
മുംബയ്: ഇന്ത്യ- ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയിൽ ഗില്ലിനും അയ്യർക്കും പകരം മറ്റൊരു താരത്തിനെയാണ് ബിസിസഐ നായകനായി പരിഗണിക്കുന്നത്. കഴുത്തിനേറ്റ പരിക്ക് കാരണം നിലവിലെ ഏകദിന ക്യാപ്ടൻ ശുഭ്മാൻ ഗിൽ ടീമിൽ നിന്ന് പുറത്താണ്. ഈ സാഹചര്യത്തിലാണ് പുതിയ മാറ്റം. ഇതേ തുടർന്ന് ഏകദിന ടീമിനെ നയിക്കാൻ കെ എൽ രാഹുലിനെയാണ് ബിസിസിഐ പരിഗണിക്കുന്നത്.
നവംബർ 30ന് റാഞ്ചിയിലാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. കൊൽക്കത്തയിൽ നടന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിനിടെയാണ് ഗില്ലിന് കഴുത്തിന് പരിക്കേറ്റത്. മൂന്ന് പന്തുകൾ മാത്രം നേരിട്ട ശേഷം ആദ്യ ഇന്നിംഗ്സിൽ റിട്ടയേർഡ് ഹർട്ട് ആയ ഗില്ലിനെ രണ്ടാം ദിനം തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടാം ടെസ്റ്റിനുള്ള കായികക്ഷമത വീണ്ടെടുക്കാൻ അദ്ദേഹത്തിന് സാധിക്കാത്തതിനാൽ നിലവിൽ ഗിൽ മുംബയിൽ ചികിത്സയിലാണ്.
ഏകദിനത്തിൽ ഇന്ത്യയുടെ വൈസ് ക്യാപ്ടനായി ഓസ്‌ട്രേലിയയ്ക്കെതിരായ പരമ്പരയിൽ നിയോഗിച്ചിരുന്ന ശ്രേയസ് അയ്യരും പരിക്കിന്റെ പിടിയിലാണ്. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിലാണ് അയ്യർക്ക് പരിക്കേറ്റത്. അഞ്ച് മാസത്തെ വിശ്രമത്തിന് ശേഷം ഐപിഎല്ലിൽ ആയിരിക്കും അയ്യർ ഇനി കളിക്കുക. അതേസമയം പ്രോട്ടീസിനെതിരായ അഞ്ച് ട്വന്റി- 20 മത്സരങ്ങളടങ്ങിയ പരമ്പരയിലും ഗിൽ കളിക്കുമോ എന്ന കാര്യത്തിൽ സംശയമാണ്. നായകനായ ഗില്ലും ഉപനായകനായ അയ്യരും പുറത്തായതോടെയാണ് കെഎൽ രാഹുലിനെ താൽക്കാലിക ക്യാപ്ടനായി ബിസിസിഐ പരിഗണിക്കുന്നത്.
വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്, കെഎൽ രാഹുൽ, മുൻ ക്യാപ്ടൻ രോഹിത് ശർമ എന്നിവരുടെ പേരുകൾ ആദ്യം അഭ്യൂഹങ്ങളിൽ നിറഞ്ഞു നിന്നിരുന്നെങ്കിലും കെഎൽ.രാഹുലിനാണ് പരിഗണന കൂടുതൽ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ രണ്ടാം ടെസ്റ്റിൽ നിലവിൽ ഋഷഭ് പന്താണ് ഇന്ത്യൻ ടീമിനെ നയിക്കുന്നതെങ്കിലും, ഏകദിന ഫോർമാറ്റിൽ താരം സ്ഥിരസാന്നിദ്ധ്യമല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ഒരേയൊരു ഏകദിന മത്സരം മാത്രമാണ് പന്ത് കളിച്ചത്. ഈ സാഹചര്യത്തിൽ അദ്ദേഹത്തെ ക്യാപ്ടൻ സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സാദ്ധ്യത കുറവാണ്.
അതേസമയം രോഹിത് ശർമയ്ക്ക് പകരമാണ് ശുഭ്മാൻ ഗില്ലിനെ ഏകദിനത്തിലെ സ്ഥിരം നായകനായി ബിസിസിഐ നിയമിച്ചത്. അതിനാൽ, ഗില്ലില്ലാത്തതിനാൽ രോഹിത്തിനെ വീണ്ടും ക്യാപ്ടനാക്കാനുള്ള ശ്രമത്തിന് ബിസിസിഐ മുതിരില്ല. ഇതെല്ലാം കണക്കിലെടുത്താണ് കെഎൽ രാഹുലിന് മുൻഗണന നൽകുന്നത്. മൂന്ന് മത്സരങ്ങൾ ഉൾപ്പെട്ട ഏകദിന പരമ്പരയിൽ രോഹിത് ശർമയും വിരാട് കൊഹ്‌ലിയും വീണ്ടും തിരിച്ചെത്തുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |