
തിരുവനന്തപുരം: ഒരു യൂണിറ്റ് പുരപ്പുറ സോളാർ വൈദ്യുതിക്ക് കെ.എസ്.ഇ.ബി നൽകുന്നത് 2.79 രൂപ മാത്രം. പുറത്ത് നിന്നുള്ള വൈദ്യുതിക്ക് നൽകുന്നത് യൂണിറ്റിന് 4.34 രൂപയും. എന്നിട്ടും കുറഞ്ഞ വിലയുള്ള സോളാറിനോട് മുഖം തിരിക്കുകയാണ്.
പുതിയ ചട്ടങ്ങളിൽ നിലവിലുള്ള സോളാർ ഉത്പാദകർക്ക് 3.08 രൂപയാണ് നിശ്ചയിച്ചത്. പുതിയ ഉത്പാദകർക്ക് 2.79 രൂപയും. ഇത് ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിയുടെ ശരാശരി വില സോളാർ വൈദ്യുതിക്ക് നൽകണമെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വ്യവസ്ഥ.
സോളാർ വൈദ്യുതി കൈമാറ്റം ചെയ്തതിന്റെ സെറ്റിൽമെന്റ് സമയം ഒക്ടോബറിൽ നിന്ന് മാർച്ച് 30ലേക്ക് മാറ്റിയും സോളാർ ഉത്പാദകരെ പ്രഹരിച്ചു.
ഓരാേമാസവും ഉത്പാദിപ്പിക്കുന്നതിൽ മിച്ചം വരുന്നത് കണക്കുകൂട്ടിവച്ചിട്ടാണ് മാർച്ച് 31ന് അതുവരെയുള്ള ഇടപട് തീർക്കുന്നത്. ഇതോടെ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വേനൽക്കാലമായ ഏപ്രിലിലും മേയിലും സോളാർ ഉത്പാദകർക്ക് മിച്ചശേഖരം ഉണ്ടാവില്ല. അധികം ഉപയോഗിക്കേണ്ടിവരുന്നത് മിക്കവാറും കെ.എസ്.ഇ.ബിയുടെ ഉയർന്ന വിലയുള്ള വൈദ്യുതി ആകും. സെറ്റിൽമെന്റ് ഒക്ടോബറിൽ ആയിരുന്നപ്പോൾ,തുടർന്നുള്ള മാസങ്ങളിലെ മിച്ചം വേനൽക്കാലത്ത് ഉപയോഗിക്കാൻ കഴിയുമായിരുന്നു.
പുറത്തുള്ളനിരക്ക് സാധാരണക്കാരൻ താങ്ങില്ല
കെ.എസ്.ഇ.ബിയുടെ പിടിപ്പുകേട് കാരണമാണ് കഴിഞ്ഞവർഷം യൂണിറ്റിന് 4.34 രൂപ നിരക്കിൽ പുറത്ത് നിന്ന് വൈദ്യുതി വാങ്ങിയതെന്നാണ് റെഗുലേറ്ററി കമ്മിഷന്റെ വാദം. ഈ വില പുരപ്പുറം സോളാർ പദ്ധതിക്ക് നൽകിയാൽ ഉത്പാദകർക്ക് ലാഭമുണ്ടാകും. എന്നാൽ, പുറത്ത് നിന്ന് അധിക വിലയ്‌ക്ക് വാങ്ങുന്ന വൈദ്യുതിയുടെ നിരക്ക് സാധാരണ ഉപഭോക്താക്കൾക്ക് ബാധ്യതയാണെന്നും സോളാറിന് നൽകാൻ കഴിയില്ലെന്നും കമ്മിഷൻ പറയുന്നു. പുറമേ നിന്ന് വൈദ്യുതി അമിത വിലയ്ക്ക് വാങ്ങുമ്പോഴുള്ള ചെലവ് താരിഫിലും സർചാർജ്ജായും ഈ ടാക്കുമ്പോൾ ഉപഭോക്താക്കളുടെ ബാദ്ധ്യതയെ കുറിച്ച് മിണ്ടാറില്ല.
വില കുറച്ച് സോളാർ വൈദ്യുതിക്ക് താരിഫ് നിർണയിച്ചതിനെതിരെ കൊച്ചി സ്വദേശിയായ ജെയിംസ്‌കുട്ടി തോമസ്, തിരുവനന്തപുരം സ്വദേശികളായ വി. സുരേഷ്‌കുമാർ, മോഹൻവർഗീസ്, ടി. സാബു എന്നിവർ റെഗുലേറ്ററി കമ്മിഷന് പരാതി നൽകിയിട്ടുണ്ട്. ഇതിൻമേൽ പൊതുതെളിവെടുപ്പ് ഡിസംബർ മൂന്നിന് നടത്തും.
വേണ്ടത് 33,218 ദശലക്ഷം യൂണിറ്റ്
വർഷംസംസ്ഥാനത്തിന് വേണ്ട വൈദ്യുതി- 33,218 ദശലക്ഷം യൂണിറ്റ്
ജലവൈദ്യുതി ഉത്പാദനം- 7549.29 ദശലക്ഷം യൂണിറ്റ്
പുരപ്പുറ സോളാറിലൂടെ ലഭിക്കുന്നത്: 1246- 2044 ദശലക്ഷം യൂണിറ്റ്
പുറത്തുന്ന് വാങ്ങുന്നത്- ബാക്കി 25,442.56 ദശലക്ഷം യൂണിറ്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |