊമ്പനെക്കുറിച്ച് അദ്ദേഹം വീണ്ടും വെളിപ്പെടുത്തൽ നടത്തിയത്. അരികൊമ്പനെ പിടികൂടാനുള്ള തീരുമാനം ഹെെക്കോടതി എടുത്തതാണെന്നും അന്ന് അരികൊമ്പനെ അവിടെന്ന് മാറ്റിയിരുന്നില്ലെങ്കിൽ ഇന്ന് ആ ആന ജീവിച്ചിരിപ്പുണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
'അരികൊമ്പനെ മാറ്റാനുള്ള തീരുമാനം എടുത്തത് ഹെെക്കോടതിയാണ്. അരികൊമ്പൻ അവിടെ തന്നെ തുടർന്നിരുന്നുവെങ്കിൽ ഇന്ന് ആ ആന ജീവനോടെ ഉണ്ടാകുമായിരുന്നില്ല. കാരണം അത് ചിലപ്പോൾ വിഷപ്രയോഗത്തിൽ കൊല്ലപ്പെട്ടുപോകുമായിരുന്നു. മൃഗസ്‌നേഹവും ആവാസ വ്യവസ്ഥയുടെ സംരക്ഷണവും വ്യത്യസ്തമാണ്. മൃഗസ്നേഹികൾ അരികൊമ്പന്റെ ക്ഷേമം ആഗ്രഹിച്ചപ്പോൾ ഞാൻ അതിന്റെ സംരക്ഷണമാണ് ആഗ്രഹിച്ചത്. ആനകൾക്ക് വെെകാരിക ബന്ധമുണ്ട്. ശരിക്കും ആനകളുടെ അതിജീവന രീതിയാണ് അത്. ഇത് അവയുടെ അതിജീവനത്തിന്റെ മറ്റൊരു തലമാണ്. നമ്മൾക്ക് ഇതിലെ ശരിയോ തെറ്റോ പറയാൻ കഴിയില്ല. എന്നാൽ മനുഷ്യന്റെ കാഴ്ചപ്പാടിലൂടെ മാത്രം നമുക്ക് എല്ലാം വിലയിരുത്താനും കഴിയില്ല'- അദ്ദേഹം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |